രത്നങ്ങളുടെ അമൂല്യശേഖരം ഒളിപ്പിച്ച് കൂബർ പെഡി; ഭൂമിക്കടിയിലെ വിസ്മയ നഗരം!
Mail This Article
കാഴ്ചയ്ക്ക് വെറും തരിശുഭൂമി, മണ്ണിനടിയിൽ പള്ളികളും ബാറുകളുമുള്ള ഒരു നഗരം: രത്നങ്ങളുടെ അമൂല്യശേഖരം ഒളിപ്പിച്ച് കൂബർ പെഡി എന്ന ആശ്ചര്യ ലോകം അപൂർവ രത്ന ശേഖരമുള്ള ഒരു പ്രദേശം. അവിടെ ഭൂമിക്കടിയിൽ എല്ലാ സൗകര്യങ്ങളോടും കൂടി ഒരു ജനവാസ കേന്ദ്രം. പച്ചപ്പു നിറയ്ക്കാൻ ലോഹം കൊണ്ട് നിർമിച്ച വൃക്ഷങ്ങൾ. കേട്ടിട്ട് ഏതോ ഹോളിവുഡ് സിനിമയുടെ സെറ്റോ പഴങ്കഥകളിൽ ഉള്ള സാങ്കൽപിക ലോകമോ ആണെന്ന് കരുതിയെങ്കിൽ തെറ്റി. ഇപ്പോഴും നിരവധി ആളുകൾ ജീവിക്കുന്ന കൂബർ പെഡി എന്ന ഓസ്ട്രേലിയൻ നഗരമാണിത്.
പതിറ്റാണ്ടുകളായി പ്രദേശത്തുള്ളവർ ഭൂമിക്കടിയിൽ തന്നെയാണ് ജീവിക്കുന്നത്. എന്നാൽ മുൻപുള്ള നൂറ്റാണ്ടുകളിൽ ഇവിടുത്തെ ആളുകൾ സാധാരണ ജീവിതം നയിക്കുന്നവർ ആയിരുന്നു. അങ്ങനെയിരിക്കെയാണ് ക്ഷീരസ്ഫടികം (ഒപൽ) എന്നറിയപ്പെടുന്ന അപൂർവ രത്നത്തിന്റെ കലവറയാണ് ഈ പ്രദേശം എന്ന് വില്ലി ഹച്ചിൻസൺ എന്ന വ്യക്തി കണ്ടെത്തുന്നത്. സുതാര്യമായ നിറത്തിൽ മഴവിൽ നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന ഈ അപൂർവ രത്നം തേടി പിന്നീട് നിരവധി ആളുകൾ ഇവിടേയ്ക്ക് എത്തിത്തുടങ്ങി. എന്നാൽ പുറത്തുനിന്നുള്ളവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഇവിടുത്തെ ചൂട്. അതോടെ രത്നം തേടി യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിൽ നിന്നെത്തിയവർ അതിനായി കുഴിച്ച ഭൂഗർഭ ടണലുകൾ വലുതാക്കി മണ്ണിനടിയിൽ താമസം തുടങ്ങി.
പിന്നീട് വന്നവർ ഇതൊരു രീതിയായി പിന്തുടർന്ന് മണ്ണിനടിയിൽ ഒരു നഗരം തന്നെ സൃഷ്ടിക്കുകയായിരുന്നു. 'കൂബ പിറ്റി' എന്ന പുരാതന നാമം തങ്ങൾക്ക് ഉച്ചരിക്കാവുന്ന രീതിയിൽ അവർ 'കൂബർ പെഡി' എന്ന് മാറ്റിയെടുക്കുകയും ചെയ്തു. ഇന്ന് ക്ഷീരസ്ഫടികങ്ങളുടെ തലസ്ഥാനം എന്നാണ് കൂബർ പെഡി അറിയപ്പെടുന്നത്. ഭൂമിക്കടിയിലെ ജീവിതം സാധാരണമായതോടെ പുറത്തു നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ അതേ രീതിയിൽ ഭൂമിക്കടിയിലും വീടുകൾ 'കുഴിച്ച്' തുടങ്ങി. നിരവധി കിടപ്പുമുറികളും സന്ദർശന മുറിയും അടുക്കളയും എല്ലാം ഉള്ള വീടുകളാണ് കൂബർ പെഡിയിലുമുള്ളത്. മണ്ണിനടിയിൽ തന്നെ മൂന്ന് പള്ളികളും ആർട്ട് ഗ്യാലറിയും ബാറുകളും ഹോട്ടലുകളും അടക്കമുള്ള എല്ലാ സൗകര്യങ്ങളും അവർ ഒരുക്കിയിട്ടുണ്ട്.
കൂബർ പെഡി സന്ദർശിക്കാനെത്തുന്നവർക്കായി തങ്ങളുടെ നാടിന്റെ ഏറ്റവും വലിയ പ്രത്യേകതയായ ക്ഷീര സ്ഫടികങ്ങൾ ഹോട്ടലുകളിലെ ഭിത്തികളിൽ വരെ ഇവർ പതിപ്പിച്ചിട്ടുണ്ട്. പുറത്തുനിന്നും ഇവിടെയെത്തുന്നവർക്ക് തരിശായിക്കിടക്കുന്ന വലിയൊരു പ്രദേശമാണെന്നേ ആദ്യകാഴ്ചയിൽ തോന്നുകയുള്ളൂ. നേരിട്ട് സൂര്യപ്രകാശം ലഭിക്കാതെ കൃത്രിമ വെളിച്ചത്തിന്റെ സഹായത്തോടെയുള്ള ജീവിതവുമായി പൊരുത്തപ്പെട്ട് കഴിയാൻ ഇവിടെയുള്ളവർക്ക് സാധിക്കുന്നു.
അതുകൊണ്ടും തീർന്നില്ല. പുറത്തെ അസഹനീയമായ ചൂട് മൂലം ഇവിടെയുള്ളവർക്ക് സാധാരണ കളികളിൽ ഏർപ്പെടാൻ സാധിച്ചിരുന്നില്ല. അതിനും അവർ ഒരു പോം വഴി കണ്ടെത്തി. ഇരുട്ടിൽ തിളങ്ങുന്ന ഗോൾഫ് ബോളുകൾ നിർമ്മിച്ച് രാത്രി കാലങ്ങളിൽ മണ്ണിനു മുകളിൽ എത്തി ഗോൾഫ് കളിച്ചു തുടങ്ങി. താപനില എപ്പോഴും ഉയർന്ന അവസ്ഥയിൽ ആയതുകൊണ്ട് സസ്യങ്ങൾ പോലും ഈ പ്രദേശത്തു വളരാറില്ല. അതിനാൽ അൽപം പച്ചപ്പ് നിറയ്ക്കാൻ ലോഹങ്ങൾ കൊണ്ട് മരങ്ങളുടെ മാതൃകകൾ സൃഷ്ടിച്ച് അവ പുറത്തു സ്ഥാപിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ ചെയ്തത്.
ഇങ്ങനെയൊക്കെ ആണെങ്കിലും സ്ഫടികം കണ്ടെത്തുന്നതിനായി വലിയതോതിൽ കുഴികളെടുത്തത്ത് ഈ പ്രദേശത്തിന് ഇപ്പോഴും ഭീഷണിയായി തുടരുന്നുണ്ട്. കൂബർ പെഡിയുടെ പ്രത്യേകതകൾ മൂലം നിരവധി ഹോളിവുഡ് സിനിമകളിലും ഈ നഗരം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.