പാട്ട് വസന്തത്തിന്റെ കാൽ നൂറ്റാണ്ട്; മധുപോലെ പെയ്യുന്നു ജയരാഗങ്ങൾ
![m-jayachandran-new m-jayachandran-new](https://img-mm.manoramaonline.com/content/dam/mm/mo/music/music-news/images/2020/12/17/m-jayachandran-new.jpg.image.845.440.jpg)
Mail This Article
മലയാള സിനിമാ സംഗീത സംവിധാന രംഗത്ത് ജോൺസൻ മാഷിനും രവീന്ദ്രൻ മാഷിനും ശേഷം ഏറെ ശ്രദ്ധേയനായ ഒരു സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായ എം ജയചന്ദ്രൻ വളരെ മികച്ച ഒരു ഗായകനാണെന്നും തെളിയിച്ചിട്ടുണ്ട്. താൻ എന്തൊക്കെ നേടിയോ അതിനെല്ലാം കാരണം തന്റെ ഗുരുനാഥന്റെ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറയാറുണ്ട്. നല്ലൊരു ഗായകനും സംഗീതാസ്വാദകനുമായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ മധുസൂദനൻ നായർ. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച അദ്ദേഹം നന്നേ ചെറുപ്പത്തിൽ തന്നെ സംഗീതത്തോടു താല്പര്യം പ്രകടിപ്പിച്ചിരുന്നു. എം.ജയചന്ദ്രന്റെ ചലച്ചിത്ര ജീവിതം സാർത്ഥകമായ 25 വർഷം പിന്നിടുമ്പോൾ നൂറ്റിനാൽപതിലേറെ സിനിമകളിലായി ആയിരത്തോളം പാട്ടുകളാണ് അദ്ദേഹത്തിന്റേതായി മലയാള സംഗീത ആസ്വാദകർക്കു കാതിനു കുളിരായെത്തിയത്. 1995ലാണ് ചന്ത സിനിമയിൽ സംഗീതം നൽകിക്കൊണ്ട് സിനിമാ സംഗീത രംഗത്തേക്ക് എം ജയചന്ദ്രൻ ആദ്യമായി ചുവടുവയ്ക്കുന്നത്. തുടർന്ന് രജപുത്രൻ, നാറാണത്ത് തമ്പുരാൻ, വാൽക്കണ്ണാടി, ബാലേട്ടൻ, അകലെ, വെള്ളിനക്ഷത്രം, സത്യം, ഗൗരീശങ്കരം, മാമ്പഴക്കാലം സെല്ലുലോയ്ഡ്, ശിക്കാർ, പെരുമഴക്കാലം, എന്ന് നിന്റെ മൊയ്ദീൻ തുടങ്ങിയ സിനിമകളിൽ ആയിരത്തോളം ഗാനങ്ങൾ. എന്നു നിന്റെ മൊയ്തീനിലെ ഗാനത്തിന് 2015ൽ അദ്ദേഹത്തിന് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചു. ഏഴു തവണ സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹത്തെ തേടിയെത്തി. സുഹൃത്തുക്കളുടെ പ്രിയപ്പെട്ട കുട്ടൻ എന്ന എം ജയചന്ദ്രൻ സിനിമാ സംഗീത ലോകത്ത് 25 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ മലയാളിക്ക് ലഭിച്ചത് "കാത്തിരുന്നു കാത്തിരുന്നു", "അമ്മ മഴക്കാറിന് കൺ നിറഞ്ഞു" "ഹൃദയത്തിൻ മധുപാത്രം" പോലെ മാധുര്യമൂറുന്ന ഒരുപിടി ഗാനങ്ങളാണ്.
ചന്തയിൽ തുടക്കം....
ഗിരീഷ് പുത്തഞ്ചേരിയുമായുള്ള സൗഹൃദമാണ് എം ജയചന്ദ്രനെ ഒരു സ്വതന്ത്ര സംഗീത സംവിധായകനാക്കിയത്. ചന്ത എന്ന സിനിമയുടെ സംവിധായകൻ സുനിലിനോട് ഗിരീഷ് പുത്തഞ്ചേരി അടുത്ത ചിത്രത്തിൽ ജയചന്ദ്രന്റെ സംഗീതം പരീക്ഷിച്ചു നോക്കാൻ പറയുകയായിരുന്നു. അങ്ങനെ ബാബു ആന്റണിയെ നായകനാക്കി സുനിൽ സംവിധായകനായ ചന്ത എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായി ജയചന്ദ്രൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഒരു തുടക്കക്കാരൻ ചെയ്ത ചന്തയിലെ ഗാനങ്ങൾ വളരെയേറെ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റി. എങ്കിലും രജപുത്രൻ എന്ന ചിത്രത്തിനു കൂടി സംഗീതം പകർന്നതിനു ശേഷം നീണ്ട ഒരു കാലയളവിലേക്ക് അദ്ദേഹത്തിന് അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല.
പുണ്യമായി വാൽക്കണ്ണാടി.....
എം ജയചന്ദ്രൻ വീണ്ടും സിനിമാ സംഗീത മേഖലയിലേക്ക് മടങ്ങിയെത്തിയത് 2001ൽ പുണ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. പുണ്യത്തിലെ “പുലരൊളിതൻ” എന്നു തുടങ്ങുന്ന ഗാനം ആസ്വാദക ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. പുണ്യത്തിനു ശേഷം ചെയ്ത വാൽക്കണ്ണാടിയിലെ ഗാനങ്ങൾ എം ജയചന്ദ്രന്റെ കരിയറിലെ വഴിത്തിരിവായി. വാൽക്കണ്ണാടിയിലെ യേശുദാസും സുജാതയും ചേർന്നാലപിച്ച "മണിക്കുയിലെ" എന്ന ഗാനം വൻ ഹിറ്റായി. വാൽക്കണ്ണാടിയിലെ "അമ്മേ അമ്മേ" എന്ന ഗാനത്തിലൂടെ മധു ബാലകൃഷ്ണന് ആ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുകയും ചെയ്തു.
ബാലേട്ടന്റെ കൈ പിടിച്ച്.....
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മൺവിളക്കൂതിയില്ലെ, കാറ്റെൻ മൺവിളക്കൂതിയില്ലെ
കൂരിരുൾ കാവിന്റെ മുറ്റത്തെ മുല്ലപോൽ ഒറ്റക്കു നിന്നില്ലെ, ഞാനിന്നൊറ്റക്കു നിന്നില്ലെ...
2003 ൽ ഇറങ്ങിയ ബാലേട്ടനിലെ ഈ പാട്ടു മൂളാത്ത മലയാളികൾ ഉണ്ടാകില്ല. ഗിരീഷ് പുത്തഞ്ചേരിയുടെ ഹൃദയസ്പർശിയായ വരികൾക്ക് ജയചന്ദ്രൻ ചെയ്ത ഈണം ആരുടേയും കണ്ണ് നനയിക്കും. ആദ്യം ചെയ്ത ഈണം അഴിച്ചു പണിത്, നിന്ന നിൽപ്പിൽ പെട്ടെന്ന് മൂളിയ ഈണമായിരുന്നു ഇതെന്ന് പിൽക്കാലത്ത് ഗിരീഷ് പുത്തഞ്ചേരി പറയുകയുണ്ടായി. ബാലേട്ടനിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റാവുകയും അതിനു ശേഷം എം ജയചന്ദ്രൻ മലയാളത്തിലെ തിരക്കേറിയ സംഗീത സംവിധായകനായി മാറുകയും ചെയ്തു.
ആദ്യത്തെ സംസ്ഥാന അവാർഡ്
2003ൽ തന്നെ ഇറങ്ങിയ ഗൗരീശങ്കരമെന്ന ചിത്രത്തിലെ "കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ" എന്ന ഗാനത്തിലൂടെയാണ് മികച്ച സംഗീത സംവിധായകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം എം ജയചന്ദ്രനെ തേടി എത്തുന്നത്. തൊട്ടടുത്ത വർഷവും മികച്ച സംഗീത സംവിധായകനുള്ള അവാർഡ് അദ്ദേഹത്തിനു തന്നെയായിരുന്നു. പെരുമഴക്കാലത്തിലേയും കഥവശേഷനിലേയും ഗാനങ്ങൾ അതിന് അദ്ദേഹത്തെ അർഹനാക്കി. മികച്ച സംവിധായകൻ എന്ന അവാർഡ് മാത്രമായിരുന്നില്ല അദ്ദേഹത്തെ തേടിയെത്തിയത്, 2005ൽ അദ്ദേഹത്തെ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നൽകി ആദരിച്ചു. സ്വന്തം സംഗീതത്തിൽ പാടിയ "മെല്ലെ" എന്ന നോട്ടത്തിലെ ഹൃദ്യമായ ആലാപനത്തിനാണ് അദ്ദേഹത്തിന് ഈ പുരസ്കാരം ലഭിച്ചത്. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല 2007ൽ നിവേദ്യം, 2008ൽ മാടമ്പി, 2010ൽ കരയിലെക്കൊരു കടൽ ദൂരം, 2012ൽ സെല്ലുലോയിഡ് എന്നീ ചിത്രങ്ങൾ വീണ്ടും അദ്ദേഹത്തിനു സംസ്ഥാന അവാർഡുകൾ നേടിക്കൊടുത്ത് പ്രശസ്തിയുടെ നെറുകയിലെത്തിച്ചു.
കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയ്
മൊയ്തീനും കാഞ്ചനമാലയും അനുഭവിച്ച വിരഹവേദനയുടെ ആഴം പ്രേക്ഷകനെകൂടി അനുഭവിപ്പിച്ച ഗാനമായിരുന്നു ഇത്. എന്ന് നിന്റെ മൊയ്ദീൻ എന്ന സിനിമയിലെ ഈ ഗാനം 2016ലെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം അദ്ദേഹത്തിനു നേടിക്കൊടുത്തു. ഇത്രയും ആഴത്തിൽ പ്രണയികൾക്ക് പരസ്പരം സ്നേഹിക്കാനാകുമോ എന്നതിനു വരികളിലൂടെയും സംഗീതത്തിലൂടെയും തെളിവു നൽകിയ ഗാനം. ശ്രേയാഘോഷാലിന്റെ മനം മയക്കും സ്വരമാധുരിയിൽ ആരുടേയും ഉള്ളുലക്കുന്ന ഒരു ഗാനമായിരുന്നു ഇത്. മൊയ്ദീൻ കാഞ്ചനമാല വിരഹം മാത്രമല്ല തന്റെ അച്ഛനെ വേർപിരിഞ്ഞ സമയത്താണ് ഈ ഗാനം ചെയ്തതെന്നും അച്ഛന്റെ മരണത്തോടെ തനിക്കുണ്ടായ കഠിന ദുഃഖം കൂടി ഈ സംഗീതത്തിന് പറയാനുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
കൊതിപ്പിക്കുന്ന ഈണങ്ങൾ
എം ജയചന്ദ്രന്റെ പ്രണയം പൂത്തുലയുന്ന ഈണങ്ങൾ കേട്ടാൽ ആരായാലും ഒന്നു പ്രണയിക്കാൻ കൊതിച്ചുപോകും. അകന്നിരിക്കുന്ന ഭാര്യ ഭർത്താവിനെ ഓർത്ത് ‘കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ മണിമാരൻ വരുമെന്നു ചൊല്ലീല്ലേ’ എന്നു പരിഭവത്തോടെ പാടുമ്പോൾ ആസ്വാദകർക്ക് അത് വലിയൊരു സംഗീത വിരുന്നായി. കണ്ണന്റെ കോലക്കുഴൽ വിളി കേട്ട് വരുന്ന രാധ. ജയചന്ദ്രന്റെ ഈണത്തിൽ വിജയ് യേശുദാസും ശ്വേതാ മോഹനും മനം നിറഞ്ഞു പാടി.
“കോലക്കുഴൽ വിളി കേട്ടോ രാധേ എൻ രാധേ
കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ”
പ്രണയിനിയെ പച്ചപ്പനന്തത്തയുമായി ഉപമിച്ച് പൊൻകുന്നം ദാമോദരൻ വരികൾ കുറിച്ചപ്പോൾ ജയചന്ദ്രൻ നൽകിയത് പ്രണയികൾക്ക് എക്കാലവും ഓർത്തിരിക്കാനൊരു മധുരഗാനമായിരുന്നു യേശുദാസും സുജാത മോഹനും പാടിയ ‘പച്ചപ്പനന്തത്തേ പുന്നാര പൂമുത്തേ പുന്നെല്ലിൻ പൂങ്കരളേ" എന്ന ഗാനം കമിതാക്കളെ കുളിരണിയിച്ചു. പ്രണയത്തെ മഴയോടുപമിച്ച "മഴയേ തൂമഴയേ", ജാതിമതങ്ങൾക്കതീതമായി നിറപ്പകിട്ടാർന്ന ലോകം സൃഷ്ടിച്ച "ഓ സൈനബ അഴകുള്ള സൈനബ" പ്രണയിനിയുടെ നഷ്ടത്തിൽ നെഞ്ചുനീറി പാടുന്ന "ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ എന്തിനു നീയെന്നെ വിട്ടകന്നു", കളിക്കൂട്ടുകാരന്റെ അപ്രതീക്ഷിത മടങ്ങി വരവിൽ സൗഹൃദത്തോടൊപ്പം പ്രണയവും തിരിച്ചറിഞ്ഞു പാടിയ "‘ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവളകൊഞ്ചലിട്ടു കാത്തു നിന്നതാര്" ഇവയെല്ലാം തന്നെ പ്രണയത്തിന്റെ എല്ലാ ഭാവങ്ങളെയും ആവാഹിച്ച് പ്രേക്ഷകർക്കായി ജയചന്ദ്രൻ ഒരുക്കിയ മാന്ത്രിക സംഗീതങ്ങളായിരുന്നു.
അനുഭവങ്ങൾ കൂടുന്തോറും ആ അനുഭവത്തിൽ നിന്നും ഉദാത്തമായ സംഗീതം സൃഷ്ടിക്കാൻ കഴിയുന്ന സംഗീതകാരനാണ് എം ജയചന്ദ്രൻ. ഒരു പിടി ജനപ്രിയ ഗാനങ്ങളിലൂടെ ഒരു വലിയ സമൂഹത്തെ രസിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. വസന്ത ഗ്രീഷ്മ ശരത്കാലങ്ങൾ കടന്നു ജയരാഗങ്ങൾ ജീവിതഗന്ധിയായ ഒരു പുഴപോലെ ഒഴുകുകയാണ്. വിജയഗാഥയുടെ ഇരുപത്തിയഞ്ചു വർഷങ്ങൾ പിന്നിടുമ്പോഴും സംഗീതം കൊണ്ടും ഗാനാലാപനം കൊണ്ടും മലയാളികളെ അതിശയിപ്പിച്ച എം ജയചന്ദ്രൻ ഒന്നും തന്റെ കഴിവല്ല, എല്ലാം മാതാ പിതാ ഗുരു ദൈവ കടാക്ഷമാണെന്ന് ഓർമ്മിപ്പിച്ച് വിനയാന്വിതനാകുന്നു.
English Summary: Hits of music director M Jayachandran