വൈബ് കളറ് പടം; ഫൺറൈഡിന്റെ ‘ബ്രോമാൻസ്’; റിവ്യു

Mail This Article
ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്ത് പ്രണയദിനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ബ്രോമാൻസ്. സംവിധായകൻ സൂചിപ്പിച്ചത് പോലെ തന്നെ റൊമാൻസിനുപരി സൗഹൃദത്തിനും സഹോദര സ്നേഹത്തിനും പ്രാധാന്യം കൊടുത്തുവന്ന ചിത്രം ഒരു മുഴുനീള ഫൺ റൈഡ് ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പ്രണയത്തേക്കാൾ സൗഹൃദത്തിന് വിലകൊടുക്കുന്ന പുതിയ കാലത്ത് സുഹൃത്തുക്കൾക്കൊപ്പം തോളോട് തോളുരുമ്മി പോപ്കോൺ കൊറിച്ചുകൊണ്ട് ചിരിച്ചുല്ലസിക്കാൻ പറ്റിയ ചേരുവകളുള്ള ചിത്രം തന്നെയാണ് അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിനിരത്തി അരുൺ തിയറ്ററിലെത്തിച്ചത്.
പ്ലസ് ടു കഴിഞ്ഞ് ഒരു ലക്ഷ്യവുമില്ലാതെ സുഹൃത്തുക്കൾക്കൊപ്പം ഉല്ലസിച്ചു നടക്കുന്ന കൗമാരക്കാരനാണ് ബിന്റോ. മറ്റുള്ളവരുടെ അബദ്ധങ്ങൾ വിഡിയോയാക്കി ‘കീലേരി അച്ചു’ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഇട്ടു വൈറലാകുന്നതാണ് ബിന്റോയുടെ ഹോബി. ബിന്റോയുടെ പ്രധാന ശത്രു വീട്ടുകാരുടെയും നാട്ടുകാരുടെയും ഗുഡ്ബുക്കിൽ ഇടം നേടിയ സ്വന്തം ചേട്ടൻ ഷിന്റോയാണ്. കൊച്ചിയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന സ്വഭാവ ദൂഷ്യങ്ങളൊന്നുമില്ലാത്ത ഷിന്റോ വീട്ടിൽ വരുമ്പോഴെല്ലാം ബിന്റോയെ ഒന്ന് ഉപദേശിച്ച് നന്നാക്കാൻ അമ്മ പറയാറുണ്ട്. ഇക്കാര്യത്തിൽ ബിന്റോയ്ക്ക് ചേട്ടനോട് ദേഷ്യമുണ്ടെങ്കിലും ചേട്ടനും അനിയനും തമ്മിൽ വല്ലാത്തൊരു ആത്മബന്ധവുമുണ്ട്. ചേട്ടൻ കൊടുത്ത പണവുമായി കൂർഗിൽ ന്യൂ ഇയർ ആഘോഷിക്കാൻ തിരിച്ച ബിന്റോയ്ക്ക് രാത്രി ഒരു കാൾ വരുന്നു, ചേട്ടനെ കാണാനില്ല. ചേട്ടന്റെ സുഹൃത്ത് ഷബീറും ചേട്ടന്റെ എക്സ് ഗേൾഫ്രണ്ട് ഐശ്വര്യയും ഫോൺ ഹാക്ക് ചെയ്യാൻ വന്ന എത്തിക്കൽ ഹാക്കർ ഹരിഹര സുതനും, ഷിന്റോയുടെ സുഹൃത്ത് കൊറിയർ ബാബുവും ചേർന്ന് ഷിന്റോയെ തിരക്കി ഇറങ്ങുന്നു. ആ യാത്രയ്ക്കിടെ അഞ്ചുപേരും നേരിടുന്ന പ്രതിസന്ധികൾ പിന്നീട് പ്രേക്ഷകരെയും ചിത്രത്തെയും ‘മെറി ഗോ’ റൗണ്ടിലിട്ട് വട്ടം ചുറ്റിക്കുകയാണ്.
അർജുൻ അശോകൻ, മഹിമ നമ്പ്യാർ, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരുടെ കിടിലൻ പ്രകടനങ്ങളാണ് ബ്രോമൻസിനെ കളറാക്കുന്നത്. അഭിനേതാക്കളിൽ ആരാണ് മികവുറ്റു നിന്നതെന്ന് പറയുക എളുപ്പമല്ല. ചേട്ടനെ അന്വേഷിച്ചിറങ്ങുന്ന ബിന്റോയായി എത്തിയത് മാത്യു തോമസ് ആയിരുന്നു. മാത്യു തന്റെ സ്ഥിരം പാറ്റേണിൽ അനായാസമായി ബിന്റോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ അർജുൻ അശോകൻ ഷബീർ അലി എന്ന കഥാപാത്രമായി ഒരു അഴിഞ്ഞാട്ടം തന്നെ നടത്തി. ആദ്യപകുതിയിൽ ഒരൽപം പതിഞ്ഞ ശൈലി പിന്തുടർന്നെങ്കിലും സെക്കൻഡ് ഹാഫിൽ ഉന്മാദിയായ അർജുൻ അശോകൻ സ്വയം മറന്നാടുകയായിരുന്നു. ഇടയ്ക്കിടെ കാസർഗോഡ് സ്ലാങ്ങുമായി വന്ന മഹിമ പ്രേക്ഷകരെ കയ്യിലെടുത്തു.
ഐഷു എന്ന കഥാപാത്രത്തെ പെർഫെക്റ്റായി അവതരിപ്പിച്ച മഹിമയുടെ സ്ക്രീൻ പ്രസൻസും എനർജിയും എടുത്തുപറയേണ്ടതാണ്. ഹരിഹരസുതൻ എന്ന വെറൈറ്റി പേരുമായി എത്തിയ സംഗീത് പ്രതാപ് ‘പ്രേമലു’വിലെ അമൽ ഡേവിസിനെ കടത്തിവെട്ടുന്ന പ്രകടനമാണ് നടത്തിയത്. മലയാളസിനിമയിൽ ഒഴിവാക്കാൻ പറ്റാത്ത സാന്നിധ്യമായി സംഗീത പ്രതാപ് മാറിയേക്കും. രശ്മി ബോബൻ ആണ് ബിന്റോയുടെ അമ്മയായി വന്നത്. കൊറിയർ ബാബുവായി ഏറെ വ്യത്യസ്തമായ കഥാപാത്രമായി കലാഭവൻ ഷാജോണും ഷിന്റോ ആയി ശ്യാം മോഹനും പൊലീസ് ഇൻസ്പെക്ടറായി ബിനു പപ്പുവും മികവുറ്റ പ്രകടനവുമായി യുവനടന്മാർക്കൊപ്പം പിടിച്ചു നിന്നു. ഭരത് ബൊപ്പണ്ണ എന്ന കന്നഡ താരമാണ് പ്രധാനപ്പെട്ട മറ്റൊരു റോളിൽ എത്തിയത്.
ഒരിക്കലും മടുപ്പിക്കാതെ ഒന്നിന് പിറകെ മറ്റൊന്നായി എത്തുന്ന ചിരിയുണർത്തുന്ന സംഭവങ്ങളാണ് ബ്രോമൻസിന്റെ പ്രത്യേകത. 18 പ്ലസ്, ജോ ആൻഡ് ജോ എന്നീ രണ്ടു ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരനായ അരുൺ ഡി. ജോസ് ഇക്കുറിയും പ്രേക്ഷകരെ ബോറടിപ്പിച്ചില്ല. ചിരിയുടെ രസക്കൂട്ട് പൊട്ടാതെ കാക്കുന്ന തിരക്കഥയാണ് ചിത്രത്തെ ആകർഷകമാക്കുന്നത്. അരുണിന്റെ കഥയ്ക്ക് തോമസ് പി. സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.
പുതുതലമുറയുടെ അഭിരുചികൾക്കിണങ്ങുന്ന വിധത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ റീൽസുകളും കോമഡികളും ചിത്രത്തിൽ ചേർത്തത് തിയറ്ററിൽ ചിരിയുടെ തിരമാലയുണർത്തി. കൊച്ചിയുടെയും കൂർഗിന്റെയും മനോഹാരിത ഒരുപോലെ ആവാഹിച്ച അഖിൽ ജോർജിന്റെ ക്യാമറയും കൃത്യതയോടെയുള്ള ചമൻ ചാക്കോയുടെ എഡിറ്റിങും ചിത്രത്തിന്റെ സാങ്കേതിക വശങ്ങളെ മികവുറ്റതാക്കുന്നു. സിനിമയുടെ മൂഡിന് ആക്കം കൂട്ടുന്ന ഗോവിന്ദ് വസന്തയുടെ പശ്ചാത്തല സംഗീതവും പാട്ടുകളും ബിജിഎമ്മും മികച്ച അനുഭവമാണ് നൽകുന്നത്.
പ്രണയദിനത്തിൽ കാൽപനികതയുടെ മാറാപ്പുകൾ ഇല്ലാതെ സുഹൃത്തുക്കൾക്ക് തമാശ പറഞ്ഞ് ആസ്വദിച്ച് കാണാൻ പറ്റുന്ന ഒരു റൊമാന്റിക് കോമഡിയാണ് ബ്രോമാൻസ്. മനസ്സ് മടുപ്പിക്കുന്ന ഫൈറ്റുകളും ഡബിൾ മീനിങ് കോമഡികളുമില്ലാതെ കുടുംബത്തോടൊപ്പം ചിരിച്ചു രസിക്കാൻ കഴിയുന്ന ഒരു ആഘോഷ ചിത്രമാണ് അരുൺ ഡി. ജോസ് വീണ്ടും പ്രേക്ഷകർക്കായി എത്തിച്ചത്. ന്യൂ ജനറേഷന്റെ വൈബും കളറും ഉൾക്കൊണ്ട് സഹോദര സ്നേഹത്തിനൊപ്പം സൗഹൃദത്തിന്റെ മഹിമയും പ്രേക്ഷകരിലെത്തിക്കുന്ന ചിത്രം കോമഡിപ്രേമികൾക്ക് ഒരൊന്നാന്തരം വിരുന്നായി മാറും.