ADVERTISEMENT

കടന്നുപോയ തിക്താനുഭവങ്ങൾക്ക് കാലം തന്ന പ്രതിഫലമാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ വിജയമെന്ന് സംവിധായകൻ വിനയൻ. തിരക്കഥയുമായി, തിരക്കുള്ള താരങ്ങൾക്കു പിന്നാലെ പോയിട്ട് ഡേറ്റ് ഇല്ല എന്ന് കേൾക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് സിജു വിത്സനെപ്പോലെ കഴിവുള്ള ഒരു യുവതാരത്തെ നായകനാക്കാൻ തീരുമാനിച്ചത്. ചരിത്രത്തിൽ അധികമാരും അടയാളപ്പെടുത്താതെ പോയ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകന്റെ കഥപറഞ്ഞ സിനിമ മലയാളികൾ സ്വീകരിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്നും വിനയൻ മനോരമ ഓൺലൈനിനോട് പറഞ്ഞു

ഒരുപാട് സന്തോഷം തന്ന ഓണക്കാലം

വളരെ റിസ്ക് എടുത്ത് ഒരുപാട് അധ്വാനിച്ച് എടുത്ത ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ആ കാലഘട്ടത്തിലെ അതിതീക്ഷ്ണമായ ഒരു പ്രമേയമാണ് നമ്മൾ അവതരിപ്പിച്ചത്. ചരിത്രകാരന്മാർ അധികം ശ്രദ്ധകൊടുക്കാതെ പോയ ഒരു നവോത്ഥാന നായകനാണ് ആറാട്ടുപുഴ വേലായുധ പണിക്കർ. അദ്ദേഹത്തിന്റെ കഥ സിനിമയാക്കിയപ്പോൾ അത് പ്രേക്ഷകർ സ്വീകരിച്ചതിൽ അങ്ങേയറ്റത്തെ സന്തോഷമാണ്. ഈ സിനിമ വർഷങ്ങളായി കൊണ്ടുനടന്ന എന്റെ ഒരു സ്വപ്നമായിരുന്നു. ഗോകുലം ഗോപാലൻ എന്ന നിർമാതാവ് ഇത് ചെയ്യാൻ തയാറായതിൽ നന്ദിയും സ്നേഹവുമുണ്ട്. സാധാരണക്കാരായ ജനങ്ങൾ പടം കണ്ടിട്ട് വിളിച്ചു പറഞ്ഞത് അന്യസംസ്ഥാനത്ത് എടുത്ത ബ്രഹ്മാണ്ഡ പടം കണ്ടു കോരിത്തരിച്ചിരുന്ന നമുക്ക് നമ്മുടെ നാട്ടിൽത്തന്നെ ഇത്തരമൊരു സിനിമ ചെയ്തു തന്നതിൽ നന്ദിയുണ്ട് എന്നാണ്. ഇതൊക്കെ കേൾക്കുമ്പോൾ ഒരു സംവിധായകൻ എന്ന നിലയിൽ സന്തോഷമുണ്ട്.

മറ്റൊരു സന്തോഷം കഴിവുള്ള ഒരു ചെറുപ്പക്കാരനെ ആക്‌ഷൻ ഹീറോയായി അവതരിപ്പിച്ച്, അയാൾ വിജയിച്ചു എന്ന് കേൾക്കുന്നതാണ്. അതുപോലെ കയാദു എന്ന ഒരു പുതുമുഖ താരത്തെ നങ്ങേലി ആയി അവതരിപ്പിച്ചു. അവളും കഥാപാത്രത്തോട് നീതിപുലർത്തി അതി ശക്തമായ ഒരു സാന്നിധ്യമായി മാറി എന്നാണ് പ്രേക്ഷക പ്രതികരണം. എന്റെ മകൻ വിഷ്ണു ഉൾപ്പടെ ഓരോ ചെറിയ കഥാപാത്രം ചെയ്തവർ പോലും നന്നായി ചെയ്തു എന്ന് കേൾക്കുന്നത് വളരെ സന്തോഷം തരുന്നു.

എനിക്കെതിരെ സിനിമയിൽ കുറെക്കാലമായി നിന്ന പ്രശ്നങ്ങളും എന്റെ സഹപ്രവർത്തകരുമായുള്ള പിണക്കങ്ങളും എന്നെ ഒറ്റപ്പെടുത്തി മാറ്റി നിർത്തലും ഒക്കെക്കഴിഞ്ഞ് തിരികെ വരുമ്പോൾ ഇത്തരമൊരു ചിത്രം ചെയ്തിട്ട് അതിൽ എന്റെ കയ്യൊപ്പു ചാർത്താനായി എന്ന് കേൾക്കുമ്പോൾ അതും വലിയ സന്തോഷമാണ്. അങ്ങനെ ഒത്തിരി സന്തോഷങ്ങൾ ഈ ഓണത്തിന് ലഭിച്ചു. പക്ഷേ ഞാൻ ഇതുകൊണ്ടൊന്നും മതിമറന്നു പോകില്ല. കിട്ടിയ പ്രതികരണങ്ങളിൽ സന്തോഷം. ഇനിയും ഒരുപാട് വലിയ കഥകൾ മനസ്സിലുണ്ട്. അതൊക്കെ യാഥാർഥ്യമാക്കണം എന്ന ചിന്ത മാത്രമേ ഉള്ളൂ.

രണ്ടാം നിര നായകനായ സിജു വിൽസനെ നായകനാക്കാൻ തീരുമാനിച്ചപ്പോൾ സംശയം ഉണ്ടായിരുന്നോ?

ഗോകുലം ഗോപാലേട്ടൻ എന്നോടു പറഞ്ഞത്, വിനയൻ ഒരുപാട് പുതിയ താരങ്ങളെ മലയാളത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അവരെല്ലാം വിജയിച്ചിട്ടുണ്ട്. അതുകൊണ്ടു വിനയന് ഇഷ്ടമുള്ളതുപോലെ ചെയ്യൂ എന്നാണ്. എന്തുകൊണ്ട് സിജു എന്ന ചോദ്യത്തിന് എന്റെ ഉത്തരം, സിനിമയുടെ സ്ക്രിപ്റ്റ് നിർമാതാവുമായി ചർച്ച ചെയ്തു കഴിഞ്ഞ് എനിക്ക് താരങ്ങൾക്കായി കാത്തിരിക്കാൻ താൽപര്യമില്ലായിരുന്നു. കഴിവുള്ള ആരെയെങ്കിലും കണ്ടെത്തി അഭിനയിപ്പിക്കാൻ ആയിരുന്നു തീരുമാനം. സൂപ്പർ താരങ്ങളെ തപ്പി പുറകെ ചെല്ലുമ്പോൾ ഇനി രണ്ടു വർഷത്തേക്ക് ഡേറ്റ് ഇല്ല എന്നു കേട്ടിട്ട് പ്രോജക്റ്റ് ഉപേക്ഷിക്കാനൊന്നും കഴിയില്ല. പണ്ടുമുതൽ എന്റെ സ്വഭാവം അതാണ്. ആരുടെ ഡേറ്റ് ഇല്ലെങ്കിലും പടം ചെയ്യാൻ കഴിയും എന്നു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. റിസ്ക് ഏറ്റെടുക്കുക എന്നത് എന്റെ കുഞ്ഞുന്നാൾ മുതലുള്ള സ്വഭാവമാണ്. എന്റെ ആദ്യകാല ചിത്രങ്ങളിലും ജീവിതത്തിലും ഞാൻ റിസ്ക് എടുക്കുന്ന ആളായിരുന്നു. സിജുവിന് ഈ കഥാപാത്രം ചെയ്യാൻ കഴിയും എന്ന് എനിക്ക് തോന്നി. ആ തോന്നൽ തെറ്റായില്ല എന്ന് ഇപ്പോൾ തെളിഞ്ഞു. ഈ കഥാപാത്രത്തിലൂടെ സിജുവിനും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ചെയ്യാൻ കഴിഞ്ഞു.

siju

കയാദു ലോഹറിന്റെ നങ്ങേലി

കയാദു ലോഹർ ഒരു അദ്ഭുത പ്രതിഭാസമാണ് എന്നു പറയാനാണ് എനിക്കിഷ്ടം. ആ കുട്ടി സിനിമയിൽ പുതുമുഖമാണ്. ഈ കഥാപാത്രത്തിന് വേണ്ടി ഞാൻ ഒരുപാടുപേരെ നോക്കിയിരുന്നു. എനിക്ക് വേണ്ടത് കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ശരീരപ്രകൃതിയുള്ള, സുന്ദരിയായ, നല്ല ഫിഗർ ഉള്ള, പൊക്കവും ഉറച്ച ശരീരവുമുള്ള ഒരു കുട്ടിയെയായിരുന്നു. എന്റെ ഭാവനയിലെ നങ്ങേലി അതാണ്. കുഞ്ഞുന്നാൾ മുതൽ ഞാൻ കേട്ട കഥയാണ് മാറ് മുറിച്ച് ആത്മാഹൂതി ചെയ്ത നങ്ങേലിയുടേത്. ഞാൻ അമ്പലപ്പുഴക്കാരൻ ആയതുകൊണ്ട് മുലച്ചിപ്പറമ്പിനെക്കുറിച്ച് അറിയുകയും അവിടെ മീറ്റിങ്ങിനൊക്കെ പോവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ മലയാളത്തിൽ ഉളള ഒരുപാട് പെൺകുട്ടികളെ ഞാൻ പരിഗണിച്ചപ്പോൾ അങ്ങനെ ഒരു പെൺകുട്ടിയെ കണ്ടെത്തിയില്ല. സമീപിച്ച ചില താരങ്ങൾക്ക് മാറ് മുറിക്കുന്ന കഥ ചെയ്‌താൽ ശരിയാകുമോ എന്ന് പേടിയുണ്ടായിരുന്നു.


അങ്ങനെയിരിക്കെ പുണെയിൽ ഉള്ള ഈ കുട്ടിയൂടെ പടം ഒരു സുഹൃത്ത് അയച്ചു തന്നു. അഭിനയത്തോട് വല്ലാത്ത ഡെഡിക്കേഷൻ ആണ് കയാദുവിന്. ഞാൻ ആ കുട്ടിയെ വിളിപ്പിച്ച് നങ്ങേലിയുടെ കഥ പറഞ്ഞപ്പോൾ അവർ അത് നന്നായി ഉൾക്കൊണ്ടു. പിറ്റേ ദിവസം എന്നെ കാണാൻ വന്ന അവർ നങ്ങേലിയുടെ കഥ മുഴുവൻ പഠിച്ച് നങ്ങേലിയെക്കുറിച്ചുള്ള ഷോർട് ഫിലിം ഒക്കെ കണ്ടിട്ട് വന്നിരിക്കുകയാണ്. അവർ പറഞ്ഞു, സാർ ഇതൊരു സ്ത്രീ ശാക്തീകരണത്തിന്റെ കഥയാണ്. ഇന്നത്തെകാലത്തും വളരെ പ്രസക്തിയുണ്ട്. എനിക്കിത് ചെയ്യാൻ വളരെ താല്പര്യമുണ്ട്. അങ്ങനെ അവളെ കളരിയും മറ്റു മുറകളും പഠിപ്പിക്കാൻ വിട്ടു, പറഞ്ഞു കൊടുക്കുന്നതെല്ലാം വളരെ എളുപ്പം ഗ്രാസ്പ് ചെയ്യും. കയാദു വളരെ നന്നായി ഈ കഥാപാത്രത്തെ ഏറ്റെടുത്തു. എന്തായാലും കയാദു ഈ സിനിമയിൽ ശക്തമായ സാന്നിധ്യമായി മാറി. നമ്മൾ ഒരാളെ അവതരിപ്പിക്കുമ്പോൾ അവർ കഴിവ് തെളിയിച്ച് കയ്യടി വാങ്ങുന്നത് നമ്മുടെ കൂടി വിജയമാണല്ലോ. ഞാൻ അവതരിപ്പിച്ച ദിവ്യ ഉണ്ണി മുതൽ എല്ലാവരും സിനിമയിൽ അവരുടെ കയ്യൊപ്പു ചാർത്തിയിട്ടുണ്ട്. അവരുടെ പിന്തുടർച്ചക്കാരി ആയി കയാദു മാറുമെന്നാണ് വിശ്വാസം.

മോഹൻലാലും മമ്മൂട്ടിയും സ്നേഹപൂർവം ഏറ്റെടുത്ത ജോലി

pathonpatham-noottandu-vinayan

ഈ സിനിമയ്ക്കു വേണ്ടി ശബ്ദസാന്നിധ്യമാകണം എന്ന ആവശ്യവുമായി സമീപിച്ച എന്നെ മോഹൻലാലും മമ്മൂക്കയും ഊഷ്മളമായി സ്വീകരിച്ചു. അമ്മയുടെ പ്രസിഡന്റായതിനു ശേഷം മോഹൻലാലിനെ ഞാൻ ബന്ധപ്പെട്ടു സംസാരിക്കാറുണ്ട്. നേരത്തേയുണ്ടായ സംഘടനാപ്രശ്‌നത്തിലും വിലക്കിലും ഇവർക്ക് വലിയ പങ്കൊന്നും ഇല്ലായിരുന്നു എന്നാണു ഞാൻ മനസ്സിലാക്കുന്നത്. ഇവർ സിനിമയുടെ തിരക്കിനിടയിൽ ഇതൊന്നും ശ്രദ്ധിച്ചിട്ടില്ല. സിനിമയിൽ വലിയ സംഘർഷം നടക്കുന്നു, ഒരാളിങ്ങനെ കംസനെ പോലെ സിനിമയെ വിഴുങ്ങാൻ നിൽക്കുന്നു എന്നൊക്കെ ആരൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട് അപ്പോൾ ‘ഓ അയാൾ അങ്ങനെയാണോ’ എന്ന് ചോദിച്ചുകാണും അതിൽ കവിഞ്ഞ് എന്നെ വിലക്കാൻ ഇവരൊന്നും മുൻകൈ എടുത്തിട്ടില്ല എന്നാണ് അവരുടെ പെരുമാറ്റത്തിൽനിന്ന് മനസ്സിലാകുന്നത്.

അമ്മയുടെ ജനറൽ ബോഡിയിൽ മമ്മുക്ക പറഞ്ഞിട്ടുണ്ട് വിനയനെ വിലക്കിയത് തെറ്റായിപ്പോയി എന്ന്. സുപ്രീം കോടതി വിധി വന്നപ്പോൾ എന്നെ വിലക്കാൻ നടന്ന സംവിധായകന്മാർക്കും മറ്റും വലിയൊരു തിരിച്ചടി ആണ് കിട്ടിയത്. സുപ്രീം കോടതി വിധി വന്നപ്പോഴാണ് ഇത്രയും വലിയ സംഭവമാണോ ഇത്, ഇത്രയുമൊന്നും ചെയ്യേണ്ടിയിരുന്നില്ല എന്ന് 'അമ്മ’ പറഞ്ഞത്. ‘അമ്മ’യ്ക്ക് തന്നെ ഫൈൻ ഒക്കെ വരുന്ന സമയത്ത് വിനയൻ തെറ്റുകാരനല്ല എന്ന് അവർ തന്നെ പറയുമ്പോൾ അവരുടെ നിഷ്കളങ്കത നമുക്ക് മനസിലാക്കാം. ഞാൻ ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ അവർ വലിയ സന്തോഷത്തോടെ സ്വീകരിച്ചു. സിജു വിത്സൺ എന്ന പുതുമുഖ നായകനെ അവതരിപ്പിക്കുമ്പോൾ മലയാള സിനിമയിലെ ഏറ്റവും മികച്ച താരങ്ങളായ മോഹൻലാലിന്റെയും മമ്മൂക്കയുടെയും ഇൻട്രൊഡക്‌ഷനും ഉപസംഹാരവും വന്നാൽ നന്നാകും എന്നാണ് എന്നിലെ കലാകാരന് തോന്നിയത്.

ഡബ്ബ് ചെയ്യാൻ ലാൽ വന്നപ്പോൾ സിനിമയിലെ ഓരോ ഫൈറ്റും ഇട്ടു കണ്ട് അഭിനന്ദിച്ചിരുന്നു. ഓരോന്ന് കാണട്ടെ എന്ന് പറഞ്ഞു രണ്ടുമണിക്കൂർ എന്നോടൊപ്പം ചെലവഴിച്ച അദ്ദേഹം ഡബ്ബ് ചെയ്യാൻ ആകെ അഞ്ചു മിനിറ്റാണ് എടുത്തത്. അദ്ദേഹത്തിന്റെ സ്നേഹവും അടുപ്പവും അനുഭവിച്ച സമയമായിരുന്നു അത്. അദ്ദേഹത്തെ വച്ച് ഒരു പടം ചെയ്യണമെന്നുണ്ട്. അതിന്റെ ചർച്ചകൾ നടക്കുന്നു. ഇതുവരെ ഞാൻ ചെയ്തിട്ടില്ലാത്ത തരത്തിൽ അതൊരു മാസ്സ് പടമായിരിക്കണം എന്നാണ് എന്റെ ആഗ്രഹം.

എന്റെ ഭീമന്റെ കഥ വ്യത്യസ്തം

ഞാൻ ഭീമന്റെ കഥ വച്ച് ഒരു സിനിമ ചെയ്യാൻ തയാറെടുക്കുകയാണ്. രണ്ടാമൂഴത്തിലെ കഥ പോലെയല്ല എന്റെ മനസ്സിലെ ഭീമൻ. മഹാഭാരതത്തിലുള്ള യഥാർഥ ഭീമനാണ് എന്റെ ഭീമൻ. അത് ഭീമന്റെ ഇരുപത് വയസ്സുമുതൽ വിവാഹവും അജ്ഞത വാസവും കഴിഞ്ഞു മഹാഭാരത യുദ്ധത്തിൽ ദുശ്ശാസനനെ കൊന്നിട്ട് പാഞ്ചാലിയുടെ മുടി കെട്ടി കൊടുക്കുന്നത് വരെയുള്ള കഥയാണ് ചെയ്യാൻ പോകുന്നത്. 'രണ്ടാമൂഴം' ഇപ്പോ കുറേക്കാലമായി സൈലന്റ് ആയതുകൊണ്ടാണ് എന്റെ മനസ്സിലുള്ള പഴയ കഥ ഞാൻ പൊടിതട്ടി എടുത്തത്. മോഹൻലാൽ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ ഭീമന്റെ മുപ്പതുകൾ കാണിക്കുന്ന സമയത്ത് ലാലിനെ വച്ച് മെയ്ക്ക് ഓവർ ചെയ്യാൻ കഴിയുമോ എന്ന് സംശയമുണ്ട്. ചെറുപ്പകാലം ഒരു നടനും പ്രായമാകുന്നത് മറ്റൊരാളും അഭിനയിക്കുന്നത് എനിക്കിഷ്ടമല്ല. ദ്വന്ദയുദ്ധത്തിന്റെ ആളാണല്ലോ ഭീമൻ. ദ്വന്ദയുദ്ധത്തിന് സിനിമാറ്റിക് വിഷ്വലൈസേഷനിൽ സാധ്യതയുണ്ട്. വിഷ്വലി ഒരു ആക്‌ഷൻ സിനിമയ്ക്ക് അവിടെ സ്കോപ്പ് ഉണ്ട്. അതുകൊണ്ടു അതിനു പറ്റിയ താരത്തെ കണ്ടെത്തേണ്ടി വരും. മനസ്സിൽ കഥ ഇട്ടു വളർത്തുകയാണ്, ആരു വേണം എന്ന വലിയ കുഴപ്പം പിടിച്ച ചിന്തയിലാണ് ഞാൻ, എന്ന് ചെയ്യാൻ കഴിയുമെന്ന് അറിയില്ല.

ഈ വിജയം കാലം തന്ന പ്രതിഫലം

എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച കുറെ തിക്ത ഫലങ്ങൾക്ക് കാലം തന്ന മധുരമാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ വിജയം. എനിക്ക് ആരോടും പിണക്കവും വാശിയുമില്ല. സിനിമയിൽ ഒറ്റ വ്യക്തിയെയും മോശമാക്കാനോ വിലക്കാനോ ഞാൻ നിന്നിട്ടില്ല. ഞാൻ സത്യമെല്ലാം തുറന്നു പറയുന്ന ആളാണ്. അത് പലരുടെയും അപ്രീതിക്ക് കാരണമാകും. പറയുന്നത് സത്യമാണെങ്കിൽ അത് ചർച്ച ചെയ്യപ്പെടുകയല്ലേ വേണ്ടത് അല്ലാതെ അവനെ വിലക്കാൻ പുറപ്പെടുകയല്ലല്ലോ. എന്റെ നിലപാടിൽ ഞാൻ ഇന്നും ഉറച്ചു നിൽക്കുന്നതുകൊണ്ടാണ് മോഹൻലാലും മമ്മൂക്കയുമായി ഇങ്ങനെ ചേർന്ന് പോകുന്നത്. നിലപാടുകൾ അതേപോലെ നിലനിർത്തിപ്പോന്ന എനിക്ക് കാലം തന്ന പ്രതിഫലമാണ് ഈ സിനിമ. ഞാൻ കാലത്തിനു മുന്നിൽ നമിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com