ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഒരു വശത്ത് ബഫർ സോൺ, മറുവശത്ത് വനംവകുപ്പിന്റെ കുടിയിറക്ക് ഭീഷണി, മറ്റൊരു വശത്ത് വന്യജീവി ശല്യം. മൂന്നിന്റെയും നടുവിൽനിന്ന് വീർപ്പുമുട്ടുകയാണ്  കേരളത്തിലെ മലയോര ജനത. വന്യജീവി സംരക്ഷണകേന്ദ്രങ്ങൾക്കു ചുറ്റും ബഫർ സോൺ നിശ്ചയിക്കാനുള്ള തീരുമാനത്തിൽ കേരളം കേന്ദ്ര നിർദേശം അപ്പാടെ അംഗീകരിച്ചുവെന്ന് മലയോര ജനത ആരോപിക്കുന്നു. മറ്റു സംസ്ഥാനങ്ങൾ കർഷകർക്കും പ്രദേശവാസികൾക്കും അനുകൂലമായ തീരുമാനമെടുത്തപ്പോൾ കേരളം സ്വീകരിച്ച നടപടി അക്ഷരാർഥത്തിൽ ജനദ്രോഹപരമാണെന്ന് പറയാതെവയ്യ. വരുന്ന തിരഞ്ഞെടുപ്പിൽ മലയോര മേഖലയുടെ വോട്ട് എങ്ങോട്ടായിരിക്കുമെന്ന് തീരുമാനിക്കുക ഈ മലയോര ജനതയുടെ പ്രശ്നംതന്നെയായിരിക്കും. 

ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കുന്നതിനുള്ള വിദഗ്ധ സമിതിയുടെ 44–ാമത് യോഗത്തിലാണ് കേരളം മലയോര ജനതയെ തള്ളി തീരുമാനം അറിയിച്ചത്. കേന്ദ്ര വനം–പരിസ്ഥിതി–കാലാവസ്ഥാ വ്യതിയാന മന്ത്രാലയ അഡീഷണൽ സെക്രട്ടറി രവി അഗർവാൾ ചെയർമാനായ വിദഗ്ധ സമിതി 2021 ജനുവരി 18നാണ് വിഡിയോ കോൺഫറൻസിങ്ങിലൂടെ സംസ്ഥാനങ്ങളുടെ തീരുമാനം ആരാഞ്ഞത്.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും യോഗത്തിൽ തങ്ങളുടെ ഭാഗം അറിയിച്ചു. ആൻഡമാൻ നിക്കോബാർ, ഹിമാചൽ പ്രദേശ്, കേരളം, ജമ്മു കാഷ്മീർ, രാജസ്ഥാൻ, ഒഡീഷ, ഹരിയാന, അസം, മധ്യപ്രദേശ്, തമിഴ്നാട് ഭരണാധികാരികൾ തങ്ങളുടെ ഭാഗം അറിയിച്ചു. കേരളത്തിലെ വന്യജീവി സങ്കേതങ്ങളായ തട്ടേക്കാട്‌, ആറളം, ഇടുക്കി, കൊട്ടിയൂർ, മലബാർ എന്നിവയുടെയും ദേശീയോദ്യാനമായ സൈലന്റ് വാലിയുടെയും ചുറ്റുമുള്ള പുതുക്കിയ ബഫർസോൺ തീരുമാനങ്ങളാണ് കേരളം വിദഗ്ധ സമിതിക്ക് സമർപ്പിച്ചത്. 

തട്ടേക്കാട് വന്യജീവി സങ്കേതത്തിന് ഒരു കിലോമീറ്റർ ദൂരം ബഫർസോൺ ആയി പ്രഖ്യാപിക്കാമെന്നാണ് കേരളത്തിന്റെ നിലപാട്. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ സ്ഥിതിചെയ്യുന്ന തട്ടേക്കാട് വന്യജീവി സങ്കേതം പക്ഷികളുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആവാസവ്യവസ്ഥയാണ്. കൂടാതെ കടുവ, പുലി, ആന, കുരങ്ങ്, കൂട്ടുപൂച്ച മുതലായവയുമുണ്ട്. സങ്കേതത്തിന്റെ കിഴക്കൻ, തെക്കു–കിഴക്കൻ ഭാഗത്ത് ബഫർസോൺ പൂജ്യമാക്കാമെന്നും സർക്കാർ സമ്മതിക്കുന്നു. ജനസാന്ദ്രത കൂടുതലുള്ള പ്രദേശമായതിനാലാണ് ഈ തീരുമാനം. പ്രദേശവാസികളുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് ഈ നിർദേശമെന്ന് കേരളം പറയുന്നു.

silent-valley-1
സൈലന്റ് വാലി ബഫർസോണുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം

സൈലന്റ് വാലിയിൽ ബഫർ സോൺ പ്രഖ്യാപനത്തിനെതിരേ പ്രദേശത്ത് കർഷകപ്രക്ഷോഭങ്ങൾ നടക്കുകയാണ്. സൈലന്റ് വാലിയുടെ ചുറ്റും പൂജ്യം മുതൽ 9.8 കിലോമീറ്റർ ദൂരം വരെ ബഫർ സോൺ ആയി പ്രഖ്യാപിക്കാമെന്ന് സർക്കാർ പറയുന്നു. പൊതുജനം ഇത് അംഗീകരിച്ചുവെന്നും പറയുന്നു. മുകുർത്തി ദേശീയോദ്യാനവുമായി അതിർത്തി പങ്കിടുന്നിടത്താണ് പൂജ്യം കിലോമീറ്റർ  ബഫർസോൺ ആയി നിശ്ചയിക്കാവുന്നത്. ചുരുക്കത്തിൽ സൈലന്റ് വാലിയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള സാധാരണക്കാർ പ്രതിസന്ധിയിലാകും.

ബഫർസോണുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായം ചോദിച്ചുവെന്ന് സർക്കാർ ആവർത്തിച്ചു പറയുന്നുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്രം മുന്നോട്ടുവച്ച തീരുമാനം കേരളം അംഗീകരിച്ചു. എന്നാൽ, ഇങ്ങനൊരു അഭിപ്രായ സർവേ നടന്നതായി തങ്ങൾക്ക് അറിവില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അതുകൊണ്ടുതന്നെ സൈലന്റ് വാലി പ്രദേശത്ത് വൻ പ്രതിഷേധ കൂട്ടായ്മകളാണ് നടക്കുന്നത്. 

പശ്ചിമഘട്ടത്തിന്റെ വടക്കുപടിഞ്ഞാറൻ ചരിവിൽ വരുന്ന ആറളം വന്യജീവി സംരക്ഷണ കേന്ദ്രത്തിന് ചുറ്റും പൂജ്യം മുതൽ 3.06 വരെ കിലോമീറ്റർ ബഫർ സോൺ ആയി തീരുമാനിക്കാമെന്ന് കേരളം പറയുന്നു. അതീവ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ഒഴിവാക്കിയാണ് പുതിയ നിർദേശം. കൃഷിഭൂമിയും ആദിവാസി പുനരധിവാസ കേന്ദ്രങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 

ഇടുക്കി വന്യജീവി സംരക്ഷണകേന്ദ്രത്തിനു ചുറ്റും 450 മീറ്റർ മുതൽ 1 കിലോമീറ്റർ വരെയാണ് ബഫർസോൺ ആയി നിർദേശിച്ചിട്ടുള്ളത്. മുൻപ് സൂചിപ്പിച്ച 88.24 ചതുരശ്ര കിലോമീറ്ററിൽനിന്ന് 20.0714 കിലോമീറ്ററായി ബഫർസോൺ പുനക്രമീകരിച്ചിട്ടുണ്ട്. 

കൊട്ടിയൂരിൽ പൂജ്യം മുതൽ 2.1 വരെ കിലോമീറ്ററാണ് ബഫർസോൺ. മുൻപ് നിർദേശിച്ചിരുന്ന 12.91 ചതുരശ്ര കിലോമീറ്ററിൽനിന്ന് 10.87 ചതുരശ്ര കിലോമീറ്ററായി പുനഃക്രമീകരിച്ചു. 

മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള ബഫർസോൺ പൂജ്യം മുതൽ 1 കിലോമീറ്റർ വരെയാണ്. മുൻപ് 74.22 ചതുരശ്ര കിലോമീറ്ററായിരുന്നു ബഫർസോണായി കണക്കാക്കിയിരുന്നത്. ഇത് പിന്നീട് 53.60 ച.കി.മീ ആയി കുറച്ചിരുന്നു. വീണ്ടും 42.815ച.കി.മീ. ആയി കുറച്ചിട്ടുണ്ട്.  ജലവൈദ്യുത നിലയവും ആദിവാസി പുനരധിവാസ കേന്ദ്രവുമുള്ള പ്രദേശങ്ങളിൽ പൂജ്യം കിലോമീറ്റർ ബഫർസോൺ ആണ് നിശ്ചയിച്ചിട്ടുള്ളത്.

English summary: eco sensitive zone in kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com