സ്നേഹമാണ് ബോംബെ ജയശ്രിയുടെ സംഗീതം; ആ സ്വരമാധുരിയിലാകെ നിറഞ്ഞ് കാരുണ്യം, വാത്സല്യം
![bombay-jayashri-5 ബോംബെ’ ജയശ്രി. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/music/music-news/images/2023/3/28/bombay-jayashri-5.jpg?w=1120&h=583)
Mail This Article
ജനനവും ജീവിതത്തിലെ ആദ്യ 10 വർഷവും കൊൽക്കത്തയിൽ, മൂന്നര പതിറ്റാണ്ടോളമായി ജീവിക്കുന്നത് ചെന്നൈയിൽ. എങ്കിലും പേര് ‘ബോംബെ’ ജയശ്രി എന്നാണ്. ബോംബെ മുംബൈ ആയിട്ടും ജയശ്രി തന്റെ വ്യക്തിത്വത്തിന്റെ ഭാഗമായ നാട്ടുപേരു മാറ്റിയിട്ടില്ല. കൗമാരത്തിൽ കുറച്ചു വർഷങ്ങൾ ചെലവിട്ടത് അവിടെയാണെങ്കിലും ആ മഹാ നഗരവുമായി ഇപ്പോൾ വലിയ ബന്ധമൊന്നുമില്ല. പക്ഷേ, ഇന്ത്യൻ സംഗീതത്തിലെ മഹാ ഗായികയുടെ പേരിനു മുൻപിൽ ബോംബെ ഇന്നും തിളങ്ങി നിൽക്കുന്നു. അഭിമുഖങ്ങളിലും സംഭാഷണങ്ങളിലും അവർ ആവർത്തിച്ചു പറയുന്ന ഒന്നുണ്ട്; തന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ മുംബൈ എന്ന നഗരം വഹിച്ച വലിയ പങ്ക്. പിതാവ് എൻ.എൻ. സുബ്രഹ്മണ്യം ഇടയ്ക്കിടെ ജോലികൾ മാറിയിരുന്നതിനാൽ കുടുംബം നഗരങ്ങളിൽനിന്നു നഗരങ്ങളിലേക്ക് പറിച്ചു നടപ്പെട്ടു. കൽക്കട്ടയിൽനിന്ന് അങ്ങനെയാണ് ജയശ്രീ പത്താം വയസ്സിൽ ബോംബെയിൽ എത്തുന്നത്. കൽക്കട്ട നഗരത്തോടും അവിടത്തെ ജനങ്ങളോടും ബംഗാളി സംഗീതത്തോടുമുള്ള മമത അവർ അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്.