ADVERTISEMENT

മനുഷ്യരില്‍ പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ക്കിടയില്‍ ഏറ്റവും വ്യാപകമായ അര്‍ബുദങ്ങളില്‍ ഒന്നാണ്‌ സ്‌തനാര്‍ബുദം. ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ലക്ഷം പേര്‍ക്ക്‌ സ്‌തനാര്‍ബുദം (Breast Cancer) നിര്‍ണയിക്കപ്പെടുന്നതായി കണക്കാക്കുന്നു. രാജ്യത്തെ അര്‍ബുദ കേസുകളില്‍ 13.5 ശതമാനവും സ്‌തനാര്‍ബുദമാണ്‌. 10.5 ശതമാനമാണ്‌ ഇതു മൂലമുള്ള മരണ നിരക്ക്‌. സ്‌തനാര്‍ബുദവുമായി ബന്ധപ്പെട്ട്‌ നമ്മുടെ സമൂഹത്തില്‍ പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. ഇവയില്‍ ഏറ്റവും പ്രബലമായ ചില തെറ്റിദ്ധാരണകള്‍ ഇനി പറയുന്നവയാണ്‌. 

1. സ്‌ത്രീകള്‍ക്കു മാത്രമേ സ്‌തനാര്‍ബുദം വരൂ
സ്‌തനാര്‍ബുദം കൂടുതലായും കാണപ്പെടുന്നത്‌ സ്‌ത്രീകളിലാണെങ്കിലും ഇവ പുരുഷന്മാരിലും വരാം. പലപ്പോഴും ശരിയായ അവബോധമില്ലാത്തതിനാല്‍ പുരുഷന്മാരിലെ സ്‌തനാര്‍ബുദത്തിന്‌ 25 ശതമാനം അധിക മരണനിരക്കുണ്ട്. സ്‌തനങ്ങളില്‍ വരുന്ന മുഴകളും മറ്റ്ു ലക്ഷണങ്ങളും പുരുഷന്മാരും അവഗണിക്കരുത്‌. 

2. വലിയ സ്‌തനങ്ങളുള്ള സ്‌ത്രീകള്‍ക്കാണ്‌ സത്‌നാര്‍ബുദം വരുന്നത്‌
സ്‌തന വലുപ്പവും സ്‌തനാര്‍ബുദ സാധ്യതയും തമ്മില്‍ പ്രത്യേകിച്ച്‌ ബന്ധമൊന്നുമില്ല. എന്നാല്‍ വലിയ സ്‌തനങ്ങളുള്ളവരില്‍ സാന്ദ്രത അധികമായതിനാല്‍ രോഗനിര്‍ണയം അല്‍പം ബുദ്ധിമുട്ടാണ്‌. അതേസമയം അമിതവണ്ണവും കുടുംബത്തിലെ അര്‍ബുദചരിത്രവും ജീവിതശൈലിയും സ്‌തനാര്‍ബുദ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്‌. 

3. പ്രായമുള്ള സ്‌ത്രീകള്‍ക്ക്‌ വരുന്നതാണ്‌ സ്‌തനാര്‍ബുദം
സ്‌തനാര്‍ബുദ സാധ്യത പ്രായത്തിനനുസരിച്ച്‌ വർധിക്കാറുണ്ടെങ്കിലും ഇത്‌ ഏത്‌ പ്രായത്തിലുള്ളവരെയും ബാധിക്കാം. യുവതികളിലെ സ്‌തനാര്‍ബുദം പലപ്പോഴും കൂടുതല്‍ തീവ്രമായിട്ടാണ്‌ വരാറുള്ളത്‌. നേരത്തേയുള്ള രോഗനിര്‍ണ്ണയവും പരിശോധനകളും അതിനാല്‍ തന്നെ സുപ്രധാനമാണ്‌. 

1390077806
Representative Image. Photo Credit : Jecapix / iStockPhoto.com

4. കുടുംബചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു
കുടുംബത്തിലെ സ്‌തനാര്‍ബുദചരിത്രം അര്‍ബുദ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണെങ്കിലും ഇത്‌ മാത്രമല്ല സ്‌തനാര്‍ബുദം വരാനുള്ള കാരണം. സത്യത്തില്‍ സ്‌തനാര്‍ബുദം നിര്‍ണയിക്കപ്പെടുന്നവരില്‍ 10 ശതമാനത്തിന്‌ മാത്രമേ ഈ അര്‍ബുദത്തിന്റെ കുടുംബചരിത്രമുള്ളൂ. കുടുംബത്തില്‍ സ്‌തനാര്‍ബുദം ഉള്ളവര്‍ നേരത്തേ തന്നെ പരിശോധനകള്‍ നടത്തുന്നത്‌ നന്നായിരിക്കും. 

1648673112
Representative Image. Photo Credit : Amparo Garcia / iStockPhoto.com

5. സ്‌തനാര്‍ബുദ മുഴകള്‍ വേദനാജനകമായിരിക്കും
എല്ലാ സ്‌തനാര്‍ബുദ മുഴകളും വേദനാജനകരമായിരിക്കില്ല. പല കേസുകളിലും ആദ്യ ഘട്ടങ്ങളില്‍ വേദന ഉണ്ടാകാറില്ല. വേദനയില്ല എന്നതു കൊണ്ട്‌ ഒരു മുഴയെ സ്‌തനാര്‍ബുദമല്ലെന്നു കരുതി തള്ളിക്കളയരുത്‌. 

6. ബ്രാ ധരിക്കുന്നത്‌ സ്‌തനാര്‍ബുദം ഉണ്ടാക്കാം
ബ്രായോ ഏതെങ്കിലും തരത്തിലുള്ള വസ്‌ത്രങ്ങളോ സ്‌തനാര്‍ബുദം ഉണ്ടാക്കുമെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. 

1331593498
Representative Image. Photo Credit : Drazen Zigic / iStockPhoto.com

7. മാമോഗ്രാം സ്‌തനാര്‍ബുദം ഉണ്ടാക്കാം
സ്‌തനാര്‍ബുദം നേരത്തേ കണ്ടെത്തുന്നതിനുള്ള ഫലപ്രദമായ സ്‌കാനുകളില്‍ ഒന്നാണ്‌ മാമോഗ്രാം. ചെറിയ തോതിലുള്ള റേഡിയേഷനുകള്‍ ഇതില്‍ ഉപയോഗിക്കാറുണ്ട്‌. എന്നാല്‍ ഈ റേഡിയേഷനുകള്‍ അര്‍ബുദം ഉണ്ടാക്കുകയോ അവ പടര്‍ത്തുകയോ ചെയ്യുന്നതല്ല. 

8. സ്‌തനത്തിലെ മുഴകളെല്ലാം അര്‍ബുദമാണ്‌
സ്‌തനത്തിലെ മുഴ സ്‌തനാര്‍ബുദത്തിന്റെ ലക്ഷണമാണെങ്കിലും എല്ലാ മുഴകളും സ്‌തനാര്‍ബുദം മൂലമാകണമെന്നില്ല. ചില മുഴകള്‍ അര്‍ബുദം മൂലമല്ലാതെയും ഉണ്ടാകാം. ഡോക്ടറെ കണ്ട്‌ പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ അര്‍ബുദം സ്ഥിരീകരിക്കാനാകൂ. ചില സ്‌ത്രീകളില്‍ ആര്‍ത്തവത്തോട്‌ അനുബന്ധിച്ച്‌ സ്‌തനങ്ങളില്‍ ചില തടിപ്പുകള്‍ വരാറുണ്ട്‌. അവ അതുപോലെ തന്നെ അപ്രത്യക്ഷമാകുകയും ചെയ്യാം. 

സ്‌തനങ്ങളില്‍ മുഴയോ തടിപ്പോ, സ്‌തനങ്ങളിലോ മുലക്കണ്ണിലോ വേദന, മുലക്കണ്ണ്‌ അകത്തേക്ക്‌ വലിയല്‍, സ്‌തനത്തിലോ മുലക്കണ്ണിലോ വരുന്ന നിറം മാറ്റം, സ്‌തനങ്ങളില്‍നിന്നു വരുന്ന മുലപ്പാല്‍ അല്ലാത്ത സ്രവങ്ങള്‍, കക്ഷത്തിലോ തോളെല്ലിന്‌ സമീപത്തോ വരുന്ന ലിംഫ്‌ നോഡുകളിലെ വീക്കം എന്നിവയെല്ലാം സ്‌തനാര്‍ബുദ ലക്ഷണങ്ങളാണ്‌.

സ്ത്രീകളുടെ ആരോഗ്യം – വിഡിയോ

English Summary:

Breast Cancer: Debunking 8 common myths associated with it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com