ഒരു ‘റി’ വരുത്തിയ വിന: ഭീമൻ രഘുവിനും പറയാനുണ്ട്
Mail This Article
നടൻ ഭീമൻ രഘു ഒരു വേദിയിൽ സംസാരിക്കുന്നതിനിടെ നാക്കുപിഴ കൊണ്ട് അസഭ്യവാക്ക് പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ‘നരസിംഹം’ എന്ന മോഹൻലാൽ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ഡയലോഗ് വേദിയിൽ പറഞ്ഞാണ് ഭീമൻ രഘു വെട്ടിലായത്. ‘‘പാലക്കാട് വിക്ടോറിയ കോളജ് മുതൽ’’ എന്ന് തുടങ്ങുന്ന ഡയലോഗിൽ ആവേശം കൊണ്ടതാണ് താരത്തിന് അബദ്ധമായത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്നു തന്നെ വൈറലായി. എന്നാൽ താൻ ആ സിനിമയിലെ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്നും വേഗത്തിൽ പറയുന്നതിനിടെ ഒരു വാക്ക് നാക്കുപിഴയായി കയറിക്കൂടിയതാണെന്നും ഭീമൻ രഘു മനോരമ ഓൺലൈനിനോട് പറഞ്ഞു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ വന്ന നാക്കുപിഴയിൽ ആർക്കെങ്കിലും വേദന തോന്നിയെങ്കിൽ അവരോട് മാപ്പുപറയുന്നുവെന്നും ഭീമൻ രഘു പറഞ്ഞു.
‘‘പാലക്കാട് പമ്പാനിധി എന്ന ഫൈനാൻസ് സ്ഥാപനത്തിന്റെ ഓഫിസ് ഉദ്ഘാടനത്തിനു പോയപ്പോൾ ആരോ എടുത്ത വിഡിയോ ആണത്. ‘നരസിംഹം’ എന്ന സിനിമയിലെ എന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ആണ് അത്. ‘പാലക്കാട് വിക്ടോറിയ കോളജ് മുതൽ കോട്ട മൈതാനം വരെ ഓടിച്ചിട്ടു തല്ലിയ" എന്ന് തുടങ്ങുന്ന ഡയലോഗ് ആണത്. അതിലെ ഒരു അക്ഷരം വിഴുങ്ങിയാണ് സിനിമയിൽ പറഞ്ഞത്. എങ്കിലും ഉദേശിച്ചത് ആ വാക്ക് തന്നെ ആണല്ലോ.
ആ പരിപാടിക്കു ചെന്നപ്പോൾ അവിടുത്തെ നാട്ടുകാർ ആ ഡയലോഗ് നേരിട്ട് പറയാൻ നിർബന്ധിച്ചു. ഡയലോഗ് പറഞ്ഞു വന്നപ്പോൾ ആ മുഴുവൻ വാക്ക് വായിൽ നിന്നു വീണുപോയി. അത് ആരോ വിഡിയോ പിടിച്ച് അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഇട്ടു. അത് പറയണം എന്ന് ഉദ്ദേശിച്ച് പറഞ്ഞതല്ല. പക്ഷേ ഡയലോഗ് മുഴുവൻ സ്പീഡിൽ പറഞ്ഞു വന്നപ്പോ ഒരു ‘റി’ കൂടി അതിൽ കയറിക്കൂടി. അതൊരു നാക്കുപിഴ ആയി കണ്ടാൽ മതി. അത് പറയാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഒരു ‘റി’ വരുത്തി വച്ച വിന. ആരെയും വിഷമിപ്പിക്കാനോ മുറിപ്പെടുത്താനോ ഞാൻ ഉദ്ദേശിച്ചില്ല. എന്റെ വിഡിയോ കണ്ടു ആർക്കെങ്കിലും വിഷമം തോന്നുന്നെങ്കിൽ ഞാൻ അവരോടെല്ലാം ക്ഷമ ചോദിക്കുന്നു.
സണ്ണി ലിയോണി അഭിനയിക്കുന്ന ഒരു ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന വെബ് സീരീസ് ചിത്രീകരണം പൂർത്തിയായി. അതിന്റെ ഡബ്ബിങ് നടന്നു കൊണ്ടിരിക്കുന്നു. ആറ് എപ്പിസോഡ് ഉണ്ട്. എച്ച് ആർ ഒടിടി ആണ് ആ സീരീസ് നിർമിക്കുന്നത്. എച്ച്ആർഒടിടിയുടെ എന്തോ കേസ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണല്ലോ. അതുകൊണ്ടു സീരീസ് എപ്പോൾ റിലീസ് ചെയ്യും എന്ന് അറിയില്ല. ഒരു ബ്രഹ്‌മാണ്ഡ പടത്തിന്റെ ചർച്ചകൾ നടക്കുകയാണ് അതിനെപ്പറ്റി കൂടുതൽ പറയാറായിട്ടില്ല. ഒരു സിനിമയുടെ പൂജ കഴിഞ്ഞു ഷൂട്ടിങ് തുടങ്ങാൻ ഇരിക്കുകയാണ്. കാസർഗോഡ് വച്ച് ചെയ്യുന്ന ഒരു പടവും ഉടനുണ്ട്.’’– ഭാവി പ്രൊജക്റ്റുകളെ കുറിച്ച് ഭീമൻ രഘു പറയുന്നു.
‘മിസ്റ്റർ ഹാക്കർ’ എന്ന ചിത്രത്തിലാണ് ഭീമൻ രഘു അവസാനം പ്രത്യക്ഷപ്പെട്ടത്. ‘ചാണ’ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം സംവിധായകനായും അദ്ദേഹം അരങ്ങേറ്റം കുറിച്ചിരുന്നു. കടുത്ത ഇടതുപക്ഷ അനുഭാവിയായ ഭീമൻ രഘു രാഷ്ട്രീയ രംഗത്തും സജീവമാണ്.