നയൻതാര–വിഗ്നേഷ് വിവാഹത്തിൽ തിളങ്ങി ഷാരൂഖ് ഖാൻ; ചിത്രങ്ങൾ

Mail This Article
ഏഴു വർഷത്തെ പ്രണയത്തിനു ശേഷം നയൻതാരയും വിഗ്നേഷ് ശിവനും ഇന്ന് വിവാഹിതരാവുകയാണ്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഷാരൂഖ് ഖാൻ, രജനികാന്ത് അടക്കമുള്ള താരങ്ങൾ ചടങ്ങിൽ എത്തിക്കഴിഞ്ഞു. ഷാരൂഖിനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ബോളിവുഡ് ചിത്രത്തിൽ നയൻതാരയാണ് നായിക. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.

ബംഗാൾ ഉൾക്കടലിന്റെ പശ്ചാത്തലത്തിൽ ഹിന്ദു ആചാരപ്രകാരമാണു വിവാഹം നടക്കുക. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത ഉൾപ്പെടെയുള്ളവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ട്. വരന്റെയും വധുവിന്റെയും ഫോട്ടോകൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകൾ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളും തയാറാക്കിക്കഴിഞ്ഞു.
മെഹന്ദി ചടങ്ങ് ജൂൺ എട്ടിനു രാത്രിയായിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളെ കാണാൻ അൽപം കാത്തിരിക്കേണ്ടി വരും. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദർശന അവകാശം നെറ്റ്ഫ്ലിക്സിനാണ്. ചലച്ചിത്ര സംവിധായകൻ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്ലിക്സിനായി വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്യുന്നത്. വിവാഹ വേദിക്ക് പുറത്തു കനത്ത സുരക്ഷയാണ്.