റാം കെയർ ഓഫ് ആനന്ദി സിനിമയാകുന്നു; സംവിധാനം അനുഷ പിള്ള
Mail This Article
യുവ എഴുത്തുകാരൻ അഖിൽ പി. ധർമജന്റെ നോവൽ റാം കെയർ ഓഫ് ആനന്ദി സിനിമയാകുന്നു. വെൽത്ത് ഐ സിനിമാസിന്റെ ബാനറിൽ നിർമാതാവ് വിഘ്‌നേഷ് വിജയകുമാറാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്ന് സിനിമയാക്കുന്നത്. നവാഗതയായ അനുഷ പിള്ളയാണ് സംവിധായിക.
കൊച്ചി ഗ്രാന്റ് ഹയാത്തിൽ നടന്ന ചടങ്ങിൽ വെൽത്ത് ഐ ഗ്രൂപ്പ് സിഇഒ വിഘ്‌നേഷ് വിജയകുമാറും സംവിധായകനും വെൽത്ത് ഐ സിനിമാസ് ജൂറിചെയർമാൻ കൂടിയായ കമലും ചേർന്നാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.
മലയാളം–തമിഴ് ഭാഷകളിലായി അണിയിച്ചൊരുക്കുന്ന സിനിമയിൽ ഇരു സിനിമാ മേഖലയിലെയും പ്രമുഖതാരങ്ങൾ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും പ്രമേയമാകുന്ന ചിത്രത്തിലൂടെ മറ്റൊരു വനിത സംവിധായിക കൂടി മലയാള സിനിമയിലേക്ക് എത്തുകയാണ്. സംവിധായകൻ കമലിന്റെ അസോഷ്യേറ്റ് ഡയറക്ടറായ അനുഷ, വി.കെ. പ്രകാശിന്റെകൂടെയും സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.
പ്രതിവർഷം മൂന്ന് സിനിമകൾ എന്ന ലക്ഷ്യത്തോടെ ലോഞ്ച് ചെയ്ത വെൽത്ത്-ഐ സിനിമാസ് സിനിമയിൽ നിന്നു കിട്ടുന്ന വരുമാനം അവശകലാകാരന്മാരുടെ പുനരധിവാസത്തിനായി നീക്കിവയ്ക്കുമെന്ന് നിർമാതാവ് വിഘ്‌നേഷ് വിജയകുമാർ അറിയിച്ചു.