ദിലീപ് റഹ്മാൻ ആയപ്പോൾ ഔസേപ്പച്ചന്റെ പാട്ടുകൾക്കു സംഭവിച്ചത്!
Mail This Article
പഴയ പാട്ടുകളുടെ ഒറിജിനൽ ട്രാക്കുകൾ തേടിയുളള അന്വേഷണങ്ങൾ ചില ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽകൊണ്ടെത്തിച്ചപ്പോഴാണ് മനസ്സിലായത്, സംഗീതാസ്വാദകരിലധികമാർക്കും അറിയാത്ത ഒരു വലിയ അധോലോകമാണ് പഴയ ഗ്രാമഫോൺ, കാസറ്റ് എന്നിവയുടെ വിപണനലോകം എന്നത്. ഹിന്ദിയിൽ R.D ബർമൻ, മലയാളത്തിലും തമിഴിലും ഇളയരാജാ, ഈ മൂന്നു ഭാഷകളിലും A.R. റഹ്‌മാൻ എന്നിവരുടെ ആദ്യകാലചിത്രങ്ങളുടെ റെക്കോർഡുകൾ, കാസറ്റുകൾ, ഓഡിയോ സിഡികൾ ഇവയ്ക്കൊക്കെ മോഹവിലയാണ്. ഇവയുടെ നല്ലൊരു ശേഖരം കയ്യിലുള്ളവർക്ക് മനസ്സുകൊണ്ടെങ്കിലും കോടീശ്വരൻമാരാകാം !
രണ്ട് വർഷങ്ങൾക്ക് മുൻപ് അത്തരം ഒരു ഗ്രൂപ്പിൽ 'ഫാൻറസി ബൈ A.R.റഹ്‌മാൻ' എന്നൊരു ഓഡിയോസിഡി 3500 രൂപായ്ക്ക് വില്ക്കുവാനിട്ടിരിക്കുന്നത് കണ്ടു. അന്വേഷിച്ചപ്പോൾ അത് കിട്ടുവാൻ വളരെ വിഷമമുള്ള ഒരു സിഡി ആണെന്നറിഞ്ഞു. പാട്ടുകൾ ഒന്ന് കേട്ടു നോക്കാമെന്ന് കരുതി യൂട്യൂബിൽ തിരഞ്ഞപ്പോഴാണ് S.ജാനകി പാടിയ 'അന്തിമാലൈ' എന്ന ഗംഭീരഗാനം കേട്ടത്. ഈണം പക്ഷേ എവിടെയോ കേട്ടു മറന്നതുപോലെയെന്ന് തോന്നി. ഓർമ്മകൾ ചികഞ്ഞെടുത്തപ്പോൾ അത് 1994 ൽ 'വൈഷ്ണവർ' എന്ന പേരിൽ പാട്ടുകൾ മാത്രം പുറത്തിറങ്ങിയ ചിത്രത്തിലെ 'തുമ്പപ്പൂവിൻ' എന്ന പാട്ടിന്റെ ഈണമാണെന്ന് മനസ്സിലായി. 4 പാട്ടുകളുള്ള 'വൈഷ്ണവരു'ടെ ക്രെഡിറ്റിൽ ഗോപി- ഔസേപ്പച്ചൻ-A.R.റഹ്മാൻ എന്നിങ്ങനെയാണ് കൊടുത്തിരിക്കുന്നത്. മാത്രമല്ല ഔസേപ്പച്ചൻ സംഗീതം നല്കിയ 'മൂക്കില്ലാരാജ്യത്ത്' (1991)എന്ന സിനിമയിലെ 'കാശിത്തുമ്പക്കാവായ്' (M.G. ശ്രീകുമാർ), 'വർണ്ണം വാരിത്തൂവി' (ചിത്ര) എന്നീ പാട്ടുകളുമായി നല്ല സാമ്യവും ഈ പാട്ടിനുണ്ട്. ഇത്രയുമൊക്കെ ആലോചിച്ച് വന്നപ്പോഴേയ്ക്കും മുൻപ് സൂചിപ്പിച്ച സിഡി ആരോ വാങ്ങിച്ചുകഴിഞ്ഞിരുന്നു.
ഔസേപ്പച്ചൻ എന്ന പേര് 'വൈഷ്ണവർ' എന്ന ആ മലയാളചിത്രത്തിന്റെ ക്രെഡിറ്റിൽ കണ്ടതുകൊണ്ട് സംശയാലുവായ ഞാൻ, അറിയാവുന്ന ഒരു കൊടിയ റഹ്‌മാൻഭക്തനോട് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, 'അന്തിമാലൈ' എന്ന പേരിൽ 1993ൽ തമിഴിൽ വന്ന A.R.റഹ്മാന്റെ സൂപ്പർഹിറ്റ് ആൽബം CD രൂപത്തിൽ വിദേശത്ത് റിലീസ് ചെയ്തതാണ് 'ഫാൻറസി' എന്ന്. പിന്നെ 'അന്തിമാലൈ' കാസറ്റിനുള്ള അന്വേഷണമായി. ഇറങ്ങിയ കാലത്ത് കാസറ്റ്കടകളിൽ കണ്ടിട്ടുണ്ടെങ്കിലും സിനിമാഗാനമല്ലാത്തതിനാൽ ഞാൻ അത് വാങ്ങിയിരുന്നില്ല. കുറേ തിരച്ചിലുകൾക്കൊടുവിൽ 'അന്തിമാലൈ' കയ്യിലെത്തി.
കാസറ്റ് കവർ കണ്ടപ്പോൾ ഒരു കാര്യം വ്യക്തമായി - ഔസേപ്പച്ചന് ഈ വർക്കുമായി ബന്ധമുണ്ട്. കാരണം തമിഴിൽ വ്യക്തമായി 'ഓസ്പച്ചാൻ' എന്നൊരു പേര് ആരാണെന്നോ എന്താണെന്നോ പറയാതെ എന്തിനോ വേണ്ടി പ്രിൻറ് ചെയ്തിട്ടുണ്ട്. വൈരമുത്തുവും റഹ്‌മാനും ഒരുമിച്ച് നിന്ന് പുഞ്ചിരിക്കുന്ന ഫോട്ടോയും നല്കിയിട്ടുണ്ട്. (രണ്ടാമത് വന്ന കാസറ്റുകളിൽ നിന്ന് 'ഓസ് പച്ചാൻ' ഒഴിവാക്കപ്പെട്ടതായി പറയപ്പെടുന്നു).
വാസ്തവം അറിയാനായി ഔസേപ്പച്ചനുമായി ഫോണിൽ സംസാരിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമാകുന്നത്. 1990 ജനുവരിയിൽ ഔസേപ്പച്ചൻ സംഗീതം നല്കി റിലീസ് ആയ മലയാള ആൽബത്തിൻറെ തമിഴ് പതിപ്പാണ് 'അന്തിമാലൈ'.
അതിൽ പശ്ചാത്തല സംഗീതം കംപ്യൂട്ടറിൽ വായിച്ചിരിക്കുന്നത് അന്ന് ദിലീപ് ആയിരുന്ന റഹ്‌മാൻ ആണ്. പക്ഷേ ആ മലയാളം ആൽബത്തിന്റെ ഒരു കോപ്പി പോലും അറിവിലുള്ള ആരുടെയും കൈവശമില്ല. 'വൈഷ്ണവർ' എന്ന പേരിൽ അതിലെ നാല് പാട്ടുകൾ വേറെ റിലീസ് ആയതിനെപ്പറ്റിയും ഔസേപ്പച്ചന് അറിയില്ല. ഒറിജിനൽ എവിടെനിന്നെങ്കിലും കിട്ടിയാൽ അറിയിക്കാമെന്ന് പറഞ്ഞ് സംസാരം നിർത്തി.
പിന്നീടാണ് യൂട്യൂബിൽ ചില ഇൻറർവ്യൂകളിൽ ഔസേപ്പച്ചൻ 'അന്തിമാലൈ' ആൽബത്തെ പരാമർശിച്ച് നേരത്തെ സംസാരിച്ചിട്ടുള്ളത് ശ്രദ്ധയിൽപ്പെടുന്നത്. അതിന്റെയെല്ലാം താഴെ റഹ്‌മാൻഫാൻസ് ഔസേപ്പച്ചനെ പൊങ്കാലയിടുന്നതും വായിച്ചപ്പോൾ വിഷമം തോന്നി.
A.R.റഹ്‌മാൻ തന്റെ ഈണം മോഷ്ടിച്ചു എന്ന് ഔസേപ്പച്ചൻ എവിടെയും പറയുന്നില്ല. പക്ഷേ, അത് റഹ്‌മാന്റെ പേരിൽ പുറത്ത് വന്നതിലുള്ള വിഷമം അദ്ദേഹം പ്രകടിപ്പിക്കുന്നുമുണ്ട്. അതിലെന്താണ് തെറ്റ് !
ആ ഇടയ്ക്കൊരു ദിവസം എന്റെ സുഹൃത്തും സിനിമയിലെ കൊറിയോഗ്രാഫറുമായ ബിജു ധ്വനിതരംഗ് അദ്ദേഹത്തിന്റെ വീട്ടിൽ കുറേ ഓഡിയോകാസറ്റ് ഉപയോഗിക്കാതെ ഇരിപ്പുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ അത് കൊണ്ടു പൊയ്ക്കൊള്ളാനും എന്നോട് പറഞ്ഞത്. അവിടെ നിന്നാണ് ഈ സംഭവങ്ങളുടെയെല്ലാം കാരണഭൂതമായ 'Musical Fantasy 1990 - സംഗീതസംഗമം' എന്ന കാസറ്റ് എന്റെ കൈയിലെത്തുന്നത്.
നോക്കിയപ്പോൾ എല്ലാ വിവരങ്ങളും ക്രെഡിറ്റുകളും വളരെ വ്യക്തമായിത്തന്നെ ആ കാസറ്റിന്റെ ഇൻലേയുടെ എല്ലാ പേജുകളിലുമായി ഫോട്ടോയുൾപ്പെടെ നല്കിയിട്ടുണ്ട്. അങ്ങിനെ നോക്കിയാൽ സാക്ഷാൽ A.R. റഹ്‌മാന്റെ ഒരു ഫോട്ടോ ദിലീപ് എന്ന പേരിലാണെങ്കിലും ആദ്യമായി പ്രസിദ്ധീകൃതമാകുന്നത് ഈ മലയാളം കാസറ്റിലായിരിക്കണം. (സംഗീതസംവിധായകൻ ഔസേപ്പച്ചനും ഗാനരചയിതാവ് ചിറ്റൂർ ഗോപിക്കുമൊപ്പം കർമ്മനിരതനായിരിക്കുന്ന 'ദിലീപി'ന്റെ കൗതുകമുണർത്തുന്ന ഫോട്ടോയിൽ ചെറിയ വ്യത്യാസങ്ങളോടെ ആദ്യം സൂചിപ്പിച്ച തമിഴ് ഓഡിയോ സിഡിയിലും കാണാം)
രണ്ട് ഭാഷയിലുള്ള കാസറ്റുകളും കേട്ടു കഴിഞ്ഞപ്പോൾ ഒരു കാര്യം തീർച്ചയായി. സംഗീത സംവിധാനത്തിന് ദേശീയപുരസ്കാരവും സംസ്ഥാന പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുള്ള , സംഗീതാരാധകർക്ക് ആസ്വദിക്കുവാൻ അനവധി ഗാനങ്ങളും സമ്മാനിച്ചിട്ടുള്ള ഔസേപ്പച്ചന് പൊങ്കാലയിടാൻ റഹ്‌മാൻ ആരാധകർക്ക് ഒരവകാശവുമില്ല.
യാഥാർത്ഥ്യം അവരറിയണം എന്ന ഉദ്ദേശ്യത്തോടെ നടത്തിയ കൂടിക്കാഴ്ച്ചയിൽ ഔസേപ്പച്ചൻ കാര്യങ്ങൾ വ്യക്തമാക്കി.
"1989 ഒക്ടോബറിൽ ഗായകനായ ഉണ്ണി മേനോൻ സുഹൃത്തും 'സെപ്റ്റ്യൂൺ' എന്ന മ്യൂസിക് കമ്പനിയുടെ ഉടമയുമായ മഹേഷ് ജോർജിനോടൊപ്പം മലയാളത്തിൽ പല ശ്രേണിയിലുള്ള പാട്ടുകൾ ഉൾക്കൊള്ളിച്ച ഒരു സ്വതന്ത്ര സംഗീതആൽബം ചെയ്യുക എന്ന ആശയവുമായി എന്നെ കാണുവാൻ വന്നു. സിനിമയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഈണമൊരുക്കുന്നതു പോലെ എളുപ്പമായി തോന്നാത്തതിനാൽ ആദ്യം മടിച്ചെങ്കിലും പിന്നെ ഒന്ന് ശ്രമിക്കാമെന്ന് തോന്നി. ഒരു പുതുവത്സരഗാനവും ചേർത്ത് 'Welcome 90' എന്ന പേരിൽ ജനുവരിയിൽ തന്നെ റിലീസ് ചെയ്യുവാനുള്ള തീരുമാനവുമായി കംപോസിംഗ് തുടങ്ങി. ഗാനരചയിതാവായ ചിറ്റൂർ ഗോപിയും ചെന്നൈയിലെത്തി ഈണത്തിനനുസരിച്ച് വരികളും എഴുതി. ആ സമയത്ത് സുഹൃത്തായ റിക്കി എന്ന റിഥംബോക്സ് പ്ലെയറാണ് പശ്ചാത്തലസംഗീതമൊരുക്കുവാൻ R.K.ശേഖറിന്റെ മകനായ ദിലീപിനെ നിർദ്ദേശിക്കുന്നത്. ദിലീപിന്റെ സ്റ്റുഡിയോയിലിരുന്ന് അദ്ദേഹത്തിന്റെ അച്ഛന്റെ ഹാര്‍മോണിയത്തിലാണ് പശ്ചാത്തല സംഗീതം ഞാൻ കംപോസ് ചെയ്തത്. അതിനനുസരിച്ച് ഒരുപാട് സംഗീതോപകരണങ്ങളുടെ ടോണുകൾ അതിമനോഹരമായി ദിലീപ് കംപ്യൂട്ടറിൽ നിന്നും പ്രൊഡ്യൂസ് ചെയ്തെടുത്തപ്പോൾ വലിയ അതിശയമാണ് തോന്നിയത്. 'തുമ്പപ്പൂവിൻ' എന്ന പാട്ടിന്റെ റിഥം മാത്രമൊരുക്കിയത് രാജാ എന്ന മറ്റൊരു മ്യൂസിഷനാണ്. ബാക്കിയെല്ലാം ദിലീപ് ഒറ്റയ്ക്കാണ് ചെയ്തത്. അതുകൊണ്ടാണ് കാസറ്റിൽ 'Dileep, The one man orchestra' എന്ന് കൊടുത്തിരിക്കുന്നത്.
ദിലീപിന്റെ സ്റ്റുഡിയോയിൽ തന്നെ റെക്കോർഡിംഗും ദിലീപ് തന്നെ ശബ്ദലേഖകനും.
ഉണ്ണി മേനോനെ കൂടാതെ പാടുവാനായി ചിത്രയെയാണ് തീരുമാനിച്ചിരുന്നത്. തന്റെ സ്റ്റുഡിയോയിൽ പാടുവാനായി ചിത്ര വരുന്നതിന്റെ സന്തോഷത്തിലായിരുന്നു ദിലീപ് എങ്കിലും സ്വകാര്യസംഗീതസൃഷ്ടികൾ പാടുന്നതിനായി മറ്റൊരു കമ്പനിയുമായി എഗ്രിമെൻറ് ഉണ്ടായിരുന്നതിനാൽ ചിത്രയ്ക്ക് ഇതിൽ സഹകരിക്കുവാൻ കഴിഞ്ഞില്ല. അങ്ങനെ സുജാത വരികയും ആ പാട്ടുകൾ അതിമനോഹരമായി പാടുകയും ചെയ്തു. ആ റെക്കോർഡിംഗിൽ ദിലീപുമായുണ്ടായ സൗഹൃദാന്തരീക്ഷം ഉണ്ണിമേനോനും സുജാതയ്ക്കും അവരുടെ കരിയറിലെ തന്നെ വലിയൊരു വഴിത്തിരിവായിരുന്നു. 'റോജ'യിലൂടെയാണല്ലോ ഇരുവരുടെയും രണ്ടാം വരവ് !
Musical Fantasy 1990 കാസറ്റ് വിപണിയിൽ വിജയമായില്ല. നിരൂപകർ ഔസേപ്പച്ചൻ സംഗീതത്തിൻറെ മലയാളത്തനിമ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പറഞ്ഞ് മുറവിളി കൂട്ടി. സഹപ്രവർത്തകരായ സംഗീതജ്ഞരൊക്കെ നല്ലത് പറഞ്ഞെങ്കിലും ആകെ ചിലവായത് അയ്യായിരം കാസറ്റുകൾ മാത്രമാണെന്ന് പ്രൊഡ്യൂസർ മഹേഷ് ജോർജ് പറഞ്ഞപ്പോൾ എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
രണ്ട് വർഷങ്ങൾ കഴിഞ്ഞ് 'റോജ' യും 'ജെൻറിൽമാനും' ഒക്കെയായി ദിലീപ് , A.R. റഹ്‌മാനായി മിന്നിത്തിളങ്ങിനില്ക്കുമ്പോഴാണ് 'അന്തിമാലൈ' എന്ന പേരുമിട്ട് എന്റെ ആൽബം റഹ്മാന്റെ പേരിൽ തമിഴിൽ റിലീസ് ചെയ്തതായി ഞാനറിയുന്നത്. വിഷമം തോന്നിയെങ്കിലും ഞാനത് കാര്യമാക്കിയില്ല. പക്ഷേ, പിന്നീട് സുഹൃത്തുക്കളുടെ നിർബ്ബന്ധപ്രകാരം തമിഴ് പതിപ്പ് എന്റെ അനുവാദമില്ലാതെ റിലീസ് ചെയ്ത കമ്പനിക്കെതിരെ ഒരു കേസ് കൊടുക്കുവാൻ ഞാൻ തീരുമാനിച്ചു. പരിചയക്കാരനും അഡ്വക്കറ്റുമായ വിദ്യാപതി എന്നയാൾ വഴി അദ്ദേഹത്തിൻറെ അളിയനും ഇത്തരം കേസുകൾ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നതുമായ അഡ്വക്കേറ്റിനെ കേസ് ഏല്പിക്കുകയും അയ്യായിരം രൂപാ (അന്നത് തരക്കേടില്ലാത്ത തുകയാണ്) അഡ്വാൻസ് കൊടുക്കുകയും ചെയ്തു. എല്ലാ എഗ്രിമെൻറ് കോപ്പികളും തെളിവുകളും കയ്യിലുണ്ടായിരുന്നതിനാൽ കേസ് ജയിക്കുമെന്നും ഉറപ്പായിരുന്നു.
സംഗീത സംവിധായകനായെങ്കിലും തൊഴിൽപരമായി വയലിനിസ്റ്റ് എന്ന മേഖലയ്ക്കാണ് ഞാൻ അന്ന് പ്രാധാന്യം നല്കിയിരുന്നത്. അക്കാലത്ത് അത്തരം റെക്കോർഡിംഗ് ആവശ്യങ്ങൾക്കായി ഇടയ്ക്കിടെ റഹ്‌മാന്റെ സ്റ്റുഡിയോയിൽ പോകാറുണ്ടായിരുന്നു. അങ്ങിനെ പോയ ഒരു ദിവസം റഹ്‌മാന്റെ അമ്മ എന്റെയടുത്ത് വന്ന് കേസിന്റെ കാര്യം സംസാരിച്ചു. കേസ് കമ്പനിക്കെതിരെയാണെങ്കിലും അതിൽ ഉൾപ്പെട്ടവർക്കെല്ലാം നോട്ടീസ് പോകുമല്ലോ. 'അവൻ വളർന്നുവരുന്നതല്ലേയുള്ളു, ഇപ്പോൾ ഒരു കേസ് ഒക്കെ വന്നാൽ അത് അവനെ ബാധിക്കും' എന്ന് അവർ പറഞ്ഞപ്പോൾ ഞാൻ റഹ്‌മാനോട് സംസാരിച്ചു. ആ തമിഴ് ആൽബവുമായി റഹ്‌മാന് യാതൊരു ബന്ധവുമില്ലെന്നും സ്റ്റുഡിയോയിൽ സുരക്ഷിതമായിരുന്ന മ്യൂസിക്ട്രാക്സ് അവിടെ അക്കാലത്തുണ്ടായിരുന്ന ഒരു സൗണ്ട് എഞ്ചിനീയർ വഴി പുറത്ത് പോയതായിരിക്കുമെന്നും റഹ്‌മാൻ പറഞ്ഞു.
ആ സംസാരത്തോടു കൂടി ഞാൻ കേസിന്റെ കാര്യം ഉപേക്ഷിച്ചു. തമിഴ് റിലീസ് ചെയ്ത കമ്പനി അല്പസ്വല്പം ഗുണ്ടായിസമൊക്കെയുള്ള വടക്കേ ഇന്ത്യക്കാരുടേതാണെന്നും പിറകേ നടക്കുന്നത് ഇരുകൂട്ടർക്കും സമയനഷ്ടം ധാരാളമുണ്ടാക്കും എന്ന തിരിച്ചറിവും പിൻമാറാനുള്ള എന്റെ തീരുമാനത്തെ ബലപ്പെടുത്തി.
വിചിത്രമായൊരു സത്യവും പിന്നാലെ ഞാൻ തിരിച്ചറിഞ്ഞു. മലയാളത്തിലിറങ്ങിയ എന്റെ ആൽബത്തെ പുച്ഛിച്ചെഴുതിയ നിരൂപണശിരോമണികളാക്കെ റഹ്മാന്റെ സംഗീതത്തെ വാനോളമുയർത്തിയെഴുതി. മലയാളത്തിൽ വെറും അയ്യായിരം മാത്രം വിറ്റഴിഞ്ഞ കാസറ്റുകൾ തമിഴിലെത്തിയപ്പോൾ മൂന്നു ലക്ഷത്തോളമായി. അതിലെ തമാശയോർത്ത് ഇന്നും ഞാൻ ചിരിക്കാറുണ്ട്. "
ഔസേപ്പച്ചൻ പറഞ്ഞു നിർത്തിയപ്പോൾ ആദ്യം സൂചിപ്പിച്ച 'അധോലോകത്തിലെ' വിപണികളെക്കുറിച്ചു ഞാനോർത്തു. അവിടെ അതൊന്നും പ്രശ്നമില്ല. അവർക്ക് ആരാധിക്കാനൊരു മൂർത്തി മാത്രം മതി.
ആസ്വാദനം ആരാധനയായി മാറുമ്പോൾ അവിടെ അടിമത്വം ആരംഭിക്കുന്നു.
അതിരുകളും അവസാനിക്കുന്നു.
ഒപ്പം അസഹിഷ്ണുതകൾ ആവേശിക്കുന്നു.
കലയിലായാലും എവിടെയായാലും അന്ധമായ ആരാധന മറ്റ് മേച്ചിൽപ്പുറങ്ങളിലേയ്ക്കുള്ള വഴികളെ മറയ്ക്കുന്നു.
പുതിയ കാഴ്ചകളും കേൾവികളും നിറയുന്ന വിശാലമായ ലോകത്തെ അകറ്റുന്നു
ആരാധന,
ആരോഗ്യകരമല്ലാത്ത ഒരുതരം ഉൾവലിവായി അവശേഷിക്കുന്നു.