ADVERTISEMENT

എഴുതുന്നതു മാത്രമല്ല, മാറ്റിയെഴുതുന്നതും പ്രിയവിനോദമാക്കിയ എഴുത്തുകാരൻ! അതായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. കഥ പണ്ടേ തീർന്നിട്ടുണ്ടാകും. നല്ല കയ്യക്ഷരത്തിൽ പകർത്തിയെഴുതുമ്പോൾ തോന്നും, അവിടെയും ഇവിടെയും പരിഷ്കാരം വരുത്തിയാലോ എന്ന്. എന്നാൽ, വർഷങ്ങൾക്കു മുൻപ് എഴുതിയ പ്രിയപ്പെട്ട കഥ നഷ്ടപ്പെട്ടെന്നു കരുതി, ഓർമയുടെ കൈപിടിച്ച് വീണ്ടുമെഴുതിയ കഥയുണ്ട് ബേപ്പൂർ സുൽത്താന്റെ രചനാപ്രപഞ്ചത്തിൽ. ആ വീണ്ടുമെഴുത്തിനു കാരണക്കാരൻ തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരും. 

maranathinu-mupu

1942ൽ എഴുതിയ ‘മരണത്തിനു മുൻപ്’ എന്ന കഥയാണ്, ഒരു ആഴ്ചപ്പതിപ്പു കാരണം നഷ്ടപ്പെട്ടു പോയെന്നു പറഞ്ഞ് ആറു വർഷങ്ങൾക്കു ശേഷം ബഷീർ ഓർമത്താളിൽ നിന്നു പകർത്തിയെഴുതി ‘മരണത്തിന്റെ നിഴലിൽ’ എന്നു പേരിട്ടത്. രണ്ടാം ലോകയുദ്ധവും ക്ഷാമവും പശ്ചാത്തലമൊരുക്കുന്ന പട്ടണത്തിൽ, പട്ടിണി കൊണ്ടു നട്ടം തിരിയുന്ന എഴുത്തുകാരന്റെ ദുരിതജീവിതവും ആകുലതകളുമാണു പ്രമേയം. ‘മരണത്തിന്റെ നിഴലിൽ’ (1951) പുസ്തകമാക്കിയപ്പോൾ എഴുത്തുകാരന്റെ  മുഖവുരയുണ്ടായിരുന്നില്ല. അതിനാൽ കഥ നഷ്ടപ്പെട്ടു പോയിരുന്നെന്നോ പിന്നീടു വീണ്ടും എഴുതിയതാണെന്നോ വായനക്കാരറിഞ്ഞില്ല. 40 വർഷങ്ങൾക്കു ശേഷം, 1985ൽ, ‘ഭാർഗവീനിലയം’ സിനിമയുടെ തിരക്കഥാപുസ്തകത്തിന് എഴുതിയ ആമുഖത്തിലാണ് ‘മരണത്തിന്റെ നിഴലിൽ’ എന്ന കഥയുടെ പ്രസാധനചരിത്രം ബഷീർ വെളിപ്പെടുത്തിയത്. 

‘കോട്ടയത്തെ ഇപ്പോൾ ഇല്ലാത്ത ഒരു ആഴ്ചപ്പതിപ്പ് ഒരു വലിയ കഥ നഷ്ടപ്പെടുത്തി. മരണത്തിന്റെ നിഴലിൽ. അതു  ഞാൻ പിന്നെ ഓർത്തു രണ്ടാമത് എഴുതുകയാണ് ചെയ്തത്. സാധാരണ എഴുതുന്നത് പൂർത്തിയാകാതെ  കിടക്കും. കുറെ നാൾ കഴിഞ്ഞ് എടുത്തു വായിച്ചുനോക്കും. വേണ്ടെന്നു തോന്നും. പുതിയവ എഴുതും. എഴുതി പൂർത്തിയാക്കിയതു കുറെ നാൾ കഴിഞ്ഞു വായിച്ചുനോക്കും. വായിച്ചിട്ടു ചിന്തിക്കും. ഇതു പ്രസിദ്ധപ്പെടുത്തണോ?’   – ഭാർഗവീനിലയം  തിരക്കഥയുടെ ആമുഖത്തിൽ ബഷീർ ആ പഴയ കഥാനഷ്ടവും പിന്നെ നടത്തിയ ഓർത്തെഴുത്തും പങ്കുവച്ചു. 

ആത്മകഥയും ഭാവനയും ചിതറിക്കിടക്കുന്ന കാലങ്ങളുമായി സങ്കീർണമായ ബഷീർ കഥാപ്രപഞ്ചത്തിൽ മരണത്തിനു ‘മുൻപും’ ‘നിഴലിലുമായി’ യഥാർഥത്തിൽ എന്താണു സംഭവിച്ചത്? കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘പ്രസന്നകേരളം’ വാരികയിലാണ്  കഥ ആദ്യം അച്ചടിച്ചു വന്നത്. 1942 ജൂൺ 20ന് ഒന്നാം ഭാഗം. ജൂൺ 27ന് രണ്ടാം  ഭാഗം; ജൂലൈ 4ന് മൂന്നാം ഭാഗം ‘തുടരും’ എന്ന അറിയിപ്പോടെ. എന്നാൽ ജൂലൈ 11നു പ്രസിദ്ധീകരിച്ച വാരികയിൽ നാലാം ഭാഗം ഉണ്ടായിരുന്നില്ല. തുടർന്നുളള ലക്കങ്ങളിലും കഥയുടെ ബാക്കി ഉണ്ടായിരുന്നില്ല. ഇതിനൊരു വിശദീകരണം പത്രാധിപർ നൽകിയതുമില്ല.

ബഷീർ എന്ന ‘രാജ്യദ്രോഹി’

ധർമരാജ്യം, പട്ടത്തിന്റെ പേക്കിനാവ് എന്നീ രാഷ്ട്രീയ രചനകളുടെ പേരിൽ സി.പി. രാമസ്വാമി അയ്യർ, ബഷീറിനെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ച കാലത്താണു പ്രസന്നകേരളത്തിൽ ‘മരണത്തിനു മുൻപ്’ അച്ചടിക്കുന്നത്. കോട്ടയത്തുനിന്നു പ്രസിദ്ധീകരിക്കുന്ന പ്രസന്നകേരളത്തിന്റെ ലക്കങ്ങൾ തിരുവനന്തപുരത്ത് ദിവാന്റെ  ഔദ്യോഗിക വസതിയായ ഭക്തിവിലാസത്തിലെത്താൻ വൈകിയിരിക്കണം.‘രാജ്യദ്രോഹി’യുടെ രചന സി.പി.യുടെ കണ്ണിൽ പെട്ടപ്പോഴേക്കും മൂന്നു ലക്കങ്ങളുടെ അച്ചടി കഴിഞ്ഞിരുന്നു. ദിവാനെ പിണക്കാതിരിക്കാൻ പ്രസന്നകേരളം പത്രാധിപർക്കു കഥയ്ക്ക് അർധവിരാമം നൽകുകയല്ലാതെ മറ്റു മാർഗമൊന്നും ഉണ്ടായിരുന്നില്ല.

‘രാജ്യദ്രോഹി’യായി ഒളിവുജീവിതം മടുത്ത ബഷീർ,1942 ഒക്ടോബർ 28ന്, മഹാകവി പുത്തൻകാവ് മാത്തൻ തരകന്റെ സാന്നിധ്യത്തിൽ കോട്ടയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പിന്നെ കൊല്ലം കസ്ബാ പോലീസ് ലോക്കപ്പിലേക്ക്. അവിടെനിന്ന് എഴുത്തുകാരി ലളിതാംബിക അന്തർജനത്തിന് അയച്ച കത്തിൽ ‘മരണത്തിനു മുൻപ്’ എന്ന കഥയെക്കുറിച്ച് ബഷീർ പരാമർശിച്ചിട്ടുമുണ്ട്. രണ്ടു വർഷക്കാലത്തെ ജയിൽവാസം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേയ്ക്കും കഥയുടെ കയ്യെഴുത്തുപ്രതി നഷ്ടപ്പെട്ടിരുന്നിരിക്കണം. 1947 ഓഗസ്റ്റിൽ, സി.പി. തിരുവിതാംകൂർ വിട്ടതിനുശേഷമാണ് ബഷീർ ആ കഥ വീണ്ടും എഴുതുന്നത്. അങ്ങനെ, 1948 ജൂൺ 26 മുതൽ ജയകേരളം വാരികയിൽ ‘മരണത്തിന്റെ നിഴലിൽ’ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു തുടങ്ങി. പണ്ടെഴുതിയ കഥയുടെ പുതുക്കിയെഴുത്താണിതെന്ന് ആരും അന്നു തിരിച്ചറിഞ്ഞില്ല. കാരണം കഥ അത്രയധികം മാറ്റിയെഴുതിയിരുന്നു! 

(‘മരണത്തിനു മുൻപ്’ എന്ന നഷ്ടപ്പെട്ട ബഷീർ കഥ ജൂലൈ ലക്കം ഭാഷാപോഷിണിയിൽ വായിക്കാം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com