ഒടുവിൽ ആഫ്രിക്കക്കാരനും പാടി! കടൽ കടന്ന് തരംഗമായി ഷെയ്നിന്റെ ‘നീല നിലവേ’, വിഡിയോ

Mail This Article
ഷെയ്ൻ നിഗം നായകനായെത്തിയ ആർഡിഎക്സിലെ സൂപ്പർഹിറ്റ് ഗാനം ‘നീല നിലവേ’ അതിർത്തികൾ കടന്ന് തരംഗമാകുന്നു. ടാൻസാനിയക്കാരൻ കിലി പോൾ ഈ ഗാനം ആലപിക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കിലിയുടെ സഹോദരി നീമ പോള്‍ താളം പിടിച്ച് അരികിൽ തന്നെയുണ്ട്. 19 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ഇതിനകം ദശലക്ഷക്കണക്കിനു പ്രേക്ഷകരെ നേടിക്കഴിഞ്ഞു.
‘നീല നിലവേ’യുടെ എഴുത്തുകാരൻ മനു മഞ്ജിത് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ‘നമ്മളെഴുതിയ ഒരു പാട്ട് ഇങ്ങനെ അതിർത്തികൾ മായ്ച്ച് ഒഴുകുന്നതു കാണുന്ന സന്തോഷം’, എന്ന അടിക്കുറിപ്പോെടയാണ് മനുവിന്റെ പോസ്റ്റ്. ആർഡിഎക്സിനു വേണ്ടി സാം.സി.എസ് ഈണമൊരുക്കിയ ഗാനമാണിത്. കപിൽ കപിലൻ ആലപിച്ചു.
ഇന്ത്യൻ ഗാനങ്ങള്‍ക്കനുസരിച്ചു ചുണ്ടുകൾ ചലിപ്പിച്ചും നൃത്തം ചെയ്തും സമൂഹമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ താരങ്ങളാണ് കിലി പോളും നീമയും. ഇരുവരുടെയും അതിശയിപ്പിക്കും ഭാവപ്രകടനങ്ങളും ഊർജം നിറയ്ക്കുന്ന ചലനങ്ങളും ആരാധകർ കണ്ണെടുക്കാതെ കണ്ടിരിക്കാറുണ്ട്. കുട്ടിക്കാലം മുതൽ ഇന്ത്യൻ സിനിമകളുടെ കടുത്ത ആരാധകരായിരുന്നു കിലിയും നീമയും. പാട്ടും ഡാൻസുമായി ഇരുവരും എപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ടാൻസാനിയയിലെ ഒരു ഉൾഗ്രാമത്തിലാണ് കിലിയും നീമയും താമസിക്കുന്നത്. കൃഷിയും പശുവളർത്തലും ഉപജീവനമാർഗമായി കണ്ടവർ. കുട്ടിക്കാലം മുതൽ വളരെയേറെ കഷ്ടപ്പാടുകൾക്കു നടുവിലായിരുന്നു കിലിയുടേയും നീമയുടേയും ജീവിതം. കഠിനാധ്വാനത്തിനിടയിലുള്ള ചെറിയ ചില ഇടവേളകളിലാണ് ടിക്ടോക്കും ഇൻസ്റ്റഗ്രാമുമെല്ലാം പരിചയപ്പെട്ടത്. സംഗീതത്തിലും നൃത്തത്തിലുമുള്ള താല്‍പര്യം കൊണ്ട് ടിക് ടോക് വിഡിയോകൾ ചെയ്യാൻ തുടങ്ങി. ആദ്യം കിലി ഒറ്റയ്ക്കായിരുന്നു വിഡിയോ ചെയ്തിരുന്നത്. നീമയെയും ഒപ്പം കൂട്ടി.
ഇന്ത്യൻ പാട്ടുകളുടെ വരികളും ഉച്ചാരണവുമെല്ലാം കിലിയും നീമയും പഠിക്കുന്നത് രണ്ട് മുതൽ നാല് ദിവസം വരെ എടുത്താണ്. ഓരോ വാക്കിന്റേയും അർഥം ഇന്റർനെറ്റിന്റെ സഹായത്തോടെ മനസ്സിലാക്കിയ ശേഷം വിഡിയോകൾ ചെയ്യും. ഇന്ത്യക്കാർ തരുന്ന സ്നേഹത്തിനു മുമ്പിൽ തങ്ങളുടെ കഷ്ടപാട് നിസാരമായാണു തോന്നുന്നതെന്ന് കിലി പോൾ പലതവണ പറഞ്ഞിട്ടുണ്ട്. 5.2 മില്യൻ ഫോളോവേഴ്സാണ് ഇവർക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.