ഒമാനിൽ വാഹനങ്ങളുടെ എണ്ണം ഉയരുന്നു; ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന നിർദേശം കനപ്പിച്ച് അധികൃതർ

Mail This Article
മസ്‌കത്ത് ∙ പൊതുജനങ്ങൾ ഗതാഗത സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഒമാൻ ഗതാഗത വകുപ്പ് അധികൃതർ നിർദേശിച്ചു. രാജ്യത്ത് വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് അപകടങ്ങൾ ഒഴിവാക്കാൻ ഗതാഗത സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതരുടെ ഓർമപ്പെടുത്തൽ.
ദേശീയ സ്ഥിതി വിവര കേന്ദ്ര (എന്‍ സി എസ് ഐ) ത്തിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഡിസംബറില്‍ ഒമാനിലെ വാഹനങ്ങളുടെ എണ്ണം 1,753872 ആയി ഉയര്‍ന്നിരുന്നു. വാഹനങ്ങളുടെ എണ്ണം കൂടുമ്പോള്‍ അപകട നിരക്കും ഉയരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപകടങ്ങളില്‍ 9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ആധുനിക ഹൈവേകള്‍, കാല്‍നട പാലങ്ങള്‍, നൂതന ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വികസനം ഉള്‍പ്പെടെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉണ്ടായിട്ടും അപകട നിരക്കുയരുന്നത് ആശങ്കപ്പെടുത്തുന്നതാണ്.
അശ്രദ്ധമായ ഡ്രൈവിങ്, ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം, തെറ്റായ രീതിയിലുള്ള ഓവര്‍ടേക്കിങ്, മറ്റ് വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാതിരിക്കല്‍ തുടങ്ങിയവ പ്രധാന അപകട കാരണങ്ങളായി റപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ചില അപകടങ്ങള്‍ വാഹനങ്ങളുടെ സാങ്കേതിക, എന്‍ജിനിയറിങ്, മെക്കാനിക്കല്‍ തകരാറുകള്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലവും സംഭവിക്കുന്നുണ്ട്.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഡ്രൈവര്‍മാരും കാല്‍നട യാത്രക്കാരും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ട്രാഫിക് സിഗ്നലുകളില്‍ ക്രമം നിലനിര്‍ത്തുകയും കൂട്ടിയിടികള്‍ തടയുകയും ട്രാഫിക് ലൈറ്റുകളും റോഡ് അടയാളങ്ങളും പാലിക്കുകയും വേണമെന്നും വാഹനമോടിക്കുമ്പോള്‍ റോഡില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.