20 ലക്ഷത്തിനു മനം മയക്കുന്ന വീട് പണിതാലോ!
Mail This Article
തൃശൂർ വരന്തരപ്പിള്ളിയിൽ 10 സെന്റ് പ്ലോട്ടിൽ നിലകൊള്ളുന്ന സ്വരൂപിന്റെ വീടിന് പ്രത്യേകതകളേറെയാണ്. അകവും പുറവും സദാ പ്രകൃതിയുമായി സംവദിക്കുന്ന, വിശാലമായ സ്ഥലത്ത് തനി നാടൻ ശൈലിയിലൊരു വീട്. കാഴ്ചയിൽ അല്പം പരമ്പരാഗതമാണെങ്കിലും ഏത് കാലഘട്ടത്തിനും അനുയോജ്യമായ ശൈലി. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് സ്കേപ്പ് ആർക്കിടെക്ട്സിലെ ആർക്കിടെക്ട് സനിൽ ചാക്കോയാണ് വീട് രൂപകല്പന ചെയ്തത്. ചിലവ് കുറഞ്ഞ രീതിയിൽ മൂന്നു കിടപ്പുമുറികളോട് കൂടിയ വീടായിരുന്നു വീട്ടുകാർ ആവശ്യപ്പെട്ടത്. അതുപ്രകാരം 1800 SFT വിസ്തീർണ്ണത്തിൽ 20 ലക്ഷത്തിന് ആർക്കിടെക്റ്റ് വീട് നിർമ്മിച്ച് നൽകി.
ചുരുങ്ങിയ ബജറ്റായതുകൊണ്ട് പഴയ നിർമ്മാണ വസ്തുക്കൾ പുനരുപയോഗിക്കാമെന്ന് ആർക്കിടെക്ട് വ്യക്തമാക്കിയിരുന്നു. തൊട്ടടുത്ത് പൊളിച്ച വീട്ടിലെ പുനരുപയോഗിക്കാവുന്ന എല്ലാ നിർമ്മാണ വസ്തുക്കളും ചുരുങ്ങിയ വിലയ്ക്ക് വാങ്ങിച്ചു. നൂറു വർഷ പഴക്കമുള്ള വീടിന്റെ വാതിലും ജനലും ചെങ്കല്ലും വരെ ഇക്കൂട്ടത്തിൽ പെടുന്നു.
പ്രകൃതിയുടെ സാന്നിധ്യം
ചരിഞ്ഞ മേൽക്കൂരയും നീളൻ തൂണുകളും കേരളീയ ശൈലിയെ അനുസ്മരിക്കുന്നതാണ്. പച്ചപ്പിന്റെ സാന്നിധ്യമറിയിച്ചിരിക്കുന്ന അകത്തളങ്ങൾ കണ്ണിനും മനസ്സിനും കുളിർമ പരുന്നു. സൗകര്യത്തിന് മുൻതൂക്കം നൽകിക്കൊണ്ടുള്ള സ്ഥല ക്രമീകരണമാണ് ഇന്റീരിയറിന്റെ സവിശേഷത. തുറന്ന നയമാണ് വീട്ടിലുടനീളം സ്വീകരിച്ചിട്ടുള്ളത്. പാർട്ടീഷനുകൾ ഒഴിവാക്കി.
മിനിമൽ ഫർണീച്ചറാണ് ഇന്റീരിയറിനെ അലങ്കരിക്കുന്നത്. ലിവിങ്, ഡൈനിങ്, കോർട്ട് യാഡ് എന്നീ ഇടങ്ങളുടെ ക്രമീകരണമാണ് ഇന്റീരിയറിലെ പ്രത്യേകത.
ഇടനാഴിയാണ് ഇൗ വീട്ടിലെ ഹൈലൈറ്റ് ഏരിയ. ഡൈനിങ്ങിൽ നിന്ന് തുടങ്ങി കിടപ്പുമുറിയിൽ അവസാനിക്കുന്നതാണ് ഇവിടുത്തെ പാസേജ്. വാഷ് ഏരിയയും ടിവി യൂണിറ്റും ഇവിടെ സ്ഥിതി ചെയ്യുന്നു. രണ്ട് കോർട്ട് യാഡ് വീടിനുള്ളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരെണ്ണം ലിവിങ്ങിലും മറ്റൊന്ന് പാസേജിലും.
വീട്ടിലേക്ക് വേണ്ട ഇന്റീരിയർ സാമഗ്രികളുടെ തിരഞ്ഞെടുപ്പിൽ വീട്ടുകാർക്കും വലിയ പങ്കുണ്ട്. പലയിടത്തു നിന്നായി വാങ്ങിയ ക്യൂരിയോസുകൾ അകത്തളങ്ങളെ വ്യത്യസ്തമാക്കുന്നുണ്ട്. ഒാരോ ഇടങ്ങളുടെ ആവശ്യവും ഭംഗിയും കണക്കിലെടുത്താണ് ഇവയുടെ സ്ഥാനക്രമീകരണം. ഒരു പ്രത്യേക ചട്ടക്കൂടിൽ ഒതുക്കാതെ ഡിസൈൻ ചെയ്തതിനാൽ വീട്ടിനുള്ളിൽ സ്വച്ഛതയുള്ള അനവധി ഇടങ്ങൾ രൂപപ്പെട്ടിരിക്കുന്നു.
ചെലവ് ചുരുക്കിയതിങ്ങനെ
- ചുരുങ്ങിയ വിലയ്ക്ക് ലഭിച്ച നൂറ് വർഷത്തോളം പഴക്കമുള്ള വീട്ടിലെ വാതിലും ജനലും ചെങ്കല്ലും വരെ പുനരുപയോഗിച്ചു. മിക്കതും ട്രീറ്റ് ചെയ്യേണ്ട ആവശ്യം പോലുമില്ലാഞ്ഞതിനാൽ അതേപടി സ്ഥാപിച്ചു.
- ഫർണീച്ചറുകൾ എല്ലാം തന്നെ പഴയ മരങ്ങൾ ഉപയോഗിച്ച് ചെയ്തെടുത്തവയും അപ്ഹോൾസ്ട്രി മാറ്റി പുതുക്കിയവയുമാണ്.
- പരിപാലനം എളുപ്പമാക്കുവാനും ചെലവു ചുരുക്കുവാനും സെറാമിക് ടൈലുകൾ നിലത്തു പാകി.
Project Facts
Location-Varandarapilly, Thrissur
Area-1800 Sqft.
Plot-10 Cents
Owner-Swaroop
Architect- Sanil Chacko
Spacescape Architects
Ph-9496786753
Cost-20 Lakhs
Completion year- 2017