രണ്ടാം ദിനം 2.45 കോടി; ആകെ 5.5 കോടി; ‘ഭ്രമയുഗം’ കലക്‌ഷൻ റിപ്പോർട്ട്
![bramayugam-day-2 പോസ്റ്റർ](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2024/2/17/bramayugam-day-2.jpg?w=1120&h=583)
Mail This Article
കേരളത്തിലെ തിയറ്ററുകളിൽ കൊടുമൺ പോറ്റിയുടെ ‘ആവാഹനം’. സിനിമ രണ്ടാദിനം കേരളത്തിൽ നിന്നും വാരിയത് 2.45 കോടി. ഇതോടെ രണ്ട് ദിവസം കൊണ്ട് കേരളത്തിലെ മാത്രം കലക്‌ഷന്‍ അഞ്ച് കോടി പിന്നിട്ടു. ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത് 3.05 കോടിയായിരുന്നു.
അതേസമയം ആഗോളതലത്തിൽ ചിത്രത്തിനു ഇതുവരെ നേടാനായത് 15 കോടിയാണെന്നും റിപ്പോർട്ടുണ്ട്. ജിസിസിയിൽ 750ലധികം ഷോകളാണ് മൂന്നാം ദിവസം വർധിപ്പിച്ചിരിക്കുന്നത്. കമേഴ്സ്യൽ സിനിമ അല്ലാതിരുന്നിട്ടു കൂടി ‘ഭ്രമയുഗ’ത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നതാണ് കലക്‌ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബുക്ക് മൈ ഷോയില്‍ ചിത്രം റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരുന്നു. ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം ടിക്കറ്റുകളാണ് വിറ്റത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.
റിലീസ് ദിവസത്തെ ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കേരളമൊട്ടാകെ ഒട്ടേറെ ഹൗസ്‍ഫുള്‍ പ്രദർശനം നടന്നിരുന്നു. ഒപ്പം നിരവധി അഡീഷനല്‍ ഷോകളും ചാര്‍ട് ചെയ്യപ്പെട്ടു. നിർമാതാക്കള്‍ തന്നെ പുറത്തുവിട്ട കണക്കനുസരിച്ച് കേരളമൊട്ടുക്ക് നൂറിലധികം അധിക പ്രദര്‍ശനങ്ങളാണ് ഭ്രമയുഗത്തിന് നടന്നത്.
കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു. രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മമ്മൂട്ടിയുടെ കൂടാതെയുള്ള താരങ്ങൾ.‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’.
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.