ദുബായിൽ കുരുക്കിലാകാതിരിക്കാൻ നേരത്തേ പുറപ്പെടണേ; നിർദേശവുമായി അധികൃതർ

Mail This Article
ദുബായ് ∙ പെരുന്നാൾ ആഘോഷത്തിനും യാത്രകൾക്കുമായി ആയിരക്കണക്കിനു വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ ദുബായിലെ റോഡുകൾ തിരക്കിലമർന്നു. കുരുക്കിൽപെടാൻ സാധ്യതയുള്ളതിനാൽ നേരത്തേ പുറപ്പെടണമെന്നു ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നിർദേശം നൽകിയിരുന്നു. എയർപോർട്ട് റോഡ്, റാഷിദിയ റോഡ് എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്കുണ്ടായത്.
പുലർച്ചെ 4 മുതൽ രാവിലെ 10 വരെയും വൈകിട്ട് 6 മുതൽ രാത്രി 11 വരെയുമാണ് ഈ റോഡുകളിൽ തിരക്കുള്ളതെന്നും ഈ സമയങ്ങളിൽ മറ്റു യാത്രക്കാർ ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
സുഗമയാത്രയ്ക്കായി മെട്രോ സമയം നീട്ടി
തിരക്ക് കണക്കിലെടുത്ത് ദുബായ് മെട്രോ നാളെ പുലർച്ചെ ഒന്നുവരെ സർവീസ് നടത്തും.
കൂടുതൽ ഇന്റർസിറ്റി ബസ് സർവീസുകൾ
ഇന്റർസിറ്റി ബസ് സർവീസുകളുടെ എണ്ണം കൂട്ടിയത് ഒട്ടേറെപ്പേർക്ക് ആശ്വാസമായി. മുൻ വർഷങ്ങളിലെ പോലെ മണിക്കൂറുകളോളം ബസിനായി കാത്തുനിൽക്കേണ്ടത് ഒഴിവായി. ദുബായ്-അബുദാബി റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നടത്തിയത് വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ യാത്രക്കാരെ സഹായിച്ചു. നിശ്ചിതസമയത്തു ബസ് പുറപ്പെടുന്ന പതിവുരീതി മാറ്റി യാത്രക്കാർ നിറയുന്നത് അനുസരിച്ചാണ് സർവീസ് നടത്തിയിരുന്നത്.
അതേസമയം, ദുബായ് ജാഫിലിയയിൽനിന്ന് അബുദാബി മുസഫയിലേക്കുണ്ടായിരുന്ന ബസ് സർവീസ് നിർത്തിയതിനാൽ പലർക്കും മെട്രോയിൽ ഇബ്ൻ ബത്തൂത്ത സ്റ്റേഷനിലെത്തി അവിടെനിന്ന് അബുദാബി സിറ്റി സെൻട്രലിലേക്കും സിറ്റിയിൽനിന്ന് മുസഫയിലേക്കും ബസുകൾ മാറികയറി യാത്ര ചെയ്യേണ്ടിവന്നു.