പ്രണബിന്റെ ഭാരതപര്യടനം, കാലം മറക്കാത്ത ഓർമ്മക്കുറിപ്പുകൾ
![pranab-mukherjee-book pranab-mukherjee-book](https://img-mm.manoramaonline.com/content/dam/mm/mo/literature/literaryworld/images/2020/9/1/pranab-mukherjee-book.jpg?w=1120&h=583)
Mail This Article
ആത്മകഥകളെ ചരിത്രഗാഥകളാക്കിയ അപൂര്‍വം രാഷ്ട്രീയക്കാരില്‍ ഒരാളാണ് പ്രണബ് കുമാര്‍ മുഖര്‍ജി. രാഷ്ട്രീയത്തെ സേവനമായി കാണുന്ന അപൂര്‍വം രാഷ്ട്രീയക്കാര്‍ക്ക് മാത്രം കഴിയുന്ന നിസ്വാര്‍ഥത. കാലത്തിനൊപ്പം അദ്ദേഹം കടന്നുപോയപ്പോഴും ബാക്കിയാകുന്നുണ്ട് ആ വ്യക്തിത്വത്തിന്റെ അപൂര്‍വ ശോഭയ്ക്കൊപ്പം അദ്ദേഹം എഴുതിയ പുസ്തകങ്ങളും.
രാഷ്ട്രീയക്കാരന് എന്ന നിലയിലും ഭരണ തന്ത്രജ്ഞന്‍ എന്ന നിലയിലും സുദീര്‍ഘവും മറ്റധികം പേര്‍ക്ക് അവകാശപ്പെടാനുമില്ലാത്ത കരിയറിന്റെ ഉടമയായ പ്രണബ് രാജ്യത്തിനു നല്കിയ സംഭാവനകളില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളുമുണ്ട്. ആ പുസ്തകങ്ങള്‍ ആത്മകഥയാണെങ്കിലും ഒരു വ്യക്തിയുടെ ജീവിതരേഖ മാത്രമല്ല. നേടിയ ബിരുദങ്ങളും പുരസ്കാരങ്ങളും ലഭിച്ച സ്ഥാനങ്ങളും കീര്‍ത്തി മുദ്രകളും മാത്രമല്ല. ഒരു രാജ്യത്തിന്റെ ഏറ്റവും സ്തോഭജനകമായ ചരിത്രം. ഇന്ത്യ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്ന ജനാധിപത്യം നേരിട്ട ഭീഷണികള്‍. രാജ്യത്തെ ആരു നയിക്കണം എന്നതിനെക്കുറിച്ച് അധികാരത്തിന്റെ ഇടനാഴികളില്‍ നടന്ന ചര്‍ച്ചകള്‍.
ദ് ഡ്രമാറ്റാക് ഡെക്കേഡ് എന്ന പ്രണബിന്റെ പുസ്തകത്തിന് ഒരു ഉപശീര്‍ഷകമുണ്ട്. ദി ഇന്ദിരാ ഗാന്ധി ഇയേഴ്സ്. ഉരുക്കു വനിതയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് പ്രണബ് എന്ന രാഷ്ട്രീയക്കാരന്റെ വളര്‍ച്ചയ്ക്കു വിത്തു പാകുന്നത്. അതിനു നിമിത്തമാകാന്‍ ഒരു മലയാളിയുടെ സാന്നിധ്യവുമുണ്ടായിരുന്നു എന്നതു മറ്റൊരു യാദൃഛികത. ബംഗാളിലെ മിഡ്നാപൂരില്നിന്ന് വി.കെ. കൃഷ്ണമേനോന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഇലക്ഷന് ഏജന്റായിരുന്നു പ്രണബ്. അദ്ദേഹത്തിന്റെ മികവ് കണ്ടറിഞ്ഞ ഇന്ദിര പ്രണബിനെ ബംഗാളില്‍ നിന്നു ഡല്‍ഹിയിലേക്കു ക്ഷണിച്ചതാണ് ഭാരത രത്ന വരെ നേടിയ ഐതിഹാസിക യാതയുടെ തുടക്കം കുറിച്ചത്. നാടകീയ ദശകം എന്ന പുസ്തകത്തില്‍ അടിയന്തരാവസ്ഥയുടെ അറിയാക്കഥകള്‍ വിശദീകരിക്കുന്നതിനൊപ്പം ഇന്ദിരാ ഗാന്ധിയുടെ വ്യക്തിത്വത്തിലേക്കും അദ്ദേഹം വെളിച്ചം വീശുന്നു.
![PTI1_25_2014_000165A PTI1_25_2014_000165A](https://img-mm.manoramaonline.com/content/dam/mm/mo/literature/literaryworld/images/2020/9/1/pranab-mukherjee-.jpg)
അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ ജനാധിപത്യം നേരിട്ട പ്രതിസന്ധിയില്‍നിന്ന് മുക്തമായെങ്കിലും രാജ്യത്തെ കാത്തിരുന്നത് അതിലും വലിയ സംഘര്‍ഷങ്ങള്‍. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആധാരശിലകളിലൊന്നായ മതേതരത്വം വെല്ലുവിളി നേരിട്ട വര്‍ഷങ്ങള്‍ കുടിയാണ് എണ്‍പതുകളും 90-കളുടെ ആദ്യപകുതിയും. 1980 മുതല്‍ 96 വരെ നീണ്ട ആ കാലഘട്ടത്തിന്റെ കഥയാണ് ടര്‍ബുലന്റ് ഇയേഴ്സ്.
മതേതരത്വം എന്ന മാഹാമൂല്യത്തെ തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളെ അതിജീവിച്ച രാജ്യത്തെ കാത്തിരുന്നത് കൂട്ടുകക്ഷി ഭരണത്തിന്റെ അതുവരെ പരിചിതമല്ലാതിരുന്ന സങ്കീര്‍ണതകള്‍. ഏകകക്ഷി ഭരണത്തില്‍ നിന്ന് രാജ്യം കൂട്ടുകക്ഷി ഭരണത്തിലേക്കു കളം മാറ്റിയ നാളുകളുടെ ചരിത്രമാണ് ദ് കൊളീഷന്‍ ഇയേഴ്സ്. ഒരു നേതാവിനെയോ ഒരു പാര്‍ട്ടിയേയോ മാത്രം തൃപ്തിപ്പെടുത്തിയിരുന്ന നാളുകളില്‍ നിന്് ഭിന്ന താല്പര്യങ്ങളുള്ള സംസ്ഥാന പാര്‍ട്ടികളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടിവന്ന നാളുകള്‍. ആ കാലം പ്രണബിനെപ്പോലെ ഭരണത്തിന്റെ തലങ്ങളിലുണ്ടായിരുന്ന നേതാക്കളില്‍ നിന്ന് ആവശ്യപ്പെട്ടത് സംയമനത്തിന്റെയും നയതന്ത്രങ്ങളുടെയും സൗഹാര്‍ദത്തിന്റെയും പുത്തന്‍ രാഷ്ട്രീയം.
സമാനതകളില്ലാത്ത പ്രതിസന്ധികളൂടെ രാജ്യം മുന്നോട്ടുപോകവെ, ഡല്‍ഹില്‍ നിന്നു മാറിനില്‍ക്കേണ്ടിവന്ന ചുരുങ്ങിയ വര്‍ഷങ്ങള്‍ ഒഴികെ പ്രണബ് ഇന്ത്യ ചരിത്രത്തിന്റെ ഏറ്റവും അടുപ്പമുള്ള സാക്ഷിയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചരിത്രസാക്ഷ്യങ്ങളായ ആത്മകഥകള്‍ക്ക് ആധികാരികതയുണ്ട്. വിശ്വസനീയതയുണ്ട്. ഒരു വ്യക്തിയെന്ന നിലയില്‍ എന്നും പ്രദര്‍ശിപ്പിച്ച ആത്മാര്‍ഥതയും സത്യസന്ധതയും സമ്മാനിച്ച തിളക്കവും.
ഇന്ത്യയുടെ ചരിത്ര രേഖകള്‍ക്കുവേണ്ടി വിദേശ ചരിത്രകാരന്മാരെ ആശ്രയിച്ചിരുന്ന അനിവാര്യതയുണ്ടായിരുന്നു ഒരു കാലത്തെങ്കില്‍ സ്വന്തം കാലില്‍ ഇന്ത്യ എന്ന രാജ്യം ജനാധിപത്യത്തിന്റെ കരുത്തില്‍ തലയുയര്‍ത്തിനിന്നപ്പോള്‍ കൂടെ നിന്ന പ്രണബ് ആ കാലത്തിന്റെ ചരിത്രമെഴുതിയും ഭാവിക്കു മുതല്ക്കാട്ടാകുന്നു. ഭാരതത്തിന്റെ രത്നം എന്ന വിശേഷണത്തെ അന്വര്‍ഥമാക്കി.
English Summary : Literary works of Pranab Mukherjee