ഇതിലും മികച്ച വിവാഹവാർഷിക ആശംസ കിട്ടാനില്ല! ഔസേപ്പച്ചനെ ഞെട്ടിച്ച് സർപ്രൈസ് വിഡിയോ

Mail This Article
സംഗീതസംവിധായകൻ ഔസേപ്പച്ചന്റെയും ഭാര്യ മറിയാമ്മയുടെയും 40ാം വിവാഹവാർഷിക ദിനത്തിൽ സർപ്രൈസ് വിഡിയോയുമായി മകൻ അരുണും ഭാര്യ ട്രീസയും. ഔസേപ്പച്ചന്റെയും മറിയാമ്മയുടെയും കുടുംബജീവിതത്തിന്റെ പ്രാരംഭ കാലം മുതലുള്ള ഓരോ സംഭവങ്ങളും രസകരമായി പുനഃരാവിഷ്കരിച്ചുകൊണ്ടാണ് കുടുംബാംഗങ്ങളുടെ സർപ്രൈസ് വിഡിയോ. പെണ്ണു കാണൽ മുതൽ ഇതുവരെയുള്ള ജീവിതനാൾവഴിയിലെ പ്രധാന സംഭവങ്ങളെല്ലാം വിഡിയോയില്‍ അവതരിച്ചിരിക്കുന്നു.
രസകരമായ രംഗങ്ങളും സംഭാഷണങ്ങളും അഭിനയ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമായാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ഔസേപ്പച്ചന്‍ സംഗീതം നൽകിയ പാട്ടുകൾ കൂടി വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘മറിയാമ്മേ ഔസേപ്പച്ചൻ വിളിക്കുന്നു’ എന്ന കുഞ്ഞിന്റെ നിഷ്കളങ്കമായ വാക്കുകളിലൂടെയാണ് വിഡിയോയുടെ തുടക്കം.
കുടുംബജീവിതത്തിലെ മാത്രമല്ല ഔസേപ്പച്ചന്റെ സംഗീതജീവിതത്തിലെയും ചില ഭാഗങ്ങള്‍ പുനഃരാവിഷ്കാരത്തിൽ തെളിയുന്നു. ഓരോ സംഭവവും നർമരസം കലർത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഔസേപ്പച്ചനും മറിയാമ്മയും ഒരുമിച്ചുള്ള പൂർവകാല ചിത്രങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് ഔസേപ്പച്ചൻ മരപ്പണിയിൽ പരീക്ഷണം നടത്തി വീട്ടിലേയ്ക്കുള്ള ചില അവശ്യ വസ്തുക്കൾ നിർമിച്ചതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വലിയ തോതിൽ പ്രചരിച്ചിരുന്നു. ആ രംഗങ്ങളും പുനഃരാവിഷ്കരിച്ചാണ് വിഡിയോ പൂർത്തിയാക്കിയത്.
ഇരുപത് മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പഴമയുടെ സൗന്ദര്യം നിലനിർത്തി അവതരിപ്പിച്ച വിഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. നിരവധി പേരാണ് ഔസേപ്പച്ചനും ഭാര്യ മറിയാമ്മയ്ക്കും വിവാഹവാർഷിക മംഗളങ്ങൾ നേർന്ന് രംഗത്തെത്തിയത്.
ഔസേപ്പച്ചന്റെ മകൻ അരുണും ഭാര്യ ട്രീസയും ആണ് വിഡിയോയിൽ ഔസേപ്പച്ചനും മറിയാമ്മയുമായി വേഷമിട്ടത്. സംഗീത ഡേവിസ്, സംഗീത, സ്റ്റീവ് സന്തോഷ്, ഷോൺ സന്തോഷ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ട്രീസയും അരുണു ചേർന്നാണ് വിഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ട്രീസയ്ക്കൊപ്പം മായയും കിരണു ചേർന്ന് തിരക്കഥയൊരുക്കി. അന്ന ബിന്റോ, സംഗീതം, സ്റ്റീവ്, ഷോൺ എന്നിവർ ചേർന്നാണ് ദൃശ്യങ്ങൾ പകർത്തിയത്.