ഐപിസി കുടുംബ സംഗമം: പ്രമോഷനൽ മീറ്റിങ്ങുകൾക്ക് ന്യൂയോർക്കിൽ തുടക്കമാകും
![ipc-family-conference-promotional-meetings-begin-in-new-york ipc-family-conference-promotional-meetings-begin-in-new-york](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2025/1/28/ipc-family-conference-promotional-meetings-begin-in-new-york.jpg?w=1120&h=583)
Mail This Article
ന്യൂയോർക്ക്∙ വടക്കേ അമേരിക്കയിലെ ഐപിസി സഭകളുടെ 20-ാമത് കുടുംബ സംഗമത്തിന്‍റെ പ്രചാരണാർത്ഥം അമേരിക്കയുടെ പ്രമുഖ പട്ടണങ്ങളിൽ സംഘടിപ്പിക്കുന്ന പ്രമോഷനൽ മീറ്റിങ്ങുകൾക്ക് ന്യൂയോർക്കിൽ തുടക്കമാകും.
ന്യൂയോർക്ക്, ന്യൂജഴ്‌സി, പെൻസിൽവേനിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിശ്വാസ സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് പ്രീ-കോൺഫറൻസും സംഗീത സന്ധ്യയും മാർച്ച് 9ന് വൈകിട്ട് 5.30ന് ന്യൂയോർക്ക് ലെവി ടൗൺ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭാ ഹാളിൽ നടക്കും. ഐപിസി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്‍റ് പാസ്റ്റർ ഷിബിൻ സാമുവൽ മുഖ്യപ്രഭാഷണം നടത്തും.
കോൺഫറൻസ് ദേശീയ ഭാരവാഹികളായ പാസ്റ്റർ സാം വർഗീസ്, ഫിന്നി ഏബ്രഹാം, ഏബ്രഹാം മോനീസ് ജോർജ്, റോബിൻ ജോൺ, സൂസൻ ജോൺസൺ തുടങ്ങിയവർ കുടുംബ സംഗമത്തിന്‍റെ ഇതുവരെയുള്ള ക്രമീകരണ പുരോഗതികൾ വിശദീകരിക്കും.
സമ്മേളനത്തിൽ പങ്കെടുത്ത് സ്‌പോൺസർഷിപ്പും റജിസ്ട്രേഷനും ഭാരവാഹികളെ ഏൽപ്പിക്കുവാൻ ഈ അവസരം വിനിയോഗിക്കണമെന്ന് ദേശീയ സെക്രട്ടറി ഫിന്നി ഏബ്രഹാം അറിയിച്ചു. കോൺഫറൻസിന്‍റെ ദേശീയ പ്രതിനിധികളായ പാസ്റ്റർ ജേക്കബ് ജോർജ്, സാം മേമന, പാസ്റ്റർ ഡോ. ജോർജ് മാത്യു, പാസ്റ്റർ ഏബ്രഹാം മാത്യു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
വടക്കേ അമേരിക്കയിലും കാനഡയിലും പാർക്കുന്ന ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ അംഗങ്ങളും കോൺഫറൻസ് അഭ്യുദയകാംക്ഷികളുമായി നിരവധി പേർ പങ്കെടുക്കുന്ന സമ്മേളനം ജൂലൈ 17 മുതൽ 20 വരെ കാനഡയിലെ എഡ്മണ്ടണിൽ വച്ചാണ് നടക്കുന്നത്. റജിസ്ട്രേഷൻ നിരക്കിൽ ഇളവോടുകൂടി ലഭിക്കുന്നതിന്‍റെ അവസാന തീയതി മാർച്ച് 31. കോൺഫറൻസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് കോൺഫറൻസ് വെബ്‌സൈറ്റ് (www.ipcfamilyconference.org) വഴിയും റജിസ്റ്റർ ചെയ്യാം
വാർത്ത: നിബു വെള്ളവന്താനം