ഭർത്താവ് ജോലിക്കിടെ തലകറങ്ങി വീണു; 'ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രോഗവിവരം പുറത്തുവന്നത്...'
Mail This Article
ഒരു യാത്രയ്ക്ക് ഇടയ്ക്ക് പ്രത്യേകിച്ച് ട്രെയിനിലോ ബസ്സിലോ ഉള്ള യാത്രയുടെ ഇടയ്ക്ക് എത്ര എത്ര മനുഷ്യരെയാണ് കണ്ടുമുട്ടുന്നത് അല്ലേ ഈ ഓരോ മനുഷ്യർക്കും പറയാൻ ഒരായിരം കഥകൾ ഉണ്ടാകുമല്ലേ? അവരുടെ ചിരിയുടെ പുറകിലെ കഥ അവരുടെ സ്വപ്നങ്ങളുടെ അവർ ആരും കാണാതെ കരഞ്ഞു തീർത്ത കണ്ണീരിന്റെ കഥ അങ്ങനെ എത്ര എത്ര കഥകളാണ് മനുഷ്യർക്ക് പറയാനുള്ളത്. ഇത്തിരി പോകുന്ന ഈ ജീവിതത്തിൽ മനുഷ്യൻ എത്രമാത്രം കഥകളിലൂടെ ആണല്ലേ കടന്ന് പോകുന്നത്? സത്യത്തിൽ ഒരു പ്രതിഭാസം ആണല്ലേ മനുഷ്യജീവിതം? ഓരോന്ന് ഇങ്ങനെ ചിന്തിച്ച് കൊണ്ട് അരുണിമ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു. പെട്ടന്നാണ് എറനാട് എക്സ്പ്രസ്സിനെ കുറിച്ചുള്ള അനൗൺസ്‌മെന്റ് വന്നത്. 3 ദിവസമായുള്ള അലച്ചിലാണ് ഹോസ്പിറ്റലിൽ. ഇന്ന് വീട്ടിൽ ചെന്ന് ഒന്ന് ഫ്രഷായി റസ്റ്റ് എടുക്കണം അല്ലെങ്കിൽ തനിക്ക് ഇനി ഒന്നും രാഹുലിന് വേണ്ടി ചെയ്യാൻ കഴിയാതയാവും. താൻ ശാരീരികമായും മാനസികമായും അത്രത്തോളം തളർന്നിരിക്കുന്നു. 3 ദിവസമായുള്ളൂ രാഹുലിന് അസുഖം മൂർച്ഛിച്ചിട്ട്. 2 വർഷത്തോളമായി തൃശ്ശൂരിലെ മുന്തിയ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. വർക്ക് ചെയ്തു കൊണ്ടിരുന്നപ്പോൾ തലകറങ്ങി വീണു. ആശുപത്രിയിൽ എത്തിച്ചപ്പോൾ ബ്ലഡ് കാൻസർ ആണെന്ന് അറിഞ്ഞു. അന്ന് ഡോക്ടർ വാസുദേവൻ എന്നോട് പറഞ്ഞതാണ് 2 വർഷത്തിൽ കൂടുതൽ ആളു മുന്നോട്ടു പോകില്ല എന്ന്.
അന്ന് മുതൽ താനൊരു അഭിനയ ജീവിതത്തിൽ ആയിരുന്നു. ആരെയും ഒന്നും അറിയിക്കാതെ എല്ലാം ഉള്ളിലൊതുക്കി പുറത്തു സന്തോഷവതിയായി ഒരു അഭിനയജീവിതം. അതോടൊപ്പം പലതിനെ നേരിടാനും മനസ്സിനെ പാകപെടുത്തുക കൂടിയായിരുന്നു. ഇതിപ്പോൾ 3 ദിവസമായിട്ടൊള്ളു രാഹുലിന്റെ കണ്ടിഷൻ ക്രിട്ടിക്കൽ ആയിട്ട്. ട്രെയിനിൽ കയറി ഹോസ്പിറ്റലിലെ ക്യാന്റീനിൽ നിന്ന് വാങ്ങിയ ഫുഡ് പാക്കറ്റ് പൊട്ടിച്ചു കഴിക്കാൻ ശ്രമിച്ചു. പക്ഷെ വേദന കൊണ്ട് കരയുന്ന രാഹുലിന്റെ മുഖം അവളെ അതിനു അനുവദിച്ചില്ല. എല്ലാവരുടെയും മുൻപിൽ അവൾ തന്റേടിയാണ്. ഭർത്താവിന്റെ രോഗവിവരം എല്ലാവരിൽ നിന്നും മറച്ചു വെച്ച തന്റേടി, ഭർത്താവിന്റെ വേദനയിൽ ഒരു നുള്ള് കണ്ണീർ പൊഴിക്കാത്ത സ്നേഹമില്ലാത്തവൾ. പക്ഷേ അവൾ ആരും കാണാതെ ഒറ്റക്ക് കരഞ്ഞു തീർത്ത കണ്ണീരിന്റെ കണക്ക് ആർക്കും അറിയില്ലല്ലോ. പരാജയപ്പെട്ട ആത്മഹത്യയുടെ ഒരേട് അവളുടെ ജീവിതത്തിൽ ഉണ്ട് എന്നതും ആർക്കും അറിയില്ലല്ലോ. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടത് നഷ്ടപ്പെടാൻ പോവുകയാണ് എന്ന് അറിഞ്ഞു കൊണ്ടുള്ള പിന്നീട് ഉള്ള ജീവിതം വളരെ ദുസ്സഹം ആണ്. അതു അനുഭവിച്ചവർക്ക് മാത്രം മനസ്സിലാവുന്ന ഒരു അവസ്ഥയാണ്. പുറത്തു നല്ല മഴ പെയ്യുകയാണ്. രാഹുലിനെ കുറിച്ചുള്ള ഓർമ്മകൾ അവർ ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ എല്ലാം അവളുടെ കണ്ണിലൂടെ കണ്ണീരായി ഒഴുകി.
“എന്ത് പറ്റി? ആകെ ടെൻഷനിൽ ആണ് എന്ന് തോന്നുന്നല്ലോ” മുൻപിലെ സീറ്റിൽ ഇരിക്കുന്ന ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ, അയാൾ ട്രെയിനിൽ കയറിയത് ഒന്നും അവൾ അറിഞ്ഞിരുന്നില്ല. അവൾ ആ ചോദ്യത്തിന് മറുപടി ഒന്നും കൊടുത്തില്ല. “നിങ്ങൾ എന്തോ നല്ല വിഷമത്തിലാണ് എന്ന് എനിക്ക് അറിയാം. എന്താണ് എന്ന് ഞാൻ ചോദിക്കുന്നില്ല. പക്ഷേ നിങ്ങളുടെ മട്ടു കണ്ടിട്ട് തോന്നുന്നത് നിങ്ങളുടെ പ്രിയപ്പെട്ട ആരോ നിങ്ങളെ വിട്ട് പോയി, അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ട ആരുടെയോ മരണം കാത്തു നിൽക്കയാണ്. ഇതിൽ ഞാൻ പറഞ്ഞതിൽ രണ്ടാമതാവാനാണ് കൂടുതൽ സാധ്യത” അവൾ ഞെട്ടി. തന്റെ മനസ്സ് വായിച്ച പോലെ ആ യുവാവ് പറയുന്നത് കേട്ടപ്പോൾ. “നിങ്ങൾക്ക് എന്നെ അറിയോ” അവൾ ചോദിച്ചു “പിന്നെ മനുഷ്യന്മാർക്ക് മനുഷ്യന്മാരെ അറിയാതെ ഇരിക്കോ” അയാൾ പൊട്ടി ചിരിച്ചു. അവൾക്ക് എന്തെന്ന് ഇല്ലാത്ത ഒരു ആശ്വാസം തോന്നി. അവൾ അയാളോട് രാഹുലിനെ കുറിച്ചും അവളുടെ വേദനകളെ കുറിച്ചും പറഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു “മനുഷ്യജീവിതത്തിൽ എന്നും പറഞ്ഞിട്ടുള്ളതാണ് പ്രിയപെട്ടവരായിട്ടുള്ള വേർപാട്. അത് മനുഷ്യൻ സഹിച്ചു മറന്നു മുൻപോട്ട് പോയാലെ മനുഷ്യന് ജീവിക്കാൻ സാധിക്കുകയുള്ളു. ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ഭർത്താവ് കൂടെയുള്ള സമയത്ത് അയാൾക്ക് പരമാവധി ആശ്വാസം പകരാൻ ശ്രമിക്കുക. അയാൾ പോയാലും അയാളുടെ ഓർമ്മകൾ എന്നും നിങ്ങളിൽ ജീവിക്കും”
ജീവിതത്തിൽ ആരും കൊടുക്കാത്ത ഒരു ആശ്വാസം അവൾക്ക് ആ അപരിചിതനിൽ നിന്ന് കിട്ടി. അവളുടെ സ്റ്റോപ്പ് എത്തി. അവൾ ട്രെയിനിൽ നിന്ന് പുറത്തിറങ്ങി. അയാളുടെ നേരെ കൈവീശിയപ്പോൾ അവളുടെ മനസ്സിലെ ചിന്ത ആരായിരുന്നു അയാൾ? അവൾ വീട്ടിൽ എത്തി. കട്ടിലിലോട്ട് ശരീരം പതിച്ചപ്പോൾ അവളുടെ മനസ്സ് നിറയെ ആ യുവാവ് ആയിരുന്നു അവൾ ചിന്തിച്ചു. ചില മനുഷ്യർ അങ്ങനെയാണ് നമ്മുടെ ഹൃദയം പെട്ടന്ന് അങ്ങ് വായിച്ചെടുക്കും. കുറച്ചു നേരത്തെക്കെങ്കിലും നമ്മുടെ മനസ്സിന്റെ നോവിന് ആശ്വാസം നൽകും. അവർ നമ്മുടെ ആരും അല്ലായിരിക്കും. പെട്ടന്ന് നമ്മുടെ ആരെങ്കിലും ഒക്കെയായി തീരും. അയാൾ പറഞ്ഞപോലെ അല്ലാതെ മനുഷ്യനെ മനുഷ്യന് അല്ലാതെ ആർക്കാ മനസ്സിലാക്കാൻ സാധിക്ക!