'തിരക്കഭിനയിച്ച് എല്ലാവരെയും ഒഴിവാക്കിയിരുന്ന കൂട്ടുകാരന് പെട്ടെന്നൊരു മാറ്റം, വല്ലാത്ത സ്നേഹപ്രകടനം...'

Mail This Article
ഇതൊരു സംഭവ കഥയാണ്. സംഭവിച്ചത് ഇക്കഴിഞ്ഞ സെപ്തംബർ മാസം പതിനഞ്ചിനാണെന്നാണ് എന്റെ ഓർമ്മ. അറുപത് കഴിഞ്ഞ ഞാനും അമ്പതിനോടടുക്കവേ ഭക്തി മാർഗ്ഗത്തിലേക്ക് പൂർണ്ണമായും തിരിഞ്ഞുകഴിഞ്ഞ നല്ലപാതിയും ഒരുമിച്ച് തിരുപ്പതി സന്ദർശനം കഴിഞ്ഞെത്തിയ വിവരം മുഖപുസ്തകത്തിലൂടെ അറിഞ്ഞെന്നും പറഞ്ഞാണ് പതിവില്ലാതെ ദാമോദരൻ വിളിച്ചത്. അടുത്തൂൺ പറ്റി വെറുതെയിരിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനായി അമ്പലങ്ങളിലും ആരാധനാകേന്ദ്രങ്ങളിലും ഇടയ്ക്ക് പോകുക പതിവാണ്. ഇപ്പോഴത്തെ ട്രന്റ് അനുസരിച്ച് മൊബൈലിലെടുക്കുന്ന ചില ചിത്രങ്ങൾ എന്തെങ്കിലും കുറിപ്പോട് കൂടി ഫെയ്സ് ബുക്കിൽ ഇടുകയും ചെയ്യും. വനം വകുപ്പിൽ ആയിരുന്നത് കൊണ്ട് തന്നെ ഫീൽഡിലെ കുറച്ച് സ്റ്റാഫുകളുമായി ബന്ധമുള്ളതിനാൽ പോസ്റ്റുകൾ കാണുമ്പോൾ ആരെങ്കിലുമൊക്കെ വിളിച്ച് അന്വേഷിക്കുകയും ചെയ്യും. നാടോടുമ്പോൾ നടുവേ. പാമ്പിനെത്തിന്നുന്ന നാട്ടിലെത്തിയാൽ നടുക്കണ്ടം തിന്നണം. അല്ലാണ്ടെന്താ. വലിയ ചിലവുമില്ല. എന്നാലും ഇപ്പോൾ ഇതെന്താണാവോ അസ്ഥാനത്തൊരു വിളിയും സൗഹൃദം പുതുക്കലും?
നമ്മുടെ നാട്ടിലെ അറുത്ത കൈയ്ക്ക് ഉപ്പ് തേയ്ക്കാത്ത ധീര സേനാനിയാണ് സാക്ഷാൽ ശ്രീമാൻ എന്നാണ് അഭിജ്ഞമതം. എന്റെ ബാല്യകാല സുഹൃത്തും. പക്ഷേ കക്ഷി പട്ടാളത്തിൽച്ചേർന്നതിനുശേഷം നാളിത്രയും പിടി തരുന്നേ ഉണ്ടായിരുന്നില്ല. തിരക്കോട് തിരക്കാണത്രേ. അവധിക്ക് വരുമ്പോൾ യുദ്ധങ്ങളിലേയും ആന്റീ ടെററിസ്റ്റ് ഓപ്പറേഷനുകളിലേയും മുന്നണിപ്പോരാളിയായിരുന്നുവെന്ന് മേനി നടിക്കുകയും യുദ്ധക്കഥകൾ പറഞ്ഞ് കേൾവിക്കാരായ നാട്ടുകാരായ പാവങ്ങളെ നടുക്കുകയും കോൾമയിർകൊള്ളിക്കുകയും ആണ് ഇഷ്ടന്റെ മുഖ്യ വിനോദം. പറയുമ്പോൾ ആർമി ഹെൽത്ത് കോറിലെ ഡെന്റൽ വിങിൽ കമ്പൗണ്ടറായിരുന്നു കക്ഷി എന്നത് അടുത്ത കുറെപ്പേർക്കെങ്കിലും അറിയാം. അതേ സമയം കെട്ടിലും മട്ടിലും തനി മേജർ ജനറലും. എഴുതുന്നതാവട്ടെ സിയാച്ചിനിലെ മഞ്ഞിടിച്ചിലിൽ അകപ്പെട്ടതും ഒറ്റയ്ക്ക് ബങ്കറുകൾ നിർമ്മിച്ചതും ലൈൻ ഓഫ് കൺട്രോളിൽ മൈനസ് ഇരുപത്തേഴ് ഡിഗ്രിയിലെ രാത്രിയിൽ നടത്തിയ കോമ്പിംഗ് ഓപ്പറേഷനുമൊക്കെയാണ്. ഇടയ്ക്ക് നാട്ടിലെ ഏതോ വേട്ടാവളിയൻ പേനയുന്താളനുമായുണ്ടാക്കിയ ‘ക്വാട്ടക്കുപ്പികളുടെ സൗഹൃദം’ കാരണം ടി പത്രത്തിന്റെ വാരാന്തപ്പതിപ്പിലൂടെ നമ്മുടെ അഭിനവ ഹീറോ നിറുത്തില്ലാതെ പോരാട്ട വീരസ്യങ്ങൾ വിളമ്പിയെന്നും കാലം പോകെ “ലെഫ്റ്റനന്റ് കേണൽ ദാമു (റിട്ട.)” എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഒരു തനി പട്ടാളക്കഥ എഴുത്തുകാരനായി രൂപാന്തരപ്പെട്ടിരിക്കുകയാണെന്നും ഒക്കെയുള്ള കിംവദന്തികൾ എന്നേയും തേടിയെത്തിയിരുന്നു. എന്നാൽ ഞാനതത്ര കാര്യമാക്കിയതുമില്ല. കാരണം ഇന്ത്യൻ പട്ടാളത്തിൽ പണിയെടുക്കാതെ തന്നെ ലെഫ്റ്റനന്റ് കേണലുമാരായവരുടെ തിക്കും തിരക്കുമാണല്ലോ ഇപ്പോളെങ്ങും.
പണ്ട് മുറി ബീഡിയും വലിച്ച് തേരാപ്പാരാ നടന്നിരുന്ന കാലത്ത് നാട്ടിലെ ഒരു പാരലൽ കോളജിൽ പഠിപ്പിക്കാൻ പോകുമായിരുന്നു സഖാവ് ദാമോദരൻ. വൈകുന്നേരങ്ങളിൽ തിരികെ വരുമ്പോൾ ട്യൂട്ടോറിയലിന് അടുത്തുള്ള ബീരാനിക്കയുടെ പെട്ടിക്കടയിൽ മണിക്കൂറുകളോളം നിന്ന് ലിപ്ടൺ തേയിലയിൽ അടിക്കുന്ന ഒരു ചായയും പറഞ്ഞ് അവിടെ വിൽക്കാനിട്ടിരിക്കുന്ന സകലമാന സിനിമ വാരികകളുടേയും സെന്റർ പേജും സിനിമാ നടികളുടെ ശരീരവടിവുകളും അവരെക്കുറിച്ചുള്ള ഗോസിപ്പുകളും ആസ്വദിക്കുകയായിരുന്നു പ്രധാന തൊഴിൽ എന്ന് ദോഷൈകദൃക്കുകൾ കണ്ടെത്തി. അന്നോളം പോക്കറ്റിൽ നിന്ന് ദമ്പടി കൊടുത്ത് ടിയാൻ ഒരു വാരികയും വാങ്ങിയിട്ടില്ല എന്നത് എല്ലാപേർക്കുമറിയുന്ന ഒരു സത്യം മാത്രമായിരുന്നു. ദാമുവിന്റെ സ്ഥിരസാന്നിധ്യവും ഉൾപ്പേജുകളിലേക്കുള്ള ആക്രാന്തം പിടിച്ച നോട്ടവും കണ്ടു പകച്ച് പകൽ മാന്യന്മാരും തൽപര കക്ഷികളുമൊന്നും അവിടെ സിനിമാ വാരികകൾ വാങ്ങാൻ വരാതെയായി. ഗത്യന്തരമില്ലാതെ ബീരാനിക്ക ആവനാഴിയിലെ ബ്രഹ്മാസ്ത്രം തന്നെ അവസാനം എടുത്ത് പ്രയോഗിച്ചു. പിറ്റേ ആഴ്ച വാരിക വന്നയുടൻ ഹാജരായ ദാമു ആവേശത്തോടെ നടുക്കലെ പേജ് തുറക്കാൻ ശ്രമിച്ചപ്പോഴാണ് അമളി പിണഞ്ഞത് മനസ്സിലായത്. നടുവിലെ രണ്ട് പുറങ്ങളിലായി പരന്നുകിടക്കുന്ന അൽപ വസ്ത്രധാരിയായ ഏതോ മനോമോഹിനിയുടെ അഴകളവുകൾ പുറത്ത് കാണാനാവാത്ത വിധം ബീരാനിക്ക ആ രണ്ട് പേജുകൾ ചേർത്ത് സ്റ്റാപ്ളർ പിന്നുകൾ കൊണ്ട് ബന്തവസ്സാക്കിയിരിക്കുന്നു! എരുമപ്പാലിൽ ലിപ്ടൻ തേയിലപ്പൊടിയും ചേർത്ത് ആയത്തിൽ മൂന്നടിയടിച്ച് വെട്ടുഗ്ലാസ്സിലൊഴിച്ച ചായയുമായി തിരിഞ്ഞപ്പോൾ ഓർഡർ ചെയ്ത ദാമൂനെ കാണാനില്ല. പിന്നീടാണ് തനിക്ക് പിണഞ്ഞ അമളിയിൽ പ്രതിഷേധിച്ച് ആശാൻ രംഗം കാലിയാക്കിയിരിക്കുകയാണെന്ന് ഇക്ക അറിയുന്നത്.
അതിന് തൊട്ടടുത്ത ആഴ്ചയിലായിരുന്നു കല്ലമ്പലത്തെ ഓലപ്പുരയിൽ സിൽക്ക് സ്മിതയുടെ ഇണയെത്തേടിയെന്ന ഉച്ചപ്പടം കണ്ടിരിക്കെ വലിയ ഒരക്കിടി പിണഞ്ഞത്. ദീനദയാലുവായ തിയറ്റർ ഉടമ അറിഞ്ഞോ അറിയാതെയോ സിനിമയ്ക്കിടയിൽ ചേർത്ത ‘കുഞ്ഞ്തുണ്ടുകൾ’ തൃക്കൺ പാർത്ത് നിർന്നിമേഷരായിരിക്കെ ഏതോ സാമദ്രോഹി സ്വയം യൂദാസായി ഒറ്റുകയും തദ്വാരാ പൊലീസുകാരെത്തി ഷോ തടയുകയും കൊട്ടക അടപ്പിക്കുകയും ഇക്കിളി രംഗങ്ങൾ കണ്ടിരുന്നവരെയെല്ലാം പൊരിയുന്ന ഉച്ചവെയിലത്ത് വരിയായി നിറുത്തി പേരും വിലാസവും എഴുതിയെടുത്ത് നാറ്റിക്കുകയും ചെയ്തത് അങ്ങനെയാണ്. സമൂഹത്തിലെ പേരുകേട്ട വീടുകളിലെ ഒട്ടനവധി കാരണവന്മാർ അക്കൂട്ടത്തിലുണ്ടായിരുന്നതിനാൽ വലിയ കേടുപാടുകളും കാലവിളംബവുമില്ലാതെ കാര്യങ്ങൾ ഒത്തുതീർപ്പായി എന്നത് മറ്റൊരു കാര്യം. എന്നിരുന്നാലും പ്രായപൂർത്തിയെത്തിയ പെമ്പിള്ളേർ നിരന്നിരിക്കുന്ന ട്യൂട്ടോറിയൽ ക്ലാസ്സുകളിൽ വെള്ളമിറക്കി നിന്ന് പഠിപ്പിക്കുന്ന പരിപാടി അതോടെ മുടങ്ങിയെന്ന് പറഞ്ഞാൽ മതിയല്ലോ. ഇന്നാണെങ്കിൽ അതൊന്നും ഒരു തെറ്റായി കണക്കാക്കുക കൂടിയുണ്ടാവില്ലായിരുന്നു. പഞ്ഞിട്ടെന്താ കാര്യം. എന്തായാലും നാട്ടിലിനി ക്ലാസ്സെടുത്തും ട്യൂഷൻ പഠിപ്പിച്ചും നിൽക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ദാമോദരൻ വടക്കുള്ള ഏതോ ഏജന്റിന് കൈമടക്ക് കൊടുത്ത് ആവശ്യത്തിന് ഉയരമുണ്ടോയെന്ന് അളവെടുപ്പിക്കാതെയും നെഞ്ച് പെരുപ്പിച്ച് കാണിക്കാതെയും പട്ടാളത്തിൽ ചേർന്നെന്നാണ് പിന്നീട് നാട്ടിൽ പടർന്ന ശ്രുതി.
‘സുഖമാണല്ലോ അല്ലേ... വിളിക്കണമെന്ന് എപ്പോഴും കരുതും. സത്യത്തിൽ അക്സായി ചിന്നിലെ തണുത്തുറഞ്ഞ ബങ്കറുകളിൽ കാത്തിരിക്കുമ്പോൾ ബഡ്ഢികൾ പുറത്തെ മഞ്ഞുകട്ടകൾ വാരിയെടുത്ത് തിളപ്പിച്ചുണ്ടാക്കുന്ന കട്ടൻ ചായ മൊത്തിയിരിക്കുന്ന നേരങ്ങളിൽപ്പോലും തന്നെക്കുറിച്ച് ആലോചിക്കുമായിരുന്നു. തന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു ബ്രോ’ അതൊരു വല്ലാത്ത മുഖവുര ആയിപ്പോയി. എന്തിനാണ് എന്നെക്കുറിച്ച് ഇങ്ങനെ വേപഥു പൂണ്ടതെന്ന് ചോദിച്ചാലോയെന്ന് കരുതുമ്പോഴേക്കും ദാമു ബാക്കികൂടി ഒഴുക്കിൽ പറഞ്ഞുനിറുത്തി. ‘ അതങ്ങനെയാണ് ചിലപ്പോൾ ആർട്ടിലറിയുടേയും അമ്മ്യൂനിഷന്റേയും റീപ്ളെനിഷിംഗിനായി ദിവസങ്ങളോളം ജീവൻ കൈയ്യിൽപ്പിടിച്ച് കാത്തിരിക്കേണ്ടി വരും. അതെന്റെ ‘ഹിമപ്പുലികൾക്കൊപ്പം’ എന്ന യാത്രാവിവരണത്തിൽ കൃത്യമായി പറയുന്നുണ്ട്. വാസു വായിച്ചുകാണുമല്ലോ, അല്ലേ.’ ഇപ്പോൾ മറുപടിക്കായി പരതിയത് ഞാനാണ്. എന്നാൽ അതത്ര കാര്യമാക്കാതെ തന്നെ അയാൾ തുടർന്നു. ‘ങ്ഹാ...അത് പോട്ടെ. ഇപ്പോൾ സോഷ്യൽ മീഡിയയുടെ കാലമാണല്ലോ. വാസൂന് എഫ് ബിയിലും ഇൻസ്റ്റായിലും നല്ല ഫോളോവേഴ്സ് ഉണ്ടല്ലോ. പോസ്റ്റുകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. എനിക്കൊരു സഹായം വേണം. നാളെ വൈകിട്ട് എന്റെ പുതിയ ബുക്കിന്റെ കവർ പ്രകാശനമാണ്. ‘മഞ്ഞുമലകൾക്കകത്തെ പടയൊരുക്കങ്ങൾ എന്നാണ് പേര്. കവർ ഞാൻ അയച്ചുതരാം. എഫ് ബിയിലൊക്കെ അതൊന്നിട്ട് അലക്കണേ. എല്ലാപേരും ഒരു പരസ്പര സഹായസഹകരണ സംഘമാണവിടെ ബ്രോ. ഒന്ന് നോക്കിയാലറിയാം. ഓക്കേ, ബൈ.’ ഫോൺ ഝടുതിയിൽ കട്ടായി. ഇത് പറയാനായിരുന്നോ ഇയാൾ വിളിച്ചത്. എഫ് ബിയിൽ എന്റെ പോസ്റ്റുകൾക്ക് അടുത്തിടെ പതിവില്ലാതെ ലൈക്കും കമന്റും ഒക്കെക്കണ്ടപ്പോൾ പഴയ സതീർത്ഥ്യനോട് മിണ്ടാനും പറയാനുമൊക്കെയായി എത്തിയതാണെന്ന് ഒരുവേള ഞാൻ സംശയിച്ചുപോയിരുന്നു.
അന്നത്തേക്ക് ശേഷം ഇടയ്ക്കിടയ്ക്ക് മൊബൈലിൽ കാൾ വരിക പതിവായി. ‘ഇന്ന് വൈകിട്ട് ഒരു ചർച്ചയുണ്ട്. പുതിയ നോവലാണ്. ‘സ്ളീപ്പർസെല്ലുകൾക്കിടയിൽ ജാഗ്രതയോടെ’ എന്നാണ് പേര്. ഫിക്ഷനാണ്. നന്നായി വിറ്റ് പോയ പുസ്തകമാണ്. വാസു കണ്ടായിരുന്നോ. ഇല്ലെങ്കിലും കുഴപ്പമില്ല. ഞാനിപ്പോൾ കുറച്ച് ചോദ്യങ്ങൾ ഇപ്പോൾ അങ്ങോട്ടയക്കാം. ഒപ്പം ഗൂഗിൾ ലിങ്കും. സമയത്ത് അതിൽക്കയറി ചോദിച്ചാൽ മതി. ഉത്തരം ഞാൻ പറഞ്ഞോളാം. അതോടെ സംഗതി ലൈവാകും.’ ‘ബ്രോ, ഇന്ന് വൈകിട്ട് അഞ്ചിന് സംസ്കൃതി ഭവനിലെ വലിയ ഹാളിൽ പ്രകാശനമാണ്. പുതിയ ബുക്ക്. സേഫ് ഹൗസ്! സംഗതി ത്രില്ലർ ആണ്. പത്രത്തിൽ ആഡ് വന്നിരുന്നത് കണ്ടുകാണുമല്ലോ. കവർ ഞാൻ മുൻപ് അയച്ചിരുന്നു. എഫ് ബിയിൽ ഷെയർ ചെയ്ത് കാണുമല്ലോ, അല്ലേ. കൃത്യമായും എത്തണം. ഒരുപാട് സാഹിത്യകാരന്മാരും സിനിമാക്കാരും ഒക്കെ എത്തുന്നതാണ്. നമുക്ക് നേരിട്ട് കാണുകയും ചെയ്യാമല്ലോ. എത്ര നാളായി തമ്മിൽക്കണ്ടിട്ട് തന്നെ.’
ശരിക്കും അതൊക്കെ വനം വകുപ്പിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥന്മാരുടെ ആട്ടും തുപ്പും ഏറ്റ് അടുത്തൂൺ പറ്റിപ്പിരിഞ്ഞ ഓൾഡ് ഗാർഡിൽ പെടുന്ന ഗുമസ്തനായ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു. കേവലം ഒരു കമ്പോണ്ടറായിരുന്ന ദാമോദരന്റെ ഇത്തരം സ്ട്രാറ്റജിക് വിളയാട്ടങ്ങൾ എങ്ങനെയാണ് അനായാസമായി വിജയം കാണുന്നതെന്നും എനിക്കറിയണം എന്നുണ്ടായിരുന്നു. സത്യത്തിൽ എഫ് ബിയുടേയും ഇൻസ്റ്റാഗ്രാമിന്റേയും ഒക്കെ വില മനുഷ്യജീവിതത്തിൽ ഇത്രത്തോളമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നതും അപ്പോഴാണ്. എന്തായാലും ഇനി വൈകിക്കുന്നില്ല. ഈ കുറിപ്പ് എന്റെ എഫ് ബിയിൽ ഞാനും ഒന്ന് ഇട്ടുനോക്കട്ടെ. ലൈക്കും കമന്റും കൂടുമോയെന്ന് നോക്കാം. ഇല്ലെങ്കിൽ കുറേപ്പേരെ വിളിച്ച് ഷെയറാനും പറയാം. ഒന്നിറങ്ങിക്കളിക്കാം. അല്ല പിന്നെ!