അപ്രതീക്ഷിതമായ കുലുക്കം: 6 പേർക്ക് പരുക്ക്, യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന് അടിയന്തര ലാൻഡിങ്
![united-airlines-flight-from-nigeria-forced-to-make-emergency-landing യുണൈറ്റഡ് എയർലൈൻസിന്‍റെ ഫ്ലൈറ്റ് 613ൽ നിന്നുള്ള ദൃശ്യങ്ങൾ. Image Credit:X/fl360aero](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2025/1/27/united-airlines-flight-from-nigeria-forced-to-make-emergency-landing.jpg?w=1120&h=583)
Mail This Article
വാഷിങ്‌ടൻ ഡിസി∙ വാഷിങ്‌ടൻ ഡിസിയിലേക്ക് പോകുകയായിരുന്ന യുണൈറ്റഡ് എയർലൈൻസിന്‍റെ ഫ്ലൈറ്റ് 613ൽ വ്യോമയാനത്തിനിടെയുണ്ടായ അപ്രതീക്ഷിതമായ കുലുക്കത്തെത്തുടർന്ന് ആറ് പേർക്ക് പരുക്ക്. സംഭവത്തെ തുടർന്ന് വിമാനം ലാഗോസിൽ അടിയന്തര ലാൻഡിങ് നടത്തി. 245 യാത്രക്കാരുമായി പറന്നുയർന്ന ബോയിങ് 787-8 വിമാനം, സാങ്കേതിക തകരാറിനെത്തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം ലാഗോസിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ഫ്ലൈറ്റ് റഡാർ 24 ഡാറ്റ പ്രകാരം, പറന്നുയർന്ന് 93 മിനിറ്റിനുശേഷം വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതായി കാണിക്കുന്നു. വിമാനത്തിനുള്ളിൽ ഭക്ഷണവും ട്രേകളും വ്യക്തിഗത വസ്തുക്കളും ചിതറിക്കിടക്കുന്നതായി യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളിൽ കാണാം. നാല് യാത്രക്കാർക്കും രണ്ട് ഫ്ലൈറ്റ് അറ്റൻഡന്‍റുമാർക്കും നിസാര പരുക്കുകൾ സംഭവിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെട്ടെന്നുണ്ടായ കുലുക്കത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. കാരണം കണ്ടെത്താൻ യുണൈറ്റഡ് എയർലൈൻസ് അമേരിക്കയിലെയും നൈജീരിയയിലെയും വ്യോമയാന അധികൃതരുമായി സഹകരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ലാഗോസിൽ നിന്ന് വാഷിങ്ടണിലെ ഡുള്ളസ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള അതേ യാത്രയിൽ ചൊവ്വാഴ്ചയും ഇതേ വിമാനം വഴിതിരിച്ചുവിട്ടിരുന്നു. ഫ്ലൈറ്റിൽ 89 മിനിറ്റ് കഴിഞ്ഞ് ഏകദേശം 1,000 അടി താഴേക്ക് പതിച്ച വിമാനം, ഘാനയിലെ അക്രയിലേക്ക് തിരിച്ചുവിടുകയായിരുന്നു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
കഴിഞ്ഞയാഴ്ച ബോസ്റ്റണിൽ നിന്ന് പറന്നുയർന്ന കാത്തി പസഫിക് വിമാനത്തിലും പുക ഉയർന്നതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തേണ്ടിവന്നു. ഹോങ്കോങ്ങിലേക്ക് പോകുകയായിരുന്ന എയർബസ് എ350-1000 വിമാനം, ഏകദേശം 5,000 അടി ഉയരത്തിൽ വച്ച് പറക്കൽ നിർത്തിവച്ചു. ഇന്ധനം ഒഴിവാക്കിയ ശേഷം വിമാനം ബോസ്റ്റൺ വിമാനത്താവളത്തിൽ തിരിച്ചിറക്കി. അടിയന്തര വാഹനങ്ങൾ വിമാനത്തെ സ്വീകരിച്ചു. മസാച്യുസെറ്റ്സ് പോർട്ട് അതോറിറ്റി അറിയിച്ചതനുസരിച്ച്, വിമാനം 'സുരക്ഷിതമായി' ലാൻഡ് ചെയ്തു.