സിനിമാക്കാർക്ക് പകരം സിനിമയെ ആശ്രയിച്ച ജീത്തു ജോസഫ്
Mail This Article
സിനിമയില്‍ ആര് ആരാകുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ലെന്ന് സിനിമാക്കാര്‍ക്കിടയില്‍ തന്നെ ഒരു പറച്ചിലുണ്ട്. അതുകൊണ്ട് തന്നെ അവസരം ചോദിച്ചലയുന്ന ഒരാള്‍ പോലും നിരാകരിക്കപ്പെടരുതെന്നും ചിലരെങ്കിലും വിശ്വസിക്കുന്നു. മറ്റ് ചിലര്‍ക്കാകട്ടെ ഒന്നിലും വിശ്വാസമില്ല താനും. സിനിമയില്‍ അവസരം തേടി നടന്ന കാലത്ത് കയ്യില്‍ കാശില്ലാത്തതു കൊണ്ട് സൗജന്യമായി പ്രിവ്യൂ ഷോകള്‍ കാണുന്ന ഒരു പതിവുണ്ടായിരുന്നു വിഖ്യാതസംവിധായകന്‍ പ്രിയദര്‍ശന്. അതിനായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം പ്രിയനും പ്രിവ്യൂ തിയറ്ററിലേക്ക് നൂഴ്ന്നു കയറും. ഒരിക്കല്‍ അങ്ങനെ കയറാന്‍ ശ്രമിച്ച പ്രിയനെ സ്റ്റുഡിയോ മാനേജര്‍ കല്യാണം കയ്യോടെ പിടികൂടി തൂക്കിയെറിഞ്ഞു. പ്രിയന് അത് വലിയ വേദനയായി.
പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം പ്രിയന്‍ വലിയ സംവിധായകനായപ്പോള്‍ അതേ പ്രിവ്യൂ തിയറ്റര്‍ വിലയ്ക്കു വാങ്ങുകയും അന്ന് ഇറക്കി വിട്ട കല്യാണത്തെ തന്നെ മാനേജരാക്കി വയ്ക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ വീണ്ടും കടന്നു പോയി. ഒരിക്കല്‍ ഏതോ സിനിമയുടെ പ്രിവ്യൂവിനായി പ്രിയന്‍ സ്റ്റുഡിയോക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ക്ഷണിക്കാതെ ഷോ കാണാന്‍ വന്ന ഒരു യുവാവിനെ വീണ്ടും മാനേജര്‍ തടയുന്നത് കണ്ടു. ആ ചെറുപ്പക്കാരനില്‍ പ്രിയന്‍ കണ്ടത് തന്റെ തന്നെ പൂര്‍വകാലമായിരുന്നു. പ്രിയന്‍ മാനേജരെ വിലക്കിയെന്ന് മാത്രമല്ല ആ യുവാവിന് പടം കാണാനുളള അനുവാദവും കൊടുത്തു. സിനിമ കഴിഞ്ഞിറങ്ങിയ അയാള്‍ നന്ദി പറയാനായി പ്രിയനെ സമീപിച്ചു. പ്രിയന്‍ അയാളോട് പേരും മറ്റ് വിശദാംശങ്ങളും തിരക്കി.
അയാള്‍ പറഞ്ഞു. ‘‘ഞാന്‍ നിഥിന്‍ രൺജിപണിക്കര്‍. രൺജി പണിക്കരുടെ മകനാണ്’’
ഇക്കുറി പ്രിയനും മാനേജരും ഒരുമിച്ച് ഞെട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷം ആ യുവാവ് സുരേഷ്‌ഗോപിയെ നായകനാക്കി ഒരു സിനിമയെടുത്തു. കാവല്‍. മമ്മൂട്ടിയെ നായകനാക്കിയും സിനിമയെടുത്തു. കസബ. ഇപ്പോള്‍ ഹോട്ട് സ്റ്റാറിന് വേണ്ടി സുരാജിനെ മുഖ്യവേഷത്തില്‍ വച്ച് ഒരു വെബ്‌സീരിസും ചെയ്തു.
ആദ്യശ്രമം പാളുന്നു..
ജീത്തു ജോസഫും ഈ കഥയുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ല. പക്ഷേ ഒരിക്കല്‍ സിനിമയിലുളള ചിലര്‍ കയ്യൊഴിഞ്ഞ ഒരു മനുഷ്യന്‍ ഇന്ന് മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും വലിയ അനിവാര്യതകളിലൊന്നായിരിക്കുന്നു. ഒരു ഉയിര്‍ത്തെണീപ്പിനായി കാത്തിരുന്ന മോഹന്‍ലാലിന് പുതുജീവന്‍ നല്‍കിയ നേര് ജിത്തുവിന്റെ ചിത്രമായിരുന്നു. വൈശാഖും ലിജോ ജോസും ഷാജി കൈലാസും വീണിടത്ത് ജീത്തു വിജയിച്ച് കയറുമ്പോള്‍ അതില്‍ നിറയുന്നത് കാലത്തിന്റെ കാവ്യനീതിയാണ്.
യാതൊരുവിധ സിനിമാ പാരമ്പര്യവും ഇല്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ജീത്തു ജോസഫ് വരുന്നത്. പഠിക്കുന്ന കാലത്ത് ഒരു മിനിക്കഥ പോലും എഴുതിയിട്ടില്ല.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനുളള ശ്രമങ്ങളും ഉണ്ടായില്ല. ആരുടെയെങ്കിലും കീഴില്‍ നിന്ന് സംവിധാന കലയുടെ ബാലപാഠങ്ങള്‍ അഭ്യസിക്കാമെന്ന വ്യാമോഹത്താല്‍ ജയരാജിനൊപ്പം തിളക്കത്തിന്റെ സെറ്റില്‍ കുറച്ചു ദിവസം നിന്നു. ഒരാഴ്ച തികയ്ക്കും മുന്‍പ് അതിന്റെ പടിയിറങ്ങേണ്ടി വന്നു. ആ സെറ്റില്‍ പലര്‍ക്കും ജീത്തുവിനെ ഉള്‍ക്കൊളളാനായില്ല. ജീത്തുവിന് അവരെയും. എന്നാല്‍ സിനിമ ജീവവായുവായി കൊണ്ടുനടക്കുന്ന ഒരാള്‍ക്ക് ഇതൊന്നും ഒരു തടസമായിരുന്നില്ല.
എല്ലാ ഭാഷയിലും ലഭ്യമാകുന്ന എല്ലാ സിനിമകളും കാണുന്ന ശീലമുളള ജീത്തു ഒരു തീരുമാനമെടുത്തു. സിനിമാക്കാരെ ആശ്രയിക്കുന്നതിന് പകരം സിനിമയെ ആശ്രയിക്കുക. നിരന്തരമായ സ്വയം പഠനമായിരുന്നു പിന്നീടുളള നാളുകളില്‍. വേള്‍ഡ് ക്ലാസിക്കുകള്‍ മുതല്‍ തട്ടുപൊളിപ്പന്‍ സിനിമകള്‍ വരെ ജിത്തുവിന്റെ ഗുരുനാഥന്‍മാരായി. ഒരു കഥാതന്തുവില്‍ നിന്ന് തിരക്കഥ രൂപപ്പെടുന്നതും അതിന് ദൃശ്യാത്മമായ ആഴം നല്‍കുന്നതും ക്യാമറയിലേക്ക് അതിനെ പുനസൃഷ്ടിക്കുന്നതും അടക്കം എല്ലാം ജീത്തു സ്വയമറിയാതെ ഹൃദിസ്ഥമാക്കുകയായിരുന്നു.
ഒരു പടം സ്വന്തമായി ചെയ്യാം എന്ന ആത്മവിശ്വാസമുണ്ടായപ്പോള്‍ ‘ഡിറ്റക്ടീവ്’ എന്ന കുറ്റാന്വേഷണ സിനിമയുടെ തിരക്കഥയുമായി സുരേഷ്‌ഗോപിയെ സമീപിച്ചു. കഥ പറയാനുളള ജീത്തുവിന്റെ കഴിവില്‍ വിശ്വാസം തോന്നിയ സുരേഷ്‌ഗോപിയുടെ പ്രതികരണം അനുകൂലമായിരുന്നു. അങ്ങനെ സൂപ്പര്‍താരത്തിന്റെ ഡേറ്റില്‍ ഡിറ്റക്ടീവ് പൂര്‍ത്തിയായി. സിനിമ റിലീസ് ചെയ്‌തെങ്കിലും വിചാരിച്ചത്ര തരംഗമുണ്ടായില്ല. സിനിമയില്‍ മഹാവിജയങ്ങള്‍ കൊയ്ത പലരുടെയും ആദ്യസിനിമകള്‍ ദുരന്തമായിരുന്നു. മമ്മൂട്ടിയുടെ ദേവലോകവും മോഹന്‍ലാലിന്റെ തിരനോട്ടവും ഇനിയും റിലീസ് ചെയ്തിട്ട് പോലുമില്ല. എന്നാല്‍ ജീത്തുവിന്റെ പടം പുറത്തു വന്നു എന്ന് മാത്രമല്ല സിനിമ കണ്ട നിഷ്പക്ഷമതികള്‍ കുറ്റമറ്റ ഒരു കുറ്റാന്വേഷണ ചിത്രമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ല.
സിനിമ എന്നും വിജയിക്കുന്നവന്റെ കൂടെയാണ്. സിനിമ നല്ലതോ മോശമോ ആകട്ടെ തിയറ്റര്‍ഹിറ്റ് സംഭവിക്കുക എന്നതാണ് പ്രധാനം.
ഡിറ്റക്ടീവില്‍ അത് സംഭവിച്ചില്ല. എന്നാല്‍ പരാജയത്തില്‍ തോറ്റ് മടങ്ങുന്നയാളായിരുന്നില്ല ജീത്തു. സ്വന്തം കഴിവിലും സിനിമയോടുളള അര്‍പ്പണബോധത്തിലും മാത്രം വിശ്വസിച്ച് ചെറിയ ബജറ്റില്‍ അടുത്ത പടം ഒരുക്കി. മമ്മി ആന്‍ഡ് മി. ഉര്‍വശിയും മുകേഷും അര്‍ച്ചനാ കവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. ചാക്കോച്ചന്‍ അന്ന് ഇന്ന് കാണുന്ന തലത്തില്‍ എത്തിയിട്ടില്ല. നീണ്ട ഗ്യാപ്പിന് ശേഷം രണ്ടാംവരവ് നടത്തിയ സമയം. മമ്മി ആന്‍ മി തിയറ്ററില്‍ വിജയമായി. താരങ്ങളായിരുന്നില്ല ആ സിനിമയുടെ ആകര്‍ഷണം. അടുക്കും ചിട്ടയും വൃത്തിയും വെടിപ്പുമുളള കുലീനമായ തിരക്കഥ. അത് ഗിമ്മിക്കുകളും ജാടകളുമില്ലാതെ അന്തസായി ദൃശ്യവത്കരിച്ചു ജിത്തു. ജനം അത് ഏറ്റെടുത്തു. പിന്നാലെ ഫിലിം ഇന്‍ഡസ്ട്രിയും.
വിജയം ജീത്തുവിന് പിന്നാലെ...
തന്റെ സിനിമകളിലുടെ ജിത്തു തുടങ്ങി വച്ച ഒരു ട്രെന്‍ഡുണ്ട്. അത് അദ്ദേഹത്തിന്റെ മാത്രം കണ്ടുപിടിത്തമാണെന്ന് പറയാനാവില്ല. കാലാകാലങ്ങളില്‍ ഔചിത്യബോധവും പക്വതയുമുളള ചലച്ചിത്രകാരന്‍മാര്‍ പിന്‍തുടര്‍ന്നു വന്ന സമീപനം തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ സമീപകാലത്ത് അത് എന്തുകൊണ്ടോ നഷ്ടമായി. കാണികളെ ആദ്യന്തം പിടിച്ചിരുത്താന്‍ പാകത്തില്‍ രസകരവും ആസ്വാദ്യകരവുമായ ഒഴുക്കും വേഗതയുമുളള ഒരു സ്‌ക്രിപ്റ്റ് ഒരുക്കുക എന്നത് തന്നെയാണ് ആദ്യപടി. ലാഗ് എന്ന വാക്കിന് ആ തിരക്കഥയില്‍ ലവലേശം സ്ഥാനമുണ്ടാകരുത്. ഉദ്വേഗഭരിതമാണ് സംഗതിയെങ്കില്‍ ഷൂട്ടിങിന് മുന്‍പ് തന്നെ സിനിമ പാതി വിജയിച്ചു.
ഒരു സംവിധായകന്‍ കണിശമായി പുലര്‍ത്തേണ്ട മറ്റൊരു സംഗതിയാണ് സാമ്പത്തിക അച്ചടക്കം. ആവശ്യത്തിനും അനാവശ്യത്തിലും പണം വാരിവലിച്ചെറിഞ്ഞ് ചിലവാക്കാറില്ല ജീത്തു. ഒരു സബ്ജക്ട് ഡിമാന്‍ഡ് ചെയ്യുന്ന ബജറ്റ് മാത്രമേ അദ്ദേഹം ആവശ്യപ്പെടാറുളളു.അടുത്ത ഘട്ടം കൃത്യവും വ്യക്തവുമായ പ്ലാനിംഗാണ്. അതിന്റെ ആദ്യപടി എന്നത് എല്ലാത്തരം പൊളിച്ചെഴുത്തും മിനുക്കുപണികളും നടത്തി പൂര്‍ത്തിയായ ബൈന്‍ഡഡ് സ്‌ക്രിപ്റ്റാണ്. അനാവശ്യച്ചിലവുകള്‍ കുറയ്ക്കാനും മികച്ച ആസൂത്രണം നടത്താനും പുര്‍ത്തിയായ പക്കാ സ്‌ക്രിപ്റ്റ് സഹായിക്കുന്നു.
ദീര്‍ഘവീക്ഷണത്തോടെയുളള ആസൂത്രണങ്ങള്‍ക്ക് ശേഷം സെറ്റിലെത്തുന്ന അദ്ദേഹത്തിന് സിനിമാ ചിത്രീകരണത്തെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ട്.
ലജന്റുകള്‍ എന്നൊക്കെ നാം വിശേഷിപ്പിക്കുന്ന ചില സംവിധായകര്‍ മൂന്ന് സിനിമയുടെ ദൈര്‍ഘ്യം ഷൂട്ട് ചെയ്ത ശേഷം എഡിറ്റിങ് ടേബിളില്‍ ചെന്ന് ട്രിം ചെയ്ത് രണ്ട് മണിക്കൂര്‍ തികയ്ക്കുന്ന തരം തമാശകളൊക്കെ ഇന്നും സംഭവിക്കുന്നുണ്ട്. ജീത്തുവിന്റെ രീതി അതല്ല. സിനിമയ്ക്ക് ദൈര്‍ഘ്യം കൂടുതല്‍ വേണമെങ്കില്‍ അദ്ദേഹം അത് അത്രയും ഷൂട്ട് ചെയ്യും. ദൃശ്യം ഒക്കെ ആ തരത്തില്‍ 2.45 മണിക്കുര്‍ ദൈര്‍ഘ്യമുളള സിനിമയാണ്. മറിച്ച് അനാവശ്യമായി ചിത്രീകരിച്ച് സമയവും പണവും നഷ്ടപ്പെടുത്താതെ വേണ്ടത് വേണ്ടത്ര മാത്രമായി ചെയ്യുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
ജീത്തുവിന്റെ സിനിമകളില്‍ അനാവശ്യമായ ബില്‍ഡ് അപ്പ് ഷോട്ടുകളോ കട്ട് ഷോട്ടുകളോ ഉണ്ടാവില്ല. ഒരു സീന്‍ ഡിമാന്‍ഡ് ചെയ്യുന്നതും ആ സീനിനെ മാക്‌സിമം എഫക്ടിവായി ജനഹൃദയങ്ങളിലെത്തിക്കാന്‍ പര്യാപ്തമായതുമായ ഷോട്ടുകളിലുടെ വിഷ്വല്‍മൗണ്ടിങ് നിര്‍വഹിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ശൈലി. വാസ്തവത്തില്‍ അതാണ് ശരിയായ സമീപനം. ഷോട്ടുകള്‍ കൊണ്ട് സര്‍ക്കസ് കാണിക്കാനുളളതല്ല സിനിമ. ഒരു ചിത്രം മുന്നോട്ട് വയ്ക്കുന്ന കഥാംശം അഥവാ ഇമോഷനല്‍ ഗ്രാഫിനെ കാണികളുടെ ഉളളിലേക്ക് കടത്തി വിടാന്‍ പര്യാപ്തമാം വിധം ദൃശ്യഖണ്ഡങ്ങള്‍ ഒരുക്കുകയും കഥാപാത്രങ്ങളായി വരുന്ന അഭിനേതാക്കളെ അതിന് പാകത്തില്‍ പെര്‍ഫോം ചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ് ഒരു സംവിധായകന്റെ ചുമതല. അതിലുപരി അയാള്‍ സമഗ്രാവബോധമുളള ഒരാളാവണം. സിനിമയുടെ ആകത്തുകയെക്കുറിച്ച് സമുന്നതമായ ധാരണയുണ്ടായിരിക്കണം.
പല സംവിധായകരും കേവലം സംഘാടകര്‍ മാത്രമായി പരിമിതപ്പെടുന്നത് കാണാറുണ്ട്. കമാന്‍ഡിങ് പവറും സംഘാടകശേഷിയുമൊക്കെ ക്യാപ്ടന്‍ ഓഫ് ദ് ഷിപ്പ് എന്ന അർഥത്തില്‍ സംവിധായകന് ആവശ്യമാണെങ്കിലും അതിനപ്പുറം അയാള്‍ സിനിമയുടെ ഓരോ സൂക്ഷ്മാംശങ്ങളെക്കുറിച്ചും കൃത്യമായി അറിഞ്ഞിരിക്കണം.
ഇതൊക്കെ പറയുമ്പോള്‍ ജീത്തു ഒരു മഹാനായ സംവിധായകനാണോ എന്ന ചോദ്യം ഉയരാം. യഥാർഥത്തില്‍ അദ്ദേഹം പോലും അങ്ങനെ അവകാശപ്പെടുന്നില്ല. മഹത്വത്തിന് കൃത്യമായ മാനദണ്ഡങ്ങളും നിര്‍വചനങ്ങളും ഇല്ലാത്ത സ്ഥിതിക്ക് അത്തരം ആകുലതകളും ജീത്തുവിനില്ല. അതൊക്കെ കാലം തീരുമാനിക്കേണ്ട കാര്യങ്ങളാണ്.
വര്‍ത്തമാനകാലത്തെ മാനിക്കുന്ന ചലച്ചിത്രകാരനാണ് ജീത്തു. ഞാന്‍ പ്രേക്ഷകരുടെ വികാരങ്ങളെ മാനിക്കാറില്ല എന്ന വമ്പ് പറഞ്ഞ് നിഗളിക്കാതെ പണം മുടക്കുന്ന നിര്‍മ്മാതാവിനോടും പണം മുടക്കി തിയറ്ററില്‍ വന്ന് പടം കാണുന്ന പ്രേക്ഷകനോടും പ്രതിബദ്ധതയുണ്ടെന്ന് വിശ്വസിക്കുകയും ആ ബോധം മനസില്‍ സൂക്ഷിച്ചുകൊണ്ട് സിനിമകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സംവിധായകന്‍.
ഹൃദ്യമായ കഥാകഥനം
ഒരു സിനിമയുടെ വിജയം അടിസ്ഥാനപരമായി കുടിയിരിക്കുന്നത് എവിടെയാണെന്ന് ജീത്തുവിന് നന്നായറിയാം. ഇഴച്ചിലും വലിച്ചിലും ഇല്ലാതെ ഹൃദ്യമായി ഒരു കഥ പറയുക. അത് ഏത് ജോണറിലുളള സിനിമയുമാവാം. തനിയാവര്‍ത്തനവും കൊടിയേറ്റവും ന്യൂഡല്‍ഹിയും ആവനാഴിയും കിലുക്കവും സിബിഐ ഡയറിക്കുറിപ്പൂം മണിച്ചിത്രത്താഴും നാടോടിക്കാറ്റും റാംജിറാവും ചിദംബരവും ദൃശ്യവും കമ്മിഷണറും ഈനാടും വൈശാലിയും വടക്കന്‍ വീരഗാഥയും ഒരു പോലെ ഹിറ്റാക്കിയവരാണ് മലയാളി പ്രേക്ഷകര്‍. ഈ സിനിമകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികളൊന്നുമില്ല. പൊതുവായ ഘടകങ്ങളുമില്ല. ആദിമധ്യാന്തം ആളുകളെ പിടിച്ചിരുത്തുന്ന വിധത്തില്‍ കഥാകഥനം നിര്‍വഹിക്കുക എന്ന അതീവലളിതമായ ഒരു സൂത്രവാക്യത്തെ പിന്‍തുടര്‍ന്ന സിനിമകളാണിതെല്ലാം. വിഷ്വല്‍ബ്യൂട്ടിയും ടെക്‌നിക്കല്‍ ബ്രില്യന്‍സുമൊക്കെ രണ്ടാമത് മാത്രം വരുന്ന ഘടകങ്ങളാണ്. പ്രാഥമികമായി ഒരു സിനിമയുടെ വിജയം അതിന്റെ തിരക്കഥയില്‍ നിന്നാരംഭിക്കുന്നു എന്ന ബോധ്യമാണ് ജീത്തുവിന്റെ വിജയം.
തിരക്കഥ എന്ന് പറയുമ്പോള്‍ അതിലും വേര്‍തിരിവുകളുണ്ട്. മഹത്തരമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഓഫ്ബീറ്റ് സിനിമകള്‍ അടക്കം നല്ലതെന്ന് അതിന്റെ സൃഷ്ടാക്കള്‍ മാത്രം അവകാശപ്പെടുന്ന ഒരു തിരക്കഥയിലാണ് നിർമിക്കപ്പെടുന്നത്. എന്നാല്‍ അത് കാണികളുടെ സംവേദനശീലങ്ങളെ തൃപ്തിപ്പെടുത്തണമെന്നില്ല. മിനിമം നിലവാരം നഷ്ടപ്പെടുത്താതെ തന്നെ ആസ്വാദനക്ഷമമായ തിരക്കഥകളും സിനിമകളുമുണ്ടാക്കാമെന്ന് ഫാസിലും ബാലചന്ദ്രമേനോനും ഭരതനും പത്മരാജനും സത്യന്‍ അന്തിക്കാടും ശ്രീനിവാസനുമെല്ലാം തെളിയിച്ചിട്ടുണ്ട്. തിരക്കഥകള്‍ പാളിപ്പോയപ്പോള്‍ ഈ പറഞ്ഞവരുടെ പടങ്ങളും വീണിട്ടുണ്ട്. ഈ യാഥാർഥ്യം ജിത്തുവിന് നന്നായറിയാം. രസനീയത/ ആസ്വാദ്യത എന്നതാണ് തിരക്കഥയിലും അതിന്റെ ദൃശ്യവത്കരണത്തിലും ഒരു സംവിധായകന്‍ ആത്യന്തികമായി ശ്രദ്ധിക്കേണ്ടത്. ജിത്തു ഈ സാമാന്യ തത്വം കൃത്യമായി പാലിക്കുന്നു.
കുടുംബകഥകളും ത്രില്ലറുകളും ഹ്യൂമര്‍ ചിത്രവും എല്ലാം ഒരുക്കിയപ്പോഴും ഈ ലളിത മനശാസ്ത്രത്തെ മുറുകെ പിടിച്ചാണ് അദ്ദേഹം നീങ്ങിയത്. സാങ്കേതികത കഥ പറയാനുളള ഒരു ടൂള്‍ മാത്രമാണെന്ന ബോധം അദ്ദേഹത്തിനുണ്ട്. ടെക്‌നിക്കല്‍ ബ്രില്യന്‍സ് കാണിക്കാനുളളതല്ല സിനിമ. കഥ അറിയാനും അതിന്റെ ദൃശ്യാത്മകമായ ഭംഗി ആസ്വദിക്കാനും തീയറ്ററിലെത്തുന്ന പ്രേക്ഷകനെ വിഷ്വല്‍ഗിമ്മിക്കുകള്‍ കാട്ടി വിരട്ടിയാല്‍ അവര്‍ ഇരിക്കില്ല. പകരം ഉദ്വേഗം നഷ്ടപ്പെടുത്താതെ ആസ്വാദ്യകരമായും ഹൃദ്യമായും കഥ പറയുക എന്നത് തന്നെയാണ് മിടുക്ക്.
താനൊരു സ്‌റ്റോറി ടെല്ലര്‍ മാത്രമാണെന്ന് പല അഭിമുഖങ്ങളിലും ജീത്തു ആവര്‍ത്തിച്ചിട്ടുണ്ട്. അതിനപ്പുറം ഇതര ഘടകങ്ങള്‍ സിനിമയില്‍ മുഴച്ചു നില്‍ക്കാന്‍ അദ്ദേഹം അനുവദിക്കാറില്ല. അത് പാടില്ല എന്നാണ് സിനിമയെ അറിയുന്ന സംവിധായകര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുളളത്. ഡോള്‍ബി സിസ്റ്റത്തിന്റെ പിന്‍ബലത്തോടെയുളള അനാവശ്യ ശബ്ദകോലാഹലങ്ങളും കട്ട് ഷോട്ടുകളുടെയും ഓവര്‍ ക്യാമറാ മൂവ്‌മെന്റ്‌സിന്റെയും ഗിമ്മിക്ക് ലൈറ്റിങിന്റെ അതിപ്രസരം കൊണ്ടും ആഡ്ഫിലിമിനെ വെല്ലുന്ന ഫാസ്റ്റ് എഡിറ്റിങ് കൊണ്ടും രക്ഷപ്പെടുന്നവര്‍ക്ക് പ്രേക്ഷക മനശാസ്ത്രം അറിയില്ല. ഇതൊന്നുമില്ലാതെ നാല് പതിറ്റാണ്ടുകാലം പ്രേക്ഷകരെ കയ്യിലെടുത്ത ഒരു ചലച്ചിത്രകാരന്‍ നമുക്കുണ്ട് - സത്യന്‍ അന്തിക്കാട്. ഇതിവൃത്തപരമായി സമാനതകളില്ലെങ്കിലും ഏതാണ്ട് അതേ പാതയില്‍ തന്നെയാണ് ജിത്തുവിന്റെയും സഞ്ചാരം.
ഈ സമീപനത്തിന്റെ എക്കാലത്തെയും വലിയ ഉദാഹരണങ്ങളിലൊന്നാണ് ദൃശ്യം എന്ന സിനിമ. ഒരു സാധാരണ കുടുംബജീവിതത്തിലെ നനുത്ത രസങ്ങളിലും കൗതുകങ്ങളിലും നിന്നാരംഭിച്ച് ക്രമാനുസൃതമായി മുന്നേറുന്ന സിനിമ വളരെ യാദൃശ്ചികമായി ആ കുടുംബത്തില്‍ സംഭവിക്കുന്ന ഒരു ദുരനുഭവം പ്രതിപാദിച്ച് അവിടെ നിന്ന് ഒരു മരണത്തിലേക്കും മരണം മറച്ച് കുടുംബം രക്ഷിക്കാനുളള കഥാനായകന്റെ ശ്രമങ്ങളിലേക്കും നീങ്ങുന്നു. ഇവിടെ പ്രാഥമികമായി അസംഭാവ്യം എന്ന് തോന്നാനിടയുളള ഒന്നാണ് ഒരു സാധാരണക്കാരന്‍ വിദഗ്ധമായി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുന്നു എന്നത്. എന്നാല്‍ സിനിമ മേക്ക് ബിലീഫാണ്. ഇല്ലാത്ത ഒന്ന് ഉണ്ടെന്ന മട്ടില്‍ സമര്‍ത്ഥിക്കുക എന്നതിലാണ് സിനിമയുടെ മിടുക്ക്. യാഥാർഥ്യ പ്രതീതിയോടെ അത് ആവിഷ്‌കരിക്കാന്‍ തിരക്കഥയിലെന്ന പോലെ മേക്കിങിലും സംവിധായകന് കഴിയുന്നു.
എന്താണ് മേക്കിങ്?
മേക്കിങ് എന്നത് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നതും തെറ്റിദ്ധരിക്കപ്പെടുന്നതുമായ ഒരു വാക്കാണ്. യഥാർഥത്തില്‍ വിഷ്വല്‍ ഗിമ്മിക്കുകളല്ല മേക്കിങ്. സിനിമാ നിർമാണത്തിന് ഉപയുക്തമായ വിവിധ ഘടകങ്ങളെ തികഞ്ഞ ഔചിത്യബോധത്തോടെ കൃത്യമായ അനുപാതത്തില്‍ സംയോജിപ്പിക്കുമ്പോള്‍ ലഭിക്കുന്ന റിസള്‍ട്ടിന്റെ ആകത്തുകയാണ് മേക്കിങ്. ഇവിടെ പക്വമായ സമീപനം പുലര്‍ത്തുക എന്നതാണ് ചലച്ചിത്രകാരന്റെ ധർമം. ത്രില്ലര്‍ സിനിമകളില്‍ പോലും ഈ മിതത്വവും പക്വതയും നിലനിര്‍ത്താന്‍ ജീത്തുവിന് കഴിയുന്നു. മലയാളത്തിലെ പല ത്രില്ലര്‍ സംവിധായകര്‍ക്കും ഇതിനെക്കുറിച്ച് വേണ്ടത്ര ധാരണയില്ല. ത്രില്ലര്‍ എന്നാല്‍ ബഹളം വയ്ക്കുക എന്ന് ധരിച്ചുവശായ ചിലരുണ്ട്. മലയാളത്തിലെ എണ്ണപ്പെട്ട ത്രില്ലറുകളെല്ലാം തന്നെ ക്ലാസിക്ക് സ്വഭാവമുളളതാണ്. യവനിക, ഈ കണ്ണികൂടി, കാണാതായ പെണ്‍കുട്ടി, ഉത്തരം, കരിയിലക്കാറ്റു പോലെ, ദൃശ്യം, ഒരു സിബിഐ ഡയറിക്കുറിപ്പ്...എന്നിങ്ങനെ ഉദാഹരണങ്ങള്‍ നിരവധി.
മിതത്വം പാലിക്കാനും വിവേചനശേഷിയോടെ സിനിമയെ രൂപപ്പെടുത്താനും ഒരു സംവിധായകന് കഴിയണം. ഷോട്ടുകള്‍ കൊണ്ട് കസര്‍ത്ത് കാണിക്കുന്നവര്‍ക്ക് സിനിമ വിനിമയം ചെയ്യേണ്ട ഇമോഷനല്‍ ട്രാവലിനെക്കുറിച്ച് വേണ്ടത്ര ധാരണയില്ല. സിനിമയുടെ ഭാവതലം നഷ്ടപ്പെടുത്തിക്കൊണ്ട് കാതടപ്പിക്കുന്ന ശബ്ദകോലാഹലവും വിരട്ട് ഷോട്ടുകളും എടുത്തിട്ട് എന്ത് കാര്യം? ഹോളിവുഡില്‍ പോലും മികച്ച സിനിമകളുടെ ഏറ്റവും വലിയ സവിശേഷത ഔചിത്യപൂർണമായ ദൃശ്യവിന്ന്യാസമാണ്. അതുപോലെ പറയുന്ന കാര്യങ്ങളിലെ ക്ലാരിറ്റി. സ്പൂണ്‍ ഫീഡിങ് എന്നൊക്കെ വിളിച്ച് ചിലര്‍ അധിക്ഷേപിച്ചാലും വാണിജ്യ സിനിമയെ സംബന്ധിച്ച് ആര്? എപ്പോള്‍? എന്തിന്? എങ്ങനെ? എന്നതിനൊക്കെ വ്യക്തതയുണ്ടാവണം.
കഥയും കഥനവും കാണികള്‍ക്ക് കണക്ടാവണം. ഇത് ഫലപ്രദമായി നിര്‍വഹിക്കുക എന്നത് ചെറിയ കാര്യമല്ല. തിരക്കഥയില്‍ തുടങ്ങി എഡിറ്റിംഗില്‍ പൂര്‍ണ്ണമാവുന്ന നീണ്ട പ്രോസസാണിത്. ദൂരൂഹതകളും ദുര്‍ഗ്രാഹ്യതകളും കുത്തിനിറച്ച് താടിയും തടവി ചെറിയ മനസില്‍ നിന്ന് വലിയ വര്‍ത്തമാനം പറഞ്ഞാല്‍ സിനിമയാവില്ല. അത് ജനങ്ങള്‍ സ്വീകരിക്കുകയുമില്ല.
പ്രേക്ഷകനെക്കൂടി മാനിക്കാനും വിശ്വാസത്തിലെടുക്കാനും ഒരു നല്ല സംവിധായകന് കഴിയണം. ആര്‍ക്കും മനസിലാകാത്ത പടങ്ങള്‍ പടച്ചു വിട്ടിട്ട് തന്റെ നിലവാരത്തിനൊപ്പം കാണികള്‍ ഉയര്‍ന്നില്ല എന്ന് പരിതപിക്കുന്നതില്‍ അർഥമില്ല. ആസ്വാദകനുമായി സംവദിച്ചുകൊണ്ട് തന്നെ നല്ല സിനിമകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പൂര്‍വസൂരികള്‍ അടക്കം തെളിയിച്ചിട്ടുണ്ട്. പ്രേക്ഷകന്റെ ക്ഷമയെയും ആസ്വാദനശേഷിയെയും വെല്ലുവിളിക്കാതെ നല്ല സിനിമകള്‍ സൃഷ്ടിക്കാമെന്ന് തെളിയിച്ചവരാണ് ഭരതനും പത്മരാജനും സേതുമാധവനും ഐ.വി.ശശിയും ഫാസിലും കെ.ജി.ജോര്‍ജുമെല്ലാം. അതിന്റെ ഇങ്ങേയറ്റത്തുളള കണ്ണികളാണ് നവസിനിമാക്കാര്‍. അവരുടെ മുന്‍നിരയിലാണ് ജിത്തുവിന്റെ സ്ഥാനം.
ആകാശത്തു നിന്നും പൊട്ടിമുളച്ചവരാണെന്ന് ഭാവിക്കുന്ന ചിലര്‍ നിര്‍മ്മാതാക്കളെ വെളളം കുടിപ്പിക്കുന്നതിനൊപ്പം സ്വന്തം നിലനില്‍പ്പ് കൂടി അപകടത്തിലാക്കുന്നു. അപ്പോഴും ഹിറ്റുകള്‍ക്ക് മേല്‍ ഹിറ്റുകള്‍ സൃഷ്ടിച്ചുകൊണ്ട് ജീത്തുവിനെ പോലുളളവര്‍ മുന്നേറുന്നു. യഥാർഥത്തില്‍ പൂർണമായ അർഥത്തില്‍ ഒരു ന്യൂജന്‍ ചലച്ചിത്രകാരനല്ല ജീത്തു. പഴയ തലമുറയിലെയും പുതുതലമുറയിലെയും നല്ല അംശങ്ങളെ തന്റെ സിനിമകളില്‍ കൃത്യമായി സമന്വയിപ്പിക്കാന്‍ അദ്ദേഹത്തിനറിയാം. സിനിമ ലക്ഷ്യമാക്കുന്ന ഇമോഷനുമായി താദാത്മ്യം പ്രാപിക്കാന്‍ പ്രേക്ഷകന് കഴിഞ്ഞാല്‍ വിജയിച്ചു എന്ന് കരുതുന്ന സംവിധായകനാണ് അദ്ദേഹം. തന്റെ മാസ്റ്റര്‍പീസായ ദൃശ്യത്തില്‍ ജോര്‍ജ്കുട്ടിയും കുടുംബവും രക്ഷപ്പെടണേയെന്ന് ഓരോ പ്രേക്ഷകനും ആഗ്രഹിച്ചു പോകുന്ന തലത്തിലേക്ക് സിനിമയെ എത്തിച്ചു എന്നതാണ് ജീത്തുവിന്റെ വിജയം. മറ്റെല്ലാ ഘടകങ്ങളെയും പിന്നിലേക്ക് തളളി സിനിമയുടെ ഭാവതലം പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നു ജിത്തു.
കഥയെ വെല്ലുന്ന ആഖ്യാന കൗശലം
മമ്മി ആന്‍ഡ് മി പോലുളള കുടുംബസിനിമകള്‍ക്കൊപ്പം മൈ ബോസ് എന്ന ഹ്യൂമര്‍ ചിത്രവും ദൃശ്യം സീക്വല്‍, മെമ്മറീസ്, നേര് ഉള്‍പ്പെടെയുളള ത്രില്ലറുകളുമെല്ലാം ഒരു പോലെ ജീത്തുവിന് വഴങ്ങുന്നു. ഏത് ജോണറില്‍ പെട്ട പടം ഒരുക്കുമ്പോഴും അനായാസമായ കഥ പറച്ചില്‍ എന്നതിനാണ് അദ്ദേഹം ഊന്നല്‍ നല്‍കുന്നത്. ഈ അനായാസത ഫിലിം മേക്കര്‍ക്ക് ഉണ്ടോയെന്ന് നമുക്ക് അറിയില്ല. അദ്ദേഹം ഒരുപക്ഷേ അതിനായി ഏറെ ക്ലേശങ്ങള്‍ സഹിക്കുന്നുണ്ടാവാം. എന്നാല്‍ കാണികളെ സംബന്ധിച്ച് ഒരു നദി ഒഴുകും പോലെയാണ് ജീത്തു സിനിമകള്‍. തട്ടും തടവുമില്ലാതെ കാഴ്ചക്കാരനെ വഹിച്ചുകൊണ്ട് പോകുന്ന കഥനം.
ആത്യന്തികമായി ഒരാള്‍ സിനിമ കാണുന്നത് കഥ അറിയാന്‍ വേണ്ടി തന്നെയാണ്. ആ കഥ എത്രത്തോളം ബോറടിപ്പിക്കാതെ പറയാം എന്ന സാമാന്യ യുക്തിയാവണം വാണിജ്യ വിജയം ലക്ഷ്യമാക്കുന്ന സംവിധായകനെ നയിക്കേണ്ടത്. ജോണ്‍ ഏബ്രഹാമിനെയും (അമ്മ അറിയാന്‍) പവിത്രനെയും (യാരോ ഒരാള്‍) പോലെ പേഴ്‌സനല്‍ സിനിമകള്‍ ഒരുക്കുന്നവര്‍ക്ക് ഈ നിയമങ്ങള്‍ ബാധകമല്ല. അവര്‍ ഒരു നിർമാതാവിന്റെ കയ്യിലെ കോടികള്‍ വച്ചല്ല പരീക്ഷണം നടത്തുന്നത്. ക്രൗഡ് ഫണ്ടിങ് പോലെയുളള മൂലധന രൂപീകരണം അതിന് പിന്നിലുണ്ട്. എന്നാല്‍ സിനിമാ നിര്‍മാണം മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ കോസ്റ്റ്‌ലിയായി മാറിയിരിക്കുന്ന ഒരു സാഹചര്യത്തില്‍ ജീത്തു ജോസഫിനെ പോലുളള സംവിധായകരുടെ പ്രസക്തി ഏറെയാണ്. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാതെ രസകരമായി ഒരു കഥ എങ്ങനെ പറയാം എന്ന ചിന്തയില്‍ നിന്നാണ് ഇവരുടെ ഓരോ തിരക്കഥകളും സിനിമകളും രൂപപ്പെടുന്നത്. അതില്‍ ആര് അഭിനയിച്ചാലും പ്രേക്ഷകര്‍ അതിനെ ഏറ്റെടുക്കുന്നു.
ടിക്കറ്റിന് മുടക്കുന്ന കാശ് മുതലാവുന്നു എന്നാണ് ഒരു സാധാരണ പ്രേക്ഷകന്‍ ജിത്തു ജോസഫ് സിനിമകളെക്കുറിച്ച് പ്രതികരിച്ചത്.
എന്നാല്‍ ഫിലിം റിവ്യൂവേഴ്‌സും ആസ്ഥാന നിരൂപകരും പ്രത്യേക അജണ്ടയുളള മാധ്യമങ്ങളും ജീത്തു ജോസഫ് ബ്രില്യന്‍സിനെക്കുറിച്ച് ഒരിടത്തും വാചാലരായി കണ്ടില്ല. അസാധാരണമെന്ന് തോന്നുന്ന ചില ഗിമ്മിക്ക് സിനിമകളില്‍ മാത്രമാണ് ബ്രില്യന്‍സ് ഉളളതെന്ന് അവര്‍ കരുതുന്നു. എന്നാല്‍ ദുര്‍മേദസുകള്‍ തീര്‍ത്തും ഒഴിവാക്കി അടുക്കും ചിട്ടയും ഘടനാപരമായ ശില്‍പ്പത്തികവുമുളള ഒരു തിരക്കഥ രുപപ്പെടുത്തുകയും അതിനെ കുലീനമായി ക്യാമറയിലേക്ക് പകര്‍ത്തുകയും കോടികണക്കിന് ആളുകളെ ഒരേ സമയം കണ്ണെടുക്കാതെ സ്‌ക്രീനില്‍ പിടിച്ചിരുത്തുന്നതും ബ്രില്യന്‍സ് തന്നെയാണ്.
മഹത് വേഷധാരികളായ നമ്മുടെ പല നവ ചലച്ചിത്രകാരന്‍മാരും കൊറിയന്‍ സിനിമകള്‍ ഉള്‍പ്പെടെയുളള വിദേശചിത്രങ്ങളുടെ ഫ്രെയിം ടു ഫ്രെയിം പകര്‍ത്തി വയ്ക്കുമ്പോള്‍ ചരിത്രത്തിലാദ്യമായി ഒരു മലയാളി സംവിധായകന്റെ (ഇന്ത്യയില്‍ തന്നെ ഈ അനുഭവം നേരിട്ട മറ്റൊരു സംവിധായകന്‍ ഇല്ലെന്ന് തോന്നുന്നു) ദൃശ്യം എന്ന സിനിമ യഥാക്രമം കൊറിയയിലേക്കും ചൈനീസ് ഭാഷയിലേക്കും റീമേക്ക് ചെയ്യപ്പെട്ടു എന്നത് ജീത്തുവിന് മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ ലഭിച്ച അംഗീകാരമാണ്. ഇന്തോനേഷ്യയിലും ഹോളിവുഡിലും സിനിമയ്ക്ക് റീമേക്ക് സംഭവിക്കുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. സ്‌റ്റോറി ടെല്ലിങിലെ മാജിക്കാണ് ഈ സിനിമയുടെ ഏറ്റവും വലിയ സവിശേഷതയായി വിലയിരുത്തപ്പെടുന്നത്. ഒരു കഥാതന്തു ആര്‍ക്കും മുന്നോട്ട് വയ്ക്കാം. എന്നാല്‍ അത് ഏത് തലത്തില്‍ ആഖ്യാനം ചെയ്യപ്പെടുന്നു എന്നത് നിർണായകമാണ്.
ഒരു കുടുംബത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന ഒരുവനെ ആത്മരക്ഷാർഥം മനഃപൂര്‍വമല്ലാതെ കുടുംബാംഗങ്ങള്‍ കൊലചെയ്യുന്നതും പിന്നീട് കൊലപാതകം മറച്ചു വയ്ക്കാനും അതില്‍ നിന്നും രക്ഷപ്പെടാനുമുളള ശ്രമങ്ങള്‍ പ്രതിപാദ്യ വിഷയമാകുന്നത് മലയാള സിനിമയ്ക്ക് പുതുമയല്ല. 1984 ല്‍ റിലീസ് ചെയ്ത മനസറിയാതെ എന്ന സിനിമയില്‍ ഇതേ പ്രമേയം അവതരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ വികലമായ തിരക്കഥയും അവിദഗ്ധമായ സംവിധാന ശൈലിയും സിനിമയ്ക്ക് തിരിച്ചടിയായി. മോഹന്‍ലാലും മീനയും ഈ സിനിമയില്‍ അഭിനയിക്കുന്നു എന്നതും കൗതുകം പകരുന്നു.
എന്നാല്‍ മനസറിയാതെ അല്ല ദൃശ്യം. നേരിയ സമാനത പുലര്‍ത്തുന്ന ഒരു ആശയധാര മാത്രം. ഏറെക്കുറെ സമാനമായ ഒരു ആശയം ആഖ്യാനപരമായ പോരായ്മയും മികവും കൊണ്ട് എങ്ങനെ മോശമാകുന്നു/ നന്നാവുന്നു എന്ന് വിശദീകരിക്കാന്‍ ഇങ്ങനെയൊരു ഉദാഹരണം മുന്നില്‍ വച്ചെന്ന് മാത്രം. ദൃശ്യം സ്‌ക്രിപ്റ്റിങിലും മേക്കിങിലും പുലര്‍ത്തുന്ന അവധാനത പഠനാര്‍ഹമാണ്. അസാധാരണമായ കയ്യടക്കവും കയ്യൊതുക്കവും പുലര്‍ത്താന്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് കഴിയുന്നു. ഒപ്പം പ്രേക്ഷകരെ ഓരോ ഇഞ്ചും തനിക്കൊപ്പം നിര്‍ത്തുക എന്ന മാജിക്കും അദ്ദേഹം സാധിച്ചെടുക്കുന്നു.
സിനിമകള്‍ വിജയിക്കാനുളള സൂത്രവാക്യം തേടി നിർമാതാക്കളും സംവിധായകരും നെട്ടോട്ടമോടേണ്ട കാര്യമില്ല. പകരം ജീത്തു ജോസഫിന്റെ വിജയിച്ച സിനിമകള്‍ പല വട്ടം ശ്രദ്ധാപൂര്‍വം കണ്ടാല്‍ മാത്രം മതി. നുണക്കുഴി എന്ന പുതിയ ചിത്രത്തിലും ജീത്തു ഈ മാജിക്ക് ആവര്‍ത്തിക്കുമെന്ന് വ്യാപകമായി പ്രതീക്ഷിക്കപ്പെടുന്നു. ആള്‍ക്കൂട്ടത്തിന്റെ മനശാസ്ത്രം നന്നായി അറിയുന്ന ബേസില്‍ ജോസഫ് ഈ സിനിമയില്‍ നായകനാകുന്നു എന്നതും വിജയപ്രതീക്ഷകള്‍ക്ക് തിളക്കം വർധിപ്പിക്കുന്നു.
അനുബന്ധം:അടിതെറ്റിയാല്‍ ആനയും വീഴും എന്ന ആപ്തവാക്യം ജീത്തു ജോസഫിനും ബാധകമാണ്. മനഃപൂര്‍വമല്ലെങ്കിലും തന്റെ സ്‌ക്രിപിറ്റിങ് ബ്രില്യന്‍സ് വിട്ടുകളിക്കാന്‍ തയാറായ സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിനും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. മിസിസ് ആന്‍ഡ് മിസ്റ്റര്‍ റൗഡിയിലും ലൈഫ് ഓഫ് ജോസൂട്ടിയിലും പ്രേക്ഷകര്‍ ആഗ്രഹിച്ച ജീത്തു ജോസഫിനെ കണ്ടില്ല.