ഹിജ്റി മാസമായ ഷഅബാൻ ജനുവരി 31ന് ആരംഭിക്കും

Mail This Article
അബുദാബി ∙ യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ ഇന്ന് ശഅബാൻ നിലാവ് കണ്ടതനുസരിച്ച് അടുത്ത അറബിക് മാസം (റമസാന് തൊട്ടു മുന്പുള്ള മാസം) ഔദ്യോഗികമായി നാളെ (31) ആരംഭിക്കും. യുഎഇ ഇന്റർനാഷനൽ അസ്ട്രോണമി സെന്റർ (ഐഎസി)യാണ് ഹിജ്‌റ വർഷം 1446ലെ ശഅബാൻ ചന്ദ്രക്കല കണ്ടതായി പ്രഖ്യാപിച്ചത്. അബുദാബിയിലെ അൽ ഖാതെം അസ്‌ട്രോണമിക്കൽ ഒബ്‌സർവേറ്ററിയിൽ നിന്ന് രാവിലെ 9.30ന് നിലാവിന്ർെ ചിത്രം പകർത്തി. സൂര്യനിൽ നിന്ന് ചന്ദ്രന്റെ ദൂരം 10.5 ഡിഗ്രിയാണെന്ന് നിരീക്ഷണ സംഘം വ്യക്തമാക്കുകയും ചെയ്തു.
ഇസ്‌ലാമിക കലണ്ടറിലെ എട്ടാം മാസമാണ് ശഅബാൻ, ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾ വ്രതമാസമായ റമസാന് വേണ്ടി തയാറെടുക്കുന്ന വേളയാണിത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ച് ഇസ് ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. ശഅബാൻ 29ന് റമസാൻ ഔദ്യോഗികമായി ആരംഭിക്കുന്നത് എന്നാണെന്ന് തീരുമാനിക്കാൻ ഔദ്യോഗിക ചന്ദ്രദർശന സമിതികൾ യോഗം ചേരും.

ഈ വർഷം, റമസാൻ മാർച്ച് 1 ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇത് എപ്പോഴും ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ചിരിക്കുന്നു. യുഎഇ കൂടാതെ, ഒമാൻ, സൗദി, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലും നാളെയാണ് ശഅബാൻ ആരംഭം.