മദ്യപാനം നിർത്താൻ കാരണം ജയസൂര്യയുടെ ആ കഥാപാത്രവും സിനിമയും: തുറന്നു പറഞ്ഞ് അജു വർഗീസ്
Mail This Article
ജയസൂര്യ നായകനായ വെള്ളം എന്ന സിനിമ തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റം തുറന്നു പറഞ്ഞ് നടൻ അജു വർഗീസ്. ഒരു തമാശയ്ക്ക് തുടങ്ങിയ മദ്യപാനം പരിധി വിട്ടു നിൽക്കുമ്പോഴാണ് ജയസൂര്യയുടെ ‘വെള്ളം’ എന്ന സിനിമ ഒടിടിയിൽ കാണാൻ ഇടയാകുന്നത്. എന്നെങ്കിലും മുരളിയുടെ അവസ്ഥ തനിക്കും വന്നുചേരുമെന്ന തോന്നൽ ഈ സിനിമ കണ്ടപ്പോൾ തന്നിലുണ്ടാക്കിയെന്നും അവിടെ നിന്നാണ് ജീവിതത്തിൽ ഒരു ശീലമായി തുടങ്ങിയ മദ്യപാനം നിർത്താൻ തീരുമാനിച്ചതെന്നും അജു വർഗീസ് മനോരമ ഓൺലൈനിനോടു പറഞ്ഞു.
‘‘ഒരിക്കലും അതൊരു ശീലമായിരുന്നില്ല, പക്ഷേ ശീലത്തിലേക്കു വന്നു തുടങ്ങിയിരുന്നു. സ്വാഭാവികമായും മാനസിക സമ്മർദവും പിരിമുറുക്കവുമൊക്കെ വരുമ്പോൾ ഇതുപോലുള്ള ശീലങ്ങൾ കണ്ടെത്തി തുടങ്ങും. അങ്ങനെ അത് കൂടികൂടി ഒരു പരിധി കഴിഞ്ഞപ്പോൾ അത് മറ്റുള്ളവർക്കും ബുദ്ധിമുട്ട് വരാൻ തുടങ്ങി. നമുക്ക് വളരെ വേണ്ടപ്പെട്ട, നമ്മളെ ഇഷ്ടപ്പെടുന്ന ആളുകൾക്കാണ് അതുമൂലം പ്രയാസമുണ്ടാകാൻ തുടങ്ങിയത്.
അങ്ങനെയിരിക്കുന്ന സമയത്താണ് ‘വെള്ളം’ സിനിമ ഒടിടിയിൽ കാണാൻ ഇടയാകുന്നത്. കോവിഡ് കാലത്താണ് ഇതു സംഭവിക്കുന്നത്. ഈ സിനിമയിലെ മുരളിയുടെ കഥാപാത്രത്തിന്റെ സ്റ്റേജിലേക്ക് അധികം വൈകാതെ ചിലപ്പോൾ ഞാൻ എത്തുമെന്ന തോന്നൽ എന്നിലുണ്ടാകുന്നത് അപ്പോഴാണ്. ആ തോന്നൽ എന്റെ ഉള്ളിൽ വന്നത് തന്നെ ഒരു ഷോക്കിങ് ആയിരുന്നു. അതാണൊരു നടന്റെ മികവ്.
ഒരു നടൻ, അദ്ദേഹത്തിന്റെ അവസ്ഥ, അതിന്റെ ഏറ്റവും ഉയരത്തിൽ പ്രകടമാക്കുക, വൈകാരികമായ പകർന്നാട്ടമാണത്. ഒരു ശതമാനം പോലും ഏച്ചുകെട്ടലില്ലാതെ ഏറ്റവും തന്മയത്വത്തോടെ തന്നെ കഥാപാത്രങ്ങളെ ജീവിച്ചു കാണിക്കുമ്പോഴാണല്ലോ നമുക്കും അത് യാഥാർഥ്യമായി തോന്നുന്നത്. ‘വെള്ള’ത്തിലെ മുരളിയായുള്ള ജയസൂര്യയുടെ പ്രകടനം അത്രയ്ക്ക് സത്യസന്ധമായിരുന്നു.
ജയസൂര്യ എന്ന നടനെ മറന്ന്, ഈ സിനിമയിലൂടെ മുരളിയിലെ അവസ്ഥ, ഭാവിയിലെ എന്റെ അവസ്ഥയായി നോക്കികാണുകയാണ് ഉണ്ടായത്. അതെന്നിൽ ഞെട്ടലും ഭയവും ഉണ്ടാക്കി. അവിടുന്നാണ് ജീവിതത്തിൽ ശീലമായി തുടങ്ങിയ മദ്യപാനം നിർത്താൻ തീരുമാനിക്കുന്നത്. ആ തോന്നലും ഭയവും എന്നിൽ വരാൻ കാരണം മുരളിയായുള്ള ജയസൂര്യയുടെ പകർന്നാട്ടം തന്നെയാണ്.
ഈ സിനിമ മുന്നോട്ടു വയ്ക്കുന്ന രണ്ടാമത്തെ ഒരാശയമുണ്ട്. അതെനിക്കു മാത്രമല്ല എല്ലാവർക്കും തോന്നിയിട്ടുണ്ടാകാം. അത് സിനിമയിലെ ഒരു വരി തന്നെയാണ്. ‘ഇൻസൽട്ട് ആണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്’. ഇതു സംഭവിക്കാൻ മറ്റൊരാള് നമ്മളെ ഇൻവെസ്റ്റ് ചെയ്യേണ്ട കാര്യമില്ല. നമ്മൾ തന്നെ കണ്ണാടിയിൽ നോക്കുന്ന സമയത്ത് സ്വയമൊരു ഇൻസെൽട്ട് തോന്നാറില്ലേ? നമ്മൾ എത്താൻ പോകുന്ന, അല്ലെങ്കില്‍ എത്തിച്ചേരേണ്ട പാതയിൽ എത്തിയില്ല എന്ന തോന്നൽ സ്വയം വിലയിരുത്തുമ്പോൾ ഉണ്ടാകാറില്ലേ. അങ്ങനെയുള്ള വളരെ വിലയേറിയ വീക്ഷണങ്ങളാണ് ഈ സിനിമ നമുക്ക് തരുന്നത്.
സത്യം പറഞ്ഞാൽ വളരെ വൈകിയാണ്, ജയേട്ടനോട് ഞാൻ ഇക്കാര്യങ്ങൾ പറയുന്നത്. നിർമാതാവായ മുരളിച്ചേട്ടനോട് ഇക്കാര്യം പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതമായിരുന്നു ആ സിനിമയ്ക്കു പ്രചോദനമായത്. അദ്ദേഹം അന്ന് ഞാൻ അഭിനയിച്ച ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രം നിർമിച്ചിരുന്നു. ‘കേരള ക്രൈം ഫയൽസ്’ കണ്ട് സരിത ചേച്ചി എന്നെ വിളിച്ച വേളയിൽ ചേച്ചിയോടും ഇക്കാര്യം പറഞ്ഞിരുന്നു. പക്ഷേ ജയേട്ടനോട് പിന്നീടാണ് ഞാനിത് നേരിട്ടു പറയുന്നത്.’’–അജു വർഗീസ് പറയുന്നു.
പ്രജേഷ് സെൻ സംവിധാനം ചെയ്ത് 2021ൽ റിലീസ് ചെയ്ത സിനിമയാണ് െവള്ളം. ചിത്രത്തിലെ അഭിനയ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ജയസൂര്യയ്ക്ക് ലഭിച്ചിരുന്നു.