മസ്കിന്റെ അരുമകൾ ചില്ലറക്കാരല്ല, സ്വന്തം പേരിൽ ക്രിപ്റ്റോ നാണയമൊക്കെയുണ്ട്!
Mail This Article
അഞ്ച് വമ്പൻ കമ്പനികളുടെ മേധാവിയായ ഇലോൺ മസ്‌ക്കിന് നിരവധി അരുമകളുണ്ട്. ഇതിൽ ഏറ്റവും പ്രമുഖൻ വളർത്തുനായയായ ഫ്ലോകിയാണ്. ആളു ചില്ലറക്കാരനല്ല, സ്വന്തം പേരിൽ ക്രിപ്റ്റോ നാണയമൊക്കെയുള്ള വീരനാണ്. വർഷങ്ങൾക്ക് മുൻപ് തനിക്ക് ഇങ്ങനെയൊരു നായക്കുട്ടിയുണ്ടെന്ന് മസ്ക് പറഞ്ഞിരുന്നു. ഫ്ലോകി എന്നാണ് പേരെന്നും പറഞ്ഞു. തുടർന്ന് അതിന്റെ പേരിൽ ആരൊക്കെയോ ചേർന്ന് ഷിബാ ഫ്ലോകി, ഫ്ലോകി ഇനു, ഫ്ലോകി ഷിബാ തുടങ്ങിയ ക്രിപ്റ്റോ നാണയങ്ങൾ ഇറക്കി.
ഷിബാ ഇനു എന്നു പറയുന്നത് ജപ്പാനിലെ ഒരു നായ ഇനമാണ്. വേട്ടപ്പട്ടിയിനമാണ്. അൽപം സീരിയസായ രീതിയുള്ള നായകൾ. ഫ്ലോകിയും ഈ ഇനത്തിൽ ഉൾപ്പെടുന്നതാണ്. ഷിബാ ഇനു നായകൾ കുറേക്കാലമായി ക്രിപ്റ്റോ നാണയ രംഗത്ത് നിറഞ്ഞുനിൽക്കുന്നുണ്ട്. ഡോഗ് കോയിൻ എന്ന നാണയം ഷിബാ ഇനു നായകളെ അടിസ്ഥാനപ്പെടുത്തിയാണ്. കഴിഞ്ഞ കുറേക്കാലമായി ഇന്റർനെറ്റിൽ ഡോഗ് എന്ന പേരിൽ കുറേ ട്രോളുകൾ പ്രചരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ പ്രതിയോഗിയെ ആക്ഷേപഹാസ്യപരമായി കളിയാക്കാൻ ചില സ്ഥാനാർഥികൾ പോലും ഇവ ഉപയോഗിച്ചെന്നതു ഡോഗ് ട്രോളുകളുടെ ജനകീയത വെളിവാക്കുന്നു.
ഈ ട്രോളുകളുടെ ജനപ്രീതി കണ്ടാണ് ഡോഗ്കോയിൻ വരുന്നത്. നിലവിലുള്ള പ്രശസ്ത ക്രിപ്റ്റോ നാണയങ്ങളായ ബിറ്റ്കോയിൻ, എഥീറിയം തുടങ്ങിയവയെ കളിയാക്കിക്കൊണ്ടു വന്ന ഈ നാണയം പിൽക്കാലത്ത് വൻ ഹിറ്റായി. ഇതിന്റെ വിജയത്തിൽ ഇലൺ മസ്കിനും വലിയ ഒരുപങ്കുണ്ട്. ഡോഗ്കോയിനെപ്പറ്റി അദ്ദേഹം നടത്തിയ ട്വീറ്റുകളും മറ്റും അതിന്റെ വില കുതിക്കുന്നതിനു കാരണമായി.
ഗാറ്റ്സ്ബി എന്ന വലുപ്പമേറിയ ഒരു നായയും മാർവിൻ എന്ന ചെറിയ നായയും മസ്കിനുണ്ട്. ഇതോടൊപ്പം തന്നെ ഷ്രോഡിഞ്ചർ എന്ന പൂച്ചയും ഷ്രെബ് എന്ന ഇത്തിൾപന്നിയും മസ്കിന്റെ അരുമകളാണ്. വിഖ്യാത ഭൗതികശാസ്ത്രജ്ഞനായ ഇർവിന്‍ ഷ്രോഡിഞ്ചറുടെ പേരാണ് മസ്ക് തന്റെ പൂച്ചയ്ക്കു നൽകിയത്.