'ആനന്ദപുരം ഡയറീസ്' ഇന്നു മുതൽ യൂറോപ്പിൽ പ്രദർശനത്തിന്
Mail This Article
ലണ്ടൻ ∙ ഒരാഴ്ചകൊണ്ട് കേരളത്തിൽ ഏറെ പ്രേക്ഷകപ്രശംസ നേടിയ ആനന്ദപുരം ഡയറീസ് ഇന്നു മുതൽ ബ്രിട്ടനിലും പ്രദർശനത്തിനെത്തുന്നു. വെള്ളിത്തിരയിലും അണിയറയിലും യുകെ മലയാളികൾ നിറസാന്നിധ്യമായ സിനിമയെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ബ്രിട്ടനിലെ സിനിമാ പ്രേമികളായ മലയാളികൾ. സമൂഹമാധ്യമങ്ങളിലൂടെയും മാധ്യമ വിശകലനങ്ങളിലൂടെയും സിനിമയെക്കുറിച്ച് കേട്ടറിഞ്ഞവർ നേരത്തെതന്നെ ടിക്കറ്റുകൾ ബുക്കുചെയ്തുള്ള കാത്തിരിപ്പിലാണ്.
ക്യംപസ് പശ്ചാത്തലത്തിൽ കാലികപ്രസക്തമായ ഒട്ടേറെ വിഷയങ്ങളെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്ന സിനിമയാണ് ആനന്ദപുരം ഡയറീസ്. വയനാട് പൂക്കോട്ട് വെറ്റിറനറി കോളജിലാണ് സിനിമയുടെ നല്ലൊരു ഭാഗവും ചിത്രീകരിച്ചത്. ക്യംപസുകളിലെ റാഗിങ്, ലഹരിമരുന്ന് ഉപയോഗം, കുറ്റകൃത്യങ്ങൾ, രക്ഷിതാക്കളുടെ അശ്രദ്ധ, അധികൃതരുടെ അനാസ്ഥ തുടങ്ങിയവയെല്ലാം ഈ ചിത്രത്തിൽ ചർച്ചചെയ്യപ്പെടുന്നു നീൽ പ്രോഡക്ഷൻസിന്‍റെ ബാനറിൽ ചിത്രത്തിന്‍റെ കഥയെഴുതിയിരിക്കുന്നതും നിർമിച്ചിരിക്കുന്നതും യുകെ മലയാളിയായ ശശി ഗോപാലൻ നായരാണ്. പ്രമുഖ താരങ്ങളായ മനോജ് കെ. ജയൻ, മീന, ശ്രീകാന്ത് എന്നിവർക്കൊപ്പം യുകെ മലയാളികളായ മുരളി വിദ്യാധരൻ, ഡോ.അർലിൻ ജിജോ, അഷിൻ ജിജോ, തുടങ്ങിയവർ ചിത്രത്തിൽ ശ്രദ്ധേയമായ റോളുകളിലുണ്ട്. ഇംഗ്ലണ്ടിലെ ന്യൂകാസിലിൽ നിന്നുള്ള സഹോദരിമാരാണ് അർലിനും അഷിനും. കോട്ടയം കല്ലറ മാധവപ്പള്ളിൽ ജിജോ-സിസി ദമ്പതികളുടെ മക്കളാണ്.
ചിത്രത്തിലെ പാട്ടുകൾക്ക് ഷാൻ റഹ്മാനോടൊപ്പം സംഗീതം നൽകിയിരിക്കുന്നതും യുകെ മലയാളിയായ ആൽബർട്ട് വിജയനും മകൻ ജാക്സൺ വിജയനുമാണ്. നവാഗത സംവിധായകരിൽ ശ്രദ്ധേയ സാന്നിധ്യമായ ജയ ജോസ് രാജ് ഒരുക്കുന്ന ചിത്രത്തിൽ കലാലയത്തിന്‍റെ കളിതമാശകളും നൃത്തവും ക്രിക്കറ്റും പരീക്ഷയും എല്ലാമുണ്ട്. കോളജ് പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ റോഷൻ റഹൂഫ്, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സിദ്ധാർത്ഥ് ശിവ, ജാഫർ ഇടുക്കി, മാലാ പാർവതി, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ക്യാമറ- സജിത് പുരുഷൻ. പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. പശ്ചാത്തല സംഗീതം – രാഹുൽ രാജ്. മനു മഞ്ജിത്ത്, റഫീഖ് അഹമ്മദ് എന്നിവരുടേതാണ് ഗാനങ്ങൾ