റബറിൽനിന്ന് വ്യവസായികളെ അകറ്റി അമേരിക്ക; വെളിച്ചെണ്ണ വില കുറഞ്ഞു: ഇന്നത്തെ (13/2/25) അന്തിമ വില

Mail This Article
ഏഷ്യൻ റബർ മാർക്കറ്റുകൾ മൂന്നു ദിവസങ്ങളിലെ തുടർച്ചയായ തളർച്ചയ്‌ക്കു ശേഷം തിരിച്ചുവരവ് കാഴ്‌ചവച്ചത് ഉൽപാദകരാജ്യങ്ങളുടെ ആത്മവിശ്വാസം ഉയർത്തി. ജാപ്പനീസ് യെന്നിന്റെ മൂല്യത്തകർച്ച വിദേശ നിക്ഷേപകരെ റബറിലേക്ക് ആകർഷിച്ചു. കഴിഞ്ഞ വാരം 150ലേക്ക് കരുത്ത് കാണിച്ച യെൻ ഇന്ന് 154ലേക്ക് ദുർബലമായത് റബർ വിലയിൽ നേരിയ ഉണർവ് ഉളവാക്കിയെങ്കിലും പ്രതീക്ഷിച്ച തോതിൽ വാങ്ങൽ താൽപര്യം വ്യവസായികളുടെ ഭാഗത്ത് ദൃശ്യമായില്ല. അമേരിക്കയുമായുള്ള വ്യാപാര സംഘർഷങ്ങൾ തന്നെയാണ് ഒരു പരിധി വരെ ചൈനീസ് വ്യവസായികളെ രംഗത്തുനിന്നു പിൻതിരിപ്പിക്കുന്നത്. ഇതിനിടെ ഉൽപാദകരാജ്യങ്ങൾ ഓഫ് സീസണിലേക്ക് തിരിയുന്നതിനാൽ മുന്നിലുള്ള മൂന്നു മാസം റെഡി മാർക്കറ്റിലെ വിൽപന സമ്മർദ്ദത്തിൽ കുറവിന് സാധ്യത. സംസ്ഥാനത്ത് നാലാം ഗ്രേഡ് 189 രൂപയിൽ സ്റ്റെഡിയാണ്.
രാത്രിയിലെ തണുത്ത അന്തരീക്ഷവും പകൽ ഉയർന്ന താപനിലയുമായി പൊരുത്തപ്പെടാനാവാത്ത അവസ്ഥയിലാണ് ഹൈറേഞ്ചിലെ പല ഏലത്തോട്ടങ്ങളും. മഴയുടെ അഭാവത്തിൽ മണ്ണിൽ ജലാംശത്തോത് കുറഞ്ഞതോടെ ശരങ്ങളിൽ വാട്ടം തട്ടുന്നത് കർഷകരെ സമ്മർദ്ദത്തിലാക്കി. പിന്നിട്ട ഏതാനും ലേലങ്ങളിൽ ചരക്കുവരവിൽ കാര്യമായ കുറവുണ്ടായി. എന്നാൽ അതിനൊത്ത് വില ആകർഷകമായില്ലെന്ന് ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ. വരും ദിനങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചെറുകിട കർഷകർ. ശാന്തൻപാറയിൽ നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 2967 രൂപയിലും മികച്ചയിനങ്ങൾ 3197 രൂപയിലും കൈമാറി. അന്തർസംസ്ഥാന വാങ്ങലുകാർക്ക് ഒപ്പം കയറ്റുമതി സമൂഹവും ലേലത്തിൽ പങ്കുചേർന്നു.

നാളികേരോൽപ്പന്നങ്ങൾ മൂന്നാഴ്‌ച സ്റ്റെഡി നിലവാരത്തിൽ നീങ്ങിയ ശേഷം ഇന്നു താഴ്‌ന്നു. ദക്ഷിണേന്ത്യയിൽ വെളിച്ചെണ്ണയ്‌ക്ക് ആവശ്യം ഉയർന്നതോടെ മില്ലുകൾ ഉൽപാദനം ഉയർത്തിയെങ്കിലും കൊപ്ര വില വർധിപ്പിക്കാതെ ചരക്ക് സംഭരിക്കുകയാണ് വ്യവസായികൾ. കൊച്ചിയിൽ കൊപ്ര 15,050 രൂപയിലും കാങ്കയത്ത് നിരക്ക് 14,800 രൂപയിലുമാണ്. വെളിച്ചെണ്ണ വില 100 രൂപ കുറഞ്ഞു.