ഇളയ ദളപതിയുടെ ചുവടുകൾക്കു മുൻപിൽ നമിച്ച് അനിരുദ്ധ്; കയ്യടി നേടി ശാന്തനു
Mail This Article
തമിഴ് സൂപ്പർതാരം വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിൽ കയ്യടി നേടി താരങ്ങളുടെ നൃത്തം. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കി നടന്ന ചടങ്ങിലാണ് നൃത്തച്ചുവടുകളുമായി താരങ്ങളായ വിജയ്, ശാന്തനു എന്നിവർക്കൊപ്പം സംഗീതസംവിധായകൻ അനിരുദ്ധും വേദിയിലെത്തിയത്. രസകരമായ നിമിഷങ്ങളാണ് മൂവർസംഘം ആരാധകർക്കു സമ്മാനിച്ചത്.
ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയിൽ കഴിയേണ്ടി വന്നതിനു ശേഷം വിജയ് പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയായിരുന്നു മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച്. കരഘോഷങ്ങൾക്കിടെ വേദിയിലെത്തിയ വിജയ് പശ്ചാത്തലസംഗീതത്തിനൊപ്പം അപ്രതീക്ഷിതമായി ചുവടു വയ്ക്കാൻ തുടങ്ങിയത് ആരാധകരെ ആവേശത്തിലാക്കി. ആർപ്പുവിളികൾ കെട്ടടങ്ങുന്നതിനു മുൻപേ, വിജയ് സഹതാരമായ ശാന്തനുവിനെയും സംഗീതസംവിധായകനായ അനിരുദ്ധിനെയും വേദിയിലേക്ക് ക്ഷണിച്ചു. തനിക്കൊപ്പം ചുവടു വയ്ക്കാനായിരുന്നു ക്ഷണം.
വേദിയിലെത്തിയ ശാന്തനുവും അനിരുദ്ധും വിജയ്ക്കൊപ്പം ചുവടുകൾ വച്ചു. അതിനിടയിൽ ചെറിയൊരു ഡാൻസ് ചലഞ്ചിന് ഇളയ ദളപതി തുടക്കമിട്ടതോടെ സദസ് ആവേശക്കടലായി. അനിരുദ്ധിനെയും ശാന്തനുവിനെയും ഒരു കയ്യകലം മാറ്റി നിറുത്തി ഒരു 'പെപ്പി' ചുവടു വച്ച് തനിക്കൊപ്പം അതു ചെയ്യുവാൻ ഇരുവരെയും താരം ക്ഷണിച്ചു. നിമിഷ നേരം കൊണ്ട് ശാന്തനു ആ ചുവട് വിജയ്ക്കൊപ്പം ചെയ്തു കാണിച്ചപ്പോൾ സൂപ്പർ താരത്തിനു മുൻപിൽ നമിച്ച് അനിരുദ്ധ് ചലഞ്ചിൽ നിന്നു പിൻവാങ്ങി.
മൂവർസംഘത്തിന്റെ നൃത്തച്ചുവടുകൾ ആരാധർ ഏറ്റെടുത്തു. ഇത്രയും സമ്മർദ്ദങ്ങൾക്കിടയിൽ തന്നെ സ്നേഹിക്കുന്നവർക്കായി വിജയ് നൃത്തം ചെയ്തത് ഹൃദയത്തിൽ തൊടുന്നതായെന്ന് ആരാധകർ കുറിച്ചു.
സൂപ്പർഹിറ്റ് ചിത്രം കൈദിക്കു ശേഷം ലോകേഷ് കനകരാജ് ചെയ്യുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിൽ പ്രതിനായകവേഷത്തിലെത്തുന്നത് വിജയ് സേതുപതിയാണ്. അനിരുദ്ധിന്റെതാണ് സംഗീതം. ചിത്രത്തിൽ മാളവിക മോഹനൻ, ആൻഡ്രിയ ജറമിയ, ശാന്തനു ഭാഗ്യരാജ്, നാസർ, അർജുൻ ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.