ആധുനിക കാലത്തെ ഏറ്റവും വലിയ ജീവിനാശം! കൊല്ലപ്പെട്ടത് 40 ലക്ഷം കോമൺ മുറേ പക്ഷികൾ; പിന്നിൽ ‘ബ്ലോബ്’
Mail This Article
ആധുനിക യുഗത്തിലെ ഏറ്റവും വലിയ ജീവിനാശം സംബന്ധിച്ച വിവരങ്ങൾ നൽകി ശാസ്ത്രജ്ഞർ. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ വടക്കുകിഴക്കൻ പസിഫിക് സമുദ്രത്തിൽ ഉടലെടുത്ത ബ്ലോബ് എന്ന പ്രതിഭാസമാണ് 40 ലക്ഷം വരുന്ന കോമൺ മുറേ പക്ഷികളെ കൊന്നൊടുക്കിയത്.
കോമൺ മുറേ പക്ഷികളെ പറക്കുന്ന പെൻഗ്വിനുകൾ എന്നും വിശേഷിപ്പിക്കാറുണ്ട്. കറുപ്പും വെളുപ്പും നിറത്തിൽ കാണപ്പെടുന്ന തൂവൽക്കുപ്പായമാണ് ഇതിനു കാരണം. ഒരിക്കൽ ഇവ പാറക്കെട്ടുകൾ നിറഞ്ഞ തീരങ്ങളിൽ പാർക്കുകയും ഐസ് നിറഞ്ഞ വെള്ളത്തിനു മുകളിലേക്ക് മീനുകൾക്കായി ഊളിയിട്ടിറങ്ങുകയുമൊക്കെ ചെയ്തിരുന്നു. എന്നാൽ ഇന്ന് ഇവയുടെ സംഖ്യ വളരെ പരിതാപകരമായിട്ടുണ്ട്.
ബ്ലോബ് ഉടലെടുത്തതോടെ ഇവയുടെ എണ്ണം വളരെ കുറയാൻ തുടങ്ങി. മുൻപുണ്ടായിരുന്നതിന്റെ നാലിലൊന്നായി ഇവയുടെ സംഖ്യ കുറഞ്ഞു. കടലിലെ വെള്ളത്തിനു ചൂടുപിടിച്ച പ്രതിഭാസമായിരുന്നു ബ്ലോബ്. 4 ഡിഗ്രി സെൽഷ്യസ് വരെ ഈ വിധത്തിൽ ചൂടുകൂടി. ഇത് മൊത്തം ജൈവ വ്യവസ്ഥയെ ബാധിച്ചു. കടലിലെ അടിസ്ഥാന ഭക്ഷ്യമായ ഫൈറ്റോപ്ലാങ്ടണുകൾ കുറഞ്ഞു. ഇത് ഫോറേജ് മത്സ്യങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കി.
കോമൺ മുറേ പക്ഷികളുടെ പ്രധാന ഭക്ഷണമായിരുന്നു ഫോറേജ് മത്സ്യങ്ങൾ. ഇവ നശിച്ചതോടെ പക്ഷികൾ പട്ടിണിയിലായി. അവ ചത്തുവീഴാൻ തുടങ്ങി. 2015–16 കാലയളവിൽ ഇത്തരം പക്ഷികൾ അലാസ്ക മുതൽ കലിഫോർണിയ വരെയുള്ള തീരങ്ങളിൽ ചത്തുവീണെന്നാണു കണക്ക്. യുഎസ് മത്സ്യ, വന്യജീവി സർവീസിലെ ബയോളജിസ്റ്റായ ഹീതർ റെന്നറുടെ പഠനമാണ് കോമൺ മുറേ പക്ഷികളുടെ കൂട്ട വംശനാശം സംബന്ധിച്ച ശരിയായ കണക്കു നൽകിയത്.