ദിലീപിന്റെ കഥാപാത്രത്തെ തിരിച്ചിട്ടു; കല്യാണരാമനു പിന്നിലെ കഥ

Mail This Article
ആദ്യ സിനിമയായ ‘വൺമാൻഷോ’യുടെ ഷൂട്ടിങ് തുടങ്ങും മുൻപേ 2 സിനിമകൾ ചെയ്യാൻ ഷാഫിക്ക് അഡ്വാൻസ് കിട്ടി. അതിന്റെ ആത്മവിശ്വാസം വലുതായിരുന്നു. പക്ഷേ, വിചാരിച്ചത്ര സ്വീകരണം വൺമാൻഷോയ്ക്കു കിട്ടിയില്ല. കോമഡി പടത്തിന്റെ പതിവു ട്രാക്ക് ആയിരുന്നില്ല അതിന്റേത്. അതിനാൽ അടുത്ത പടം ചെയ്തപ്പോൾ കൂടുതൽ കരുതലെടുത്തു. ഒരു മാസത്തോളം ഒരു തിരക്കഥാകൃത്തുമായി ചർച്ച നടത്തിയെങ്കിലും കഥയുണ്ടായില്ല.
അപ്പോഴാണ് സിദ്ദീഖും റാഫിയും ബെന്നി പി. നായരമ്പലത്തിനെക്കുറിച്ചു പറഞ്ഞത്. (സിദ്ദീഖ‌് ബന്ധുവും റാഫി സഹോദരനുമാണ്.) അങ്ങനെ അദ്ദേഹവുമൊത്തായി ചർച്ച. ആദ്യമേ ഒരു കാര്യം തീരുമാനിച്ചു– ‘‘ഈ സിനിമയിൽ പ്രേമവും കല്യാണവും മാത്രം മതി. കാരണം അതിനൊരു ഗ്യാരന്റിയുണ്ട്.’’–ഷാഫി. അങ്ങനെയുണ്ടാക്കിയ ഗ്യാരന്റി പടമാണ് കല്യാണരാമൻ.
കഥ മാറി
ആദ്യ കഥയിൽ പാചകക്കാരന്റെ മകളായിരുന്നു നായിക. ഇവർ പാചകത്തിനു പോകുന്നിടത്തു മൊട്ടിടുന്ന പ്രണയമായിരുന്നു പ്രമേയം. പക്ഷേ, ദിലീപ് ചിത്രമായതിനാൽ നായകനെ പാചകക്കാരനാക്കിയാൽ വലിയ സാധ്യതയുണ്ടെന്നവർ കണ്ടു–അതിനാൽ കഥാപാത്രങ്ങളെ തിരിച്ചിട്ടു.
ട്വിസ്റ്റും ക്ലൈമാക്സും
കല്യാണരാമനിൽ ക്ലൈമാക്സിനു തൊട്ടുമുൻപാണ് ട്വിസ്റ്റ്. അതുവരെ പ്രേമവുമായി കഥയിങ്ങനെ ഒഴുകുകയാണ്. അങ്ങനെ ഒന്നും സംഭവിക്കാതെ ഒഴുകിയാൽ കാണികൾക്ക് കലിയിളകും, പടം വീഴും. പക്ഷേ, തമാശകളും പാട്ടും പടത്തെ പിടിച്ചു നിർത്തി, മടുപ്പിക്കാതെ.
വില്ലൻ
പ്രണയ സിനിമകളുടെ ഫോർമുല ലളിതമാണ്. പ്രണയമുണ്ടാകുന്നു. തടസ്സമായി വില്ലൻ വരുന്നു. വില്ലനെ തരണം ചെയ്താൽ ശുഭപര്യവസായി. മറിച്ചായാൽ ദുഃഖപര്യവസായി. പക്ഷേ, കല്യാണരാമനിൽ വില്ലനില്ലായിരുന്നു. തലപുകഞ്ഞ് ചർച്ച ചെയ്തു. ഒടുവിലാണ് ‘പെണ്ണുങ്ങൾ വാഴില്ല’ എന്ന അന്ധവിശ്വാസത്തെ വില്ലനാക്കിയത്. ബെന്നി പി.നായരമ്പലത്തിന്റെ ഒരു നാടകത്തിലെ ആശയമായിരുന്നു ഇത്. അത് ഏൽക്കുമോ എന്നു പേടിയുണ്ടായിരുന്നു. പക്ഷേ ഏറ്റു.
ഷൂട്ടിങ്
ലാലിന്റെ പടമുകളിലെ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. 50 ദിവസവും അവിടം തന്നെയായിരുന്നു പ്രധാന ലൊക്കേഷൻ.
പാട്ട്
പാട്ടും കല്യാണവും ചേർത്ത് പടം കളർഫുൾ ആക്കി. 6 പാട്ടുണ്ടായിരുന്നു - ഷാഫിയുടെ ഏറ്റവും കൂടുതൽ പാട്ടുകളുള്ള സിനിമ. ബേണി ഇഗ്നേഷ്യസായിരുന്നു സംഗീതസംവിധായകൻ. സാധാരണ സിനിമയിൽ ഒരു കല്യാണപ്പാട്ടുണ്ടാകും. പക്ഷേ, കല്യാണരാമനിൽ നാലു കല്യാണപ്പാട്ടുകളുണ്ടായിരുന്നു. ഒരൊറ്റ പന്തലിലാണ് നാലും എടുത്തത്. ട്രാക്ക് പാടാൻ വന്ന അഫ്സലിന് രണ്ടു പാട്ടുകൾ കിട്ടി. ഈ പാട്ടുകൾ കേട്ട് കമൽ അദ്ദേഹത്തിന്റെ ‘നമ്മളി’ൽ അഫ്സലിന് പാട്ടു കൊടുത്തു. പക്ഷേ, ആദ്യമിറങ്ങിയത് നമ്മളായിരുന്നു.
തലേംകുത്തിപ്പാട്ട്
ലാലിന്റെ കുടുംബത്തിൽ ആഘോഷാവസരങ്ങളിൽ പാടുന്ന പാട്ടായിരുന്നു തലേംകുത്തിപ്പാട്ട്. അതു കേട്ടതോടെ അതിനെയും സിനിമയിലെടുത്തു. ‘കഥയിലെ രാജകുമാരനും’ എന്ന പാട്ടിന്റെ ഈണം മറ്റൊരു പടത്തിനായി ബേണി ഇഗ്നേഷ്യസ്‍ കരുതിവച്ചതായിരുന്നു. ഉച്ചയൂണു കഴിഞ്ഞ് ഇതു മൂളിയതു കേട്ടപ്പോൾ ഇതാണ് കല്യാണരാമന്റെ തീം സോങ്ങ് ആകേണ്ടതെന്ന് ഷാഫി പ്രഖ്യാപിച്ചു. പിന്നീടതിനു വരികൾ കൈതപ്രം എഴുതി ഹിറ്റാക്കി.
പേര്
കമൽഹാസൻ അഭിനയിച്ച കല്യാണരാമൻ എന്ന തമിഴ് സിനിമയുമായി പ്രേക്ഷകർക്ക് ടൈറ്റിൽ പ്രശ്നമുണ്ടാകുമോ എന്ന് ആദ്യം സംശയിച്ചു. പിന്നെ ഇതിനേക്കാൾ നല്ല മറ്റൊന്നും കിട്ടാത്തതിനാൽ ഒരു ക്ലാഷും ഉണ്ടാകില്ലെന്നങ്ങു തീരുമാനിച്ച് ഉറപ്പിച്ചു പറഞ്ഞു– കല്യാണരാമൻ.