‘‘30 കോടിയിലേറെ രൂപ കൊണ്ടുവന്നത് ഭാര്യയുടെ ഭാഗ്യ മൊബൈൽ നമ്പർ’’.– സനൂപ് പറയുന്നു
![sanoop-family-2 sanoop-family-2](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2021/8/4/sanoop-family-2.jpg?w=1120&h=583)
Mail This Article
അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ വലിയ സമ്മാനമായ 30 കോടിയിലേറെ രൂപ കൊണ്ടുവന്നത് ഭാര്യയുടെ ഭാഗ്യ മൊബൈൽ നമ്പർ. 8 എന്ന അക്കം ആവർത്തിക്കുന്ന ഈ ഇന്ത്യൻ നമ്പർ നൽകിയതുകൊണ്ടു തന്നെ സനൂപ് സുനിലിനെ ബന്ധപ്പെടാൻ ബിഗ് ടിക്കറ്റ് അധികൃതർക്ക് ഇത്തിരി പാടുപെടേണ്ടിയും വന്നു.
ഇന്നലെയാണ് ബിഗ് ടിക്കറ്റിന്റെ 230–ാം സീരീസ് നറുക്കെടുപ്പിൽ ദോഹയിൽ ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന എറണാകുളം വൈറ്റില സ്വദേശി സനൂപ് സുനിലും 19 സഹപ്രവർത്തകരും സമ്മാനം നേടിയത്. ജൂലൈ 13ന് ഓൺലൈനിലൂടെ എടുത്ത 183947 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. സമ്മാനം നേടിയവരെ വിളിച്ച് ബിഗ് ടിക്കറ്റ് സംഘാടക പ്രതിനിധി റിചാർഡ് സർപ്രൈസ് നൽകാറാണ് പതിവ്. സനൂപിനെ പലപ്രാവശ്യം വിളിച്ചെങ്കിലും ഫോൺ കണക്ട് ആയിരുന്നില്ല.
ആദ്യമായിട്ടാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. നാട്ടിൽ ചെല്ലുമ്പോൾ ലോട്ടറി ടിക്കറ്റുമായി വരുന്നവരുടെ ദയനീയത കണ്ട് ടിക്കറ്റ് എടുക്കുമായിരുന്നു. പക്ഷേ, ഇതുവരെ സമ്മാനമൊന്നും ലഭിച്ചിട്ടില്ല. പലപ്പോഴും ടിക്കറ്റെടുത്ത കാര്യം മറന്നു പോകാറുമുണ്ടായിരുന്നു-സനൂപ് മനോരമ ഓൺലൈനിനോട് ടെലിഫോണിലൂടെ പറഞ്ഞു. കഴിഞ്ഞ 7 വർഷമായി ദോഹയിലെ ലുലുവിൽ ബയറായ സനൂപ് കഴിഞ്ഞ സെപ്റ്റംബറിൽ ജോലി മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയതാണ്. പക്ഷേ, ലുലു അധികൃതർ വീണ്ടും ആവശ്യപ്പെട്ടപ്പോൾ തിരിച്ചുചെന്ന് ജോലിയിൽ പ്രവേശിച്ചു. സഹപ്രവർത്തകരിൽ ചിലരാണ് ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാൻ നിർബന്ധിച്ചത്. അതിനു വഴങ്ങുകയും തന്റെ പേരിൽ തന്നെ ഓൺലൈനിലൂടെ ടിക്കറ്റ് വാങ്ങുകയുമായിരുന്നു.
![sanoop-sanil-family sanoop-sanil-family](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2021/8/4/sanoop-sanil-family.jpg)
ഭാര്യയുടെ പ്രത്യേക നമ്പർ ഭാഗ്യം കൊണ്ടുവരുമെന്ന് മനസ്സ് പറഞ്ഞിരുന്നു. എന്നേക്കാളേറെ ഭാര്യ ശ്രീക്കുട്ടിക്കായിരുന്നു വിശ്വാസം. അതുതന്നെ സംഭവിച്ചു. ഇന്നലെ വൈകിട്ട് ഓഫിസിൽ നിന്നു സഹപ്രവർത്തകനോടൊപ്പം കാറിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു നറുക്കെടുപ്പ്. അതു തത്സമയം കണ്ടപ്പോൾ രണ്ടാം സമ്മാനമായ കുഞ്ഞൂഞ്ഞിന്റെ പേര് പറയുന്നതാണ് കേട്ടത്. അതോടെ അതാണ് ഒന്നാം സമ്മാനമെന്നുന്ന് കരുതി. പിന്നീടാണ് ഞങ്ങൾക്കാണ് 15 ദശലക്ഷം ദിർഹം സമ്മാനം എന്നു തിരിച്ചറിഞ്ഞത്. എല്ലാവർക്കും വലിയ സന്തോഷം തോന്നി. അതിന് ശേഷമാണ് ഭാര്യയുടെ ഫോണിലേയ്ക്ക് ബിഗ് ടിക്കറ്റുകാർ വിളിച്ചിരിക്കാമെന്ന് ഓർത്ത് ഫോൺ സ്വിച്ച് ഓൺ ചെയ്തത്. ഉടൻ തന്നെ വിളി എത്തുകയും ചെയ്തു. തുക തുല്യമായി പങ്കിടാനാണ് തീരുമാനം. മറ്റു കാര്യങ്ങളൊന്നും ആലോചിച്ചിട്ടില്ല. ചലച്ചിത്ര നടൻ ഹരിശ്രീ അശോകന്റെ മകളാണ് ശ്രീക്കുട്ടി. ഏക മകൻ ദേവദത്തിന് മൂന്നു വയസ്സ്.
ഇന്നലെ തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളിൽ മലയാളിയായ ജോൺസൺ കുഞ്ഞുകുഞ്ഞുവിന് 10 ലക്ഷം ദിർഹവും ഇന്ത്യക്കാരനായ റെനാൾഡ് ഡാനിയേലിന് 1,00000 ദിർഹവും സമ്മാനം ലഭിച്ചു.
English Summary : Abu Dhabi Big Ticket winner Sanoop Sunil expresses his happiness