പീഡനക്കേസ് , ദാമ്പത്യത്തിൽ തുടർച്ചയായ പരാജയം; നാലാമതും വിവാഹിതനായി വിവാദഗായകൻ

Mail This Article
പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ പലപ്പോഴും വിവാദങ്ങളിലകപ്പെട്ടിട്ടുള്ള ബംഗ്ലാദേശി ഗായകൻ മൈനുള്‍ അസൻ നോബിള്‍ നാലാമതും വിവാഹിതനായി. ഫര്‍സാൻ അര്‍ഷിയെന്ന ഫുഡ് വ്ലോഗറിനെയാണ് നോബിൾ വിവാഹം ചെയ്തത്. ഫര്‍സാന്റെ രണ്ടാം വിവാഹമാണിത്. നദിം അഹമ്മദ് ആണ് ഫര്‍സാന്റെ ആദ്യഭർത്താവ്. വീണ്ടും വിവാഹിതനായെന്ന കാര്യം മൈനുള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
മോശം പെരുമാറ്റത്തിന്റെ പേരിലും അസഭ്യമായി സംസാരിച്ചതിനും ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട് മൈനുള്‍ അസൻ നോബിള്‍. തുടരെത്തുടരെയായി മൂന്ന് വിവാഹം കഴിച്ചെങ്കിലും എല്ലാം കനത്ത പരാജയത്തിൽ അവസാനിച്ചു. റിമി ആണ് നോബിളിന്റെ ആദ്യഭാര്യ. വിവാഹം കഴിഞ്ഞ് അധികം വൈകാതെ റിമിയുമായുള്ള ബന്ധം അവസാനിപ്പിച്ച നോബിൾ, ഉടൻ തന്നെ ബന്ധുവായ യുവതിയെ വിവാഹം ചെയ്തു. എന്നാൽ ആ ബന്ധവും വളരെപ്പെട്ടെന്ന് അവസാനിച്ചു.
പിന്നീട് ഗായകൻ സല്‍സബിൽ എന്ന യുവതിയുമായി വിവാഹിതനായി. എന്നാൽ ആ ബന്ധവും വിജയിച്ചില്ല. മാത്രവുമല്ല, നോബിളിനെതിരെ സല്‍സബില്‍ ഗാർഹികപീഡന പരാതി നൽകുകയും ചെയ്തു. നോബിളിന്റെ മർദനത്തെത്തുടർന്ന് സല്‍സബിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തന്നെ വിവാഹം കഴിക്കുമ്പോൾ നോബിൾ വളരെ മികച്ച വ്യക്തിയായിരുന്നുവെന്നും പിന്നീട് മോശം ആളുകളുമായി അടുക്കുകയും ലഹരിക്ക് അടിമയാവുകയും ചെയ്തുവെന്നും അങ്ങനെയാണ് ജീവിതതാളം തെറ്റിയതെന്നും സല്‍സബിൽ വെളിപ്പെടുത്തിയിരുന്നു.
സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ വന്ന് സംഗീതരംഗത്ത് ചുവടുറപ്പിച്ച ഗായകനാണ് മൈനുള്‍ അസൻ നോബിള്‍. നിരവധി ആരാധകരെയും ഗായകൻ സ്വന്തമാക്കി. എന്നാല്‍ രബീന്ദ്രനാഥ ടാഗോറിനെയും നരേന്ദ്ര മോദിയെയും കുറിച്ചു നടത്തിയ മോശം പരാമര്‍ശങ്ങള്‍ നോബിളിനെ വിവാദക്കുരുക്കിലാക്കി. മാത്രവുമല്ല, കരാറിൽ ഒപ്പ് വച്ചിട്ടും ഏറ്റെടുത്ത സംഗീതപരിപാടികളിൽ പങ്കെടുക്കാന്‍ തയ്യാറാകാത്തതിനാൽ നോബിളിന്റെ പേരിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ ലൈംഗിക പീഡന കേസും നിലവിലുണ്ട്.