പവർഫുൾ ഹിമാലയൻ 450, പ്രീ പ്രൊഡക്ഷൻ ബൈക്ക് വിഡിയോ പുറത്ത്
Mail This Article
ഫോൺ മിറർ ചെയ്യാവുന്ന സ്പീഡോമീറ്ററും ഏഴു തരത്തിൽ ക്രമീകരിക്കാവുന്ന സസ്പെൻഷൻ സെറ്റപ്പുമൊക്കെയായി എത്തുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ 450 പ്രീപ്രൊഡക്ഷൻ ബൈക്കിന്റെ വിഡിയോ പുറത്തുവന്നു. പുതിയ ഹിമാലയൻ 450 ലേ ലെഡാക്കിലൂടെ നെതർലെൻഡ് വ്ലോഗർ ഓടിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. ബൈക്കിന്റെ സാങ്കേതിക വിവരങ്ങൾ അധികമൊന്നും പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിൽ നിന്ന് മുൻ തലമുറ ഹിമാലയൻ ഓടിച്ച് യൂറോപ്പിൽ എത്തിയ ആളാണ് ‘ഇച്ചി ബൂട്സ്’ എന്ന ഈ വ്ലോഗർ.
റോയല്‍ എന്‍ഫീല്‍ഡ് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച ചില രേഖകളിലൂടെ ഹിമാലയന്‍ 450 ബൈക്കിന്റെ ചില വിവരങ്ങള്‍ പുറത്തുവന്നിരുന്നു. രേഖയില്‍ ഹിമാലയന്‍ 452 എന്നാണ് പുതിയ മോഡലിനെ വിശേഷിപ്പിക്കുന്നത്. പുതിയ ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 451.65 സിസിയാണെന്നതാണ് ഹിമാലയന്‍ 452 എന്ന പേരിനു പിന്നില്‍.
8,000 ആര്‍പിഎമ്മിൽ 29.44kW പവർ പുറത്തെടുക്കാന്‍ എന്‍ജിന് സാധിക്കും. ഇതോടെ പുതിയ എന്‍ജിന് 40.02 ബിഎച്ച്പിയാകും കരുത്ത്. നിലവിലെ ഹിമാലയന് 6,500ആര്‍പിഎമ്മില്‍ 24.3 ബിഎച്ച്പിയാണ്. 1,510എംഎം ആണ് പുതു ഹിമാലയന്റെ വീല്‍ ബേസ്. നിലവിലെ മോഡൽ 1,465എംഎം ആണ്. നീളം 2,190 എംഎമ്മി നിന്ന് 2,245എംഎം ആയും വീതി 840 എംഎമ്മില്‍ നിന്നും 852 എംഎം ആയും കൂടിയിട്ടുണ്ട്. ഹാന്‍ഡ്ഗാര്‍ഡുകള്‍ കൂടി വച്ചാല്‍ 900 എംഎം ആയി വീതി വര്‍ധിക്കും.
നിലവിലെ ഹിമാലയന് 199 കിലോഗ്രാമാണ് ഭാരം. ഭാരത്തിന്റെ കാര്യത്തില്‍ പുതിയ മോഡലില്‍ എന്തു വ്യത്യാസം വരുമെന്ന് വ്യക്തമല്ല. നവംബറില്‍ ഹിമാലയന്‍ 452 വിപണിയിലെത്തിയേക്കും. അപ്പോഴാകും വില ഉൾപ്പെടെയുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുക.