റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഇന്ത്യൻ സമൂഹം
![indian-community-celebrating-republic-day-uae 1. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അബുദാബി ഇന്ത്യൻ എംബസിയിൽ സ്ഥാനപതി സഞ്ജയ് സുധീർ ദേശീയ പതാക ഉയർത്തുന്നു. 2. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ദേശീയ പതാക ഉയർത്തിയപ്പോൾ.](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2025/1/28/indian-community-celebrating-republic-day-uae3.jpg?w=1120&h=583)
Mail This Article
അബുദാബി/ദുബായ് ∙ വർണാഭമായ പരിപാടികളോടെ യുഎഇയിലെ ഇന്ത്യൻ സമൂഹവും ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അബുദാബി ഇന്ത്യൻ എംബസിയിൽ സ്ഥാനപതി സഞ്ജയ് സുധീറും ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും ദേശീയ പതാക ഉയർത്തി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ റിസന്ദേശം ഇംഗ്ലിഷിലും ഹിന്ദിയിലും വായിച്ചുകേൾപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
പ്രവാസി ഇന്ത്യക്കാർക്കായി നയതന്ത്ര കാര്യാലയങ്ങൾ നൽകുന്ന സേവനങ്ങളെക്കുറിച്ചും ഐഐടി ഡൽഹി – അബുദാബി ഉൾപ്പെടെ യുഎഇയിൽ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ചും സ്ഥാനപതി എടുത്തുപറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് എന്നിവയുടെ ക്യാംപസുകൾ ഈ വർഷം ദുബായിൽ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രവാസി ഇന്ത്യക്കാർക്കായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഭാരത് കോ ജാനിയേ (ഇന്ത്യയെ അറിയുക) ക്വിസിൽ യുഎഇയിലെ ജേതാക്കളെ ആദരിച്ചു.
ഇന്ത്യൻ ഭരണഘടന വാദ്ഗാനം ചെയ്യുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി സ്വയം സമർപ്പിക്കണമെന്ന് പ്രവാസി ഇന്ത്യക്കാരോട് കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ അഭ്യർഥിച്ചു. സൈബർ തട്ടിപ്പുകളിൽ ഇരകളാകുന്നത് തടയാൻ കെഎംസിസിയുമായി സഹകരിച്ച് തൊഴിലാളികൾക്കായി സൈബർ ബോധവൽക്കരണവും ഡിജിറ്റൽ സാക്ഷരതാ സെഷനുകളും ആരംഭിക്കുമെന്ന് പറഞ്ഞു. വിവിധ എമിറേറ്റുകളിലെ അംഗീകൃത ഇന്ത്യൻ സംഘടനാ ആസ്ഥാനങ്ങളിലും പ്രത്യേക പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
![indian-community-celebrating-republic-day-uae6 റിപ്പബ്ലിക് ദിനാഘോഷം ദുബായ് ഇൻകാസ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ ഉദ്ഘാടനം ചെയ്യുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2025/1/28/indian-community-celebrating-republic-day-uae6.jpg)
ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി
ദുബായ് ∙ ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’ എന്ന സന്ദേശത്തോടെ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബാബുരാജ് കാളിയത്ത് മുഖ്യ പ്രഭാഷണം നടത്തി. ഇൻകാസ് യുഎഇ ജനറൽ സെക്രട്ടറി സി.എ ബിജു, ഗ്ലോബൽ നേതാക്കളായ മോഹൻദാസ് ആലപ്പുഴ, ടൈറ്റസ് പുലൂരാൻ, നാദർഷ എറണാകുളം, പ്രജീഷ് ബാലുശ്ശേരി, സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റുമാരായ ബി.പവിത്രൻ, ബാലകൃഷ്ണൻ അല്ലിപ്ര, ഭാരവാഹികൾ ആയ ഇക്ബാൽ ചെക്യാട്, രാജു ഡാനിയേൽ, സുലൈമാൻ കറുത്തക്ക, സജി ബേക്കൽ, ഷംഷീർ നാദാപുരം, പ്രജീഷ് വിളയിൽ, അഹമ്മദ് അലി, സാദിക്ക് അലി, സുനിൽ നമ്പ്യാർ, കെ.ബിനിഷ് , ജിബിൻ ജോഷി, ഫൈസൽ തങ്ങൾ, ഉമേഷ് വെള്ളൂർ എന്നിവർ പ്രസംഗിച്ചു. നാട്ടിലെ ഭൂമി വിൽപനയിൽ കേന്ദ്ര സർക്കാർ പ്രവാസികൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന പുതിയ നികുതിയിൽ സമ്മേളനം പ്രതിഷേധിച്ചു.
![indian-community-celebrating-republic-day-uae5 ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ റിപ്പബ്ലിക് ദിനാഘോഷവും ആധ്യാത്മിക സംഘടനകളുടെ പ്രവർത്തന ഉദ്ഘാടനവും സഹവികാരി ഫാ. ജിജോ പുതുപ്പള്ളി നിർവഹിക്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2025/1/28/indian-community-celebrating-republic-day-uae5.jpg)
സെന്റ് ഗ്രിഗോറിയോസ് പള്ളി, ഷാർജ
ഷാർജ ∙ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ യുവജന പ്രസ്ഥാനം, മർത്ത മറിയം സമാജം, എംജിഒസിഎസ്എം എന്നിവയുടെ പ്രവർത്തനവും റിപ്പബ്ലിക് ദിനാഘോഷവും സഹവികാരി ഫാ. ജിജോ പുതുപ്പള്ളി ഉദ്ഘാടനം ചെയ്തു.
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ അനുസ്മരണവും നടത്തി. ഇടവക ഭാരവാഹികളായ ട്രസ്റ്റി പ്രസാദ് ഫിലിപ്പ് വർഗീസ്, സെക്രട്ടറി ബിജി കെ.ഏബ്രഹാം, ഡൽഹി ഭദ്രാസന കൗൺസിൽ അംഗം മാത്യു വർഗീസ്, യുവജനപ്രസ്ഥാനം സെക്രട്ടറി ജോബിൻ വർഗീസ്, മർത്ത മറിയം വനിതാസമാജം ജോയിന്റ് സെക്രട്ടറി റേച്ചൽ സാമുവൽ, എംജിഒസിഎസ്എം വൈസ് പ്രസിഡന്റ് ജമിമ മറിയം ജോർജ് എന്നിവർ പ്രസംഗിച്ചു.