നിവർന്നു നിൽക്കുന്നുണ്ടെങ്കിൽ അതിനു കാരണം യോഗ: ഡോ. അനുജ കൃഷ്ണൻ
Mail This Article
ഇനിയുള്ള കാലം കിടക്കയിൽ കഴിയേണ്ടി വരുമോ? ചുറ്റും നിൽക്കുന്നവർ ആശ്വാസ വാക്കുകൾ പറയുമ്പോഴും മനസിൽ ഇൗ ചോദ്യമായിരുന്നു. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ നിശ്ചലമായി കിടക്കേണ്ടി വരികയെന്നത് ആലോചിക്കാൻ പറ്റില്ലായിരുന്നു. പടികൾ ഇറങ്ങുമ്പോൾ പുറമടിച്ചാണ് വീണത്. വീഴ്ചയിൽ നട്ടെല്ലിനു സാരമായി പരുക്കേറ്റു. ഇനിയുള്ള കാലം നിവർന്നു നിൽക്കാൻ കഴിയുമോയെന്ന് സംശയിച്ചവർക്കു മുൻപിൽ ഇന്നു നിവർന്നു നിൽക്കുന്നുണ്ടെങ്കിൽ അതിനു കാരണം യോഗയാണ്. ഡോക്ടർമാർ നിർദേശിച്ച വിശ്രമകാലാവധി കഴിഞ്ഞപ്പോൾ പതുക്കെ യോഗ ചെയ്തു തുടങ്ങി. അങ്ങനെ ജീവിതത്തിലേക്ക് മടങ്ങിവന്നു. ടെലിവിഷൻ രംഗത്ത് സജീവമായപ്പോഴും യോഗ പരിശിലനം മുടക്കിയില്ല. പിന്നീടു ഹോമിയോപ്പതി പഠനത്തിനു ചേർന്നപ്പോഴും യോഗയോട് ഇഷ്ടം കൂടുകയായിരുന്നു.
ചെറുപ്പം മുതൽ നൃത്തത്തിൽ താൽപര്യമുണ്ടായിരുന്നു. നൃത്തത്തിൽ മെയ് വഴക്കം വളരെ പ്രധാനമാണല്ലോ. അങ്ങനെ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് യോഗ പരിശീലിക്കാൻ തുടങ്ങിയത് ഒപ്പം കളരിയും. നൃത്തച്ചുവടുകൾ മികവോടെ അവതരിപ്പിക്കാൻ മെയ്‌വഴക്കം അനിവാര്യമാണ്. നൃത്തം അവതരിപ്പിക്കുമ്പോൾ ശരീരത്തിലെ പേശികൾക്ക് ദൃഢത അനിവാര്യമാണ്. ചിലപ്പോൾ ആ പേശികൾക്ക് അയവ് വരുത്തേണ്ടതായും വരും. ഇൗ രണ്ടു അവസ്ഥകളും ശരീരത്തിൽ പ്രശ്നങ്ങളുണ്ടാക്കാം. ശരീരത്തിൽ ഇങ്ങനെ വരുന്ന മാറ്റങ്ങൾ മറ്റു ആരോഗ്യ പ്രശ്നങ്ങളിലേക്ക് പോകാതിരിക്കാൻ യോഗ നമ്മെ സഹായിക്കും. എനിക്കും ഭർത്താവിനും ചില ജീവിതശൈലി രോഗങ്ങളുണ്ടായിരുന്നു. യോഗയിലുടെ രോഗത്തെ അകറ്റി നിർത്താൻ ഞങ്ങൾക്ക് സാധിച്ചു. യോഗ പരിശീലിക്കുന്നതു വഴി നമ്മുടെ ജീവിതചര്യയ്ക്ക് സമൂലമായ മാറ്റം വരും.
ചിന്തകളെ നിയന്ത്രിക്കാനും സ്വഭാവരൂപികരണത്തിനും യോഗ സഹായിക്കും. അമിത കോപം മാത്രമല്ല എന്തെങ്കിലും കാര്യത്തോട് തോന്നുന്ന അമിത താൽപര്യം കുറയ്ക്കാനോ നിയന്ത്രിക്കാനോ നമുക്ക് സാധിക്കും. കുട്ടികളും യുവാക്കളും സമൂഹ മാധ്യമങ്ങളിൽ അനാവശ്യമായി സമയം ചെലവഴിക്കുന്നതിനെക്കുറിച്ച് കേൾക്കാറുണ്ട്. ട്രെയിനിലും മറ്റും യാത്ര ചെയ്യുമ്പോൾ പലരും ദീർഘ സമയം മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്. ഇതെല്ലാം കഴുത്ത് വേദനയോടൊപ്പം മറ്റു ആരോഗ്യപ്രശ്നങ്ങളും ക്ഷണിച്ചു വരുത്തും. വിഡിയോ ഗെയിമുകളോടുള്ള കുട്ടികളുടെ അഡിക്‌ഷനാണ് മാതാപിതാക്കളുടെ പരാതി. ചെറുപ്പം മുതൽ യോഗ പരിശീലിപ്പിച്ചാൽ കുട്ടികൾ സമയം ഫലപ്രദമായി വിനയോഗിക്കും.
യോഗ എന്നു കേൾക്കുമ്പോൾ പലരും ആദ്യം തിരയുന്നത് ഇന്റർനെറ്റിലാകും. തടി കുറയ്ക്കാൻ ചില രീതികൾ പരീശിലാക്കാമെന്ന മട്ടിൽ കാണുന്നത് കണ്ണടച്ച് അനുകരിക്കുന്നവരും കുറവല്ല. സ്വയം യോഗ പരിശീലിക്കുന്നതു പലപ്പോഴും വിപരീതഫലമുണ്ടാക്കും. കാരണം ഒരോരുത്തരുടെയും ആരോഗ്യസ്ഥിതി വിഭിന്നമാണ്. ഒരോ ആസനങ്ങളും പരിശീലിക്കുന്നതിനും ക്രമങ്ങളുണ്ട്. യോഗ പരിശീലിക്കുന്നതിനു മുൻപും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുന്ന സമയം, അളവ് എന്നിവ വളരെ പ്രധാനമാണ്. യോഗാസനം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതിനുമെല്ലാം ക്രമമുണ്ട്.
യോഗാസനം ചെയ്ത് അതിന്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ പെട്ടെന്ന് അവസാനിപ്പിച്ചു പോകുന്നത് ശരിയല്ല. പലപ്പോഴും എന്റെ അടുത്ത വരുന്ന രോഗികളോട് കാര്യങ്ങൾ തിരക്കുമ്പോൾ ഞാൻ മനസിലാക്കിയിട്ടുള്ള കാര്യമിതാണ്. ശാന്തമായി തുടങ്ങി ശാന്തമായി അവസാനിപ്പിക്കുയാണ് വേണ്ടത്. അങ്ങനെ ചെയ്താൽ മാത്രമാണ് യോഗചര്യ പൂർണമാവുക. ജീവിതം തന്നെ മാറ്റി മറിച്ച യോഗയോട് ഒരോ ദിവസവും ഇഷ്ടം കൂടി വരികയാണ്. അങ്ങനെയാണ് സർക്കാർ സർവീസിൽ നിന്നും സ്വയം വിരമിച്ചു യോഗയെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചത്. യോഗയിലൂടെ മറ്റുള്ളവർക്ക് ആശ്വാസമേകുക, അതല്ലേ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം.