‘ഇത് അവളുടെ ഇഷ്ടഗാനം’; കുട്ടിമണിക്കായി പാട്ടൊരുക്കി റിമി ടോമി, വിഡിയോ
![rimi-tomy-kuttimani rimi-tomy-kuttimani](https://img-mm.manoramaonline.com/content/dam/mm/mo/music/music-news/images/2022/6/25/rimi-tomy-kuttimani.jpg?w=1120&h=583)
Mail This Article
പുത്തൻ കവർ ഗാനവുമായി ഗായിക റിമി ടോമി. ‘മുത്തുമണി തൂവൽ തരാം’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് റിമിയുടെ കവർ പതിപ്പ്. അനിയത്തി റീനുവിന്റെ മകൾ കുട്ടിമണി (ഇസബെൽ)ക്കു വേണ്ടിയുള്ള സമ്മാനമായാണ് റിമി ഈ കവർ ഒരുക്കിയത്. കുട്ടിമണിയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടാണിതെന്ന് റിമി ടോമി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
‘മുത്തുമണിത്തൂവൽ തരാം അല്ലിത്തളിരാട തരാം
നറുപൂവിതളിൽ മധുരം പകരാൻ
ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാൻ.. എൻ
കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ....’
വിഡിയോ ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഹൃദ്യമായ ദൃശ്യാവിഷ്കാരമാണ് ഒരുക്കിയിരിക്കുന്നത്. കുട്ടിമണിയെ താലോലിക്കുന്ന, കൊഞ്ചിക്കുന്ന റിമിയെ ആണ് വിഡിയോയിൽ കാണാനാവുക. കുട്ടിമണിയുടെ ക്യൂട്ട് ഭാവങ്ങളും പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.
ശ്രീഹരി കെ നായർ ആണ് പാട്ടിന്റെ പ്രോഗ്രാമിങ് നിർവഹിച്ചത്. സായ് പ്രകാശ് വോയ്സ് മിക്സിങ് ചെയ്തിരിക്കുന്നു. അമോഷ് പുതിയാറ്റിൽ ആണ് കവർ ഗാനത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
1992ൽ പുറത്തിറങ്ങിയ ‘കൗരവർ’ എന്ന ചിത്രത്തിനു വേണ്ടി എസ്.പി.വെങ്കടേഷ് ഈണമൊരുക്കിയ ഗാനമാണ് ‘മുത്തുമണി തൂവൽ തരാം’. കൈതപ്രം ദാമോദരൻ നമ്പൂതിരി വരികൾ കുറിച്ച ഗാനം കെ.ജെ.യേശുദാസ് ആണ് സിനിമയില്‍ ആലപിച്ചിരിക്കുന്നത്. പാട്ടിന് ഇന്നും ആരാധകർ ഏറെയാണ്.