ഒമാനിൽ 46 വിദേശ വിദ്യാലയങ്ങൾ; 61,704 വിദ്യാർഥികൾ
Mail This Article
മസ്കത്ത് ∙ ഒമാനില്‍ ഇന്ത്യന്‍ സ്കൂളുകളില്‍ ഉള്‍പ്പെടെ 46 രാജ്യാന്തര വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ദേശീയ സ്ഥിതി വിവര കേന്ദ്രം. 2023 - 2024 അധ്യായന വര്‍ഷത്തില്‍ 61,704 ആയിരുന്നു വിദ്യാര്‍ഥികളുടെ എണ്ണം. 2,935 അധ്യാപകര്‍ ജോലി ചെയ്യുന്നു. 1,835 ക്ലാസ് മുറികളാണ് രാജ്യാന്തര വിദ്യാലയങ്ങളില്‍ ഉള്ളത്.
വിദേശ സ്കൂളുകളില്‍ ഭൂരിഭാഗവും മസ്കത്ത് ഗവര്‍ണറേറ്റിലാണ്, 21 എണ്ണം. ദോഫാറില്‍ അഞ്ചും വടക്കന്‍ ബാത്തിനയില്‍ ആറും സ്കൂളുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. അതേസമയം, സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം ഉയരുകയാണ്. 2022 - 23 അധ്യായന വര്‍ഷം 57,054 വിദ്യാര്‍ഥികളായിരുന്നു ഇത്രയും സ്കൂളുകളിലായി പഠനം നടത്തിയിരുന്നത്. 2022 - 21 അധ്യായന വര്‍ഷം 50,836ഉം തൊട്ടു മുമ്പുള്ള അധ്യായന വര്‍ഷം 56,206ഉം വിദ്യാര്‍ഥികളായിരുന്നു സ്കൂളുകളിലുണ്ടായിരുന്നത്.
അതേസമം, 2019 - 20 അധ്യായന വര്‍ഷം 63,145 വിദേശ വിദ്യാര്‍ഥികള്‍ പഠനം നടത്തിയിരുന്നു. എന്നാല്‍, കോവിഡ് മഹാമാരിക്കാലത്തും തുടര്‍ന്നുള്ള അധ്യായന വര്‍ഷത്തിലും കുട്ടികളില്‍ കുറവുണ്ടായി. പ്രവാസി കുടുംബങ്ങള്‍ പലരും നാടണഞ്ഞത് ഇതിന് കാരണമായി. കോവിഡിന് ശേഷം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വീണ്ടും പഴയ നിലയിലേക്ക് ഉയര്‍ന്നുവരികയാണ്. ഇക്കാലയളവില്‍ അധ്യാപകരുടെ എണ്ണത്തിലും സമാന മാറ്റമുണ്ടായി. നടപ്പ് അധ്യായന വര്‍ഷത്തില്‍ ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളില്‍ 3,400 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം അനുവദിച്ചത്.