അർഥം മനസ്സിലാകാതെ ആളുകൾ പാട്ട് ഏറ്റെടുക്കുന്നു, ചിലപ്പോൾ എഴുതുന്നത് അർഥമില്ലാത്ത വരികളും!
Mail This Article
പരസ്പര ബന്ധമില്ലാത്ത സംഭവങ്ങൾ കോർത്തിണക്കിയുള്ള ചില പാട്ടുകൾ പെട്ടെന്നു ജനഹൃദയത്തിലെത്താറുണ്ട്. ബാൻഡുകളിൽ പലപ്പോഴും ഇതു ഞങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. സ്പാനിഷ്, ഹാഫ് മെക്സിക്കൻ, ഇംഗ്ലിഷ് എന്നിവയിലെ പാട്ടുകൾ മിക്സ് ചെയ്തു പാടും. അതു കേൾക്കുന്നവരിൽ ഒരു വൈബ് ഉണ്ടാകാറുണ്ട്. അർഥം മനസ്സിലാകാതെ തന്നെ ആളുകൾ അത് ഏറ്റെടുക്കുന്നതു പലപ്പോഴും കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ചില പാട്ടുകളെ കുറിച്ചാണ് ഈ ആഴ്ച പറയുന്നത്.
ആഡ്രിയാനോ സെലന്റാനോ
ഗാനങ്ങൾക്കായി വരികൾ എഴുതുമ്പോൾ ചിലപ്പോൾ ‘ഗിബറിഷ് ടേം’ എന്ന രീതി പ്രയോഗിക്കാറുണ്ട്. പ്രത്യേകിച്ച് അർഥമില്ലാത്ത വരികൾ ഉപയോഗിക്കുന്നതിനെയാണ് ഇങ്ങനെ പറയുക. പെട്ടെന്നു കേട്ടാൽ എന്താണു സംഭവമെന്നു മനസ്സിലായെന്നു വരില്ല. അതു പലപ്പോഴും പല രീതികളിൽ വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. ഇത്തരം പാട്ടുകളെപ്പറ്റി ചിന്തിക്കുമ്പോൾ പെട്ടെന്ന് ഓർമ വരുന്നത് ഒരു ഇറ്റാലിയൻ പാട്ടുകാരന്റെ ഗാനമാണ്. ഇത് ഇംഗ്ലിഷുകാർ കേട്ടാൽ ഇംഗ്ലിഷ് ആണെന്നു തോന്നും. എന്നാൽ ഇംഗ്ലിഷല്ല. ഇംഗ്ലിഷ് ഉച്ചാരണ ശൈലി വച്ച് ഒരു ബന്ധവുമില്ലാത്ത കുറെ വരികൾ കോർത്തിണക്കിയ പാട്ടാണിത്. ആഡ്രിയാനോ സെലന്റാനോ എന്നാണ് ഈ ഗായകന്റെ പേര്. ഗാനരചയിതാവ്, നടൻ, ചലച്ചിത്ര നിർമാതാവ് എന്ന നിലകളിലൊക്കെ സെലന്റാനോ തിളങ്ങി. 1972ൽ പുറത്തുവന്ന പ്രിസെൻകോളിനെൻസിനൈൻസിനെൻസിയൂസോൾ എന്ന അദ്ദേഹത്തിന്റെ ഗാനമാണ് ഇത്തരത്തിലുള്ള വരികൾ വച്ച് ഹിറ്റായത്.
പിസ്താ സുമ്മാ ഗിരാ
മലയാള സിനിമയിൽ ഇതുപോലെ ഒരു പാട്ടുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കിന്നാരം എന്ന ചിത്രത്തിലെ ‘പിസ്താ സുമ്മാ ഗിരാ’. ഈ സിനിമയിൽ സംഗീത സംവിധായകന്റെ വേഷം ചെയ്ത ജഗതി ചേട്ടന്റെ (ജഗതി ശ്രീകുമാർ) ഒരു നാടൻ പാട്ടായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. വർഷങ്ങൾക്കു ശേഷം ‘നേരം’ എന്ന സിനിമയിൽ സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ ഈ പാട്ട് പുനഃസൃഷ്ടിച്ചു. ഇന്നും ഏറ്റവും പോപ്പുലർ ഫാസ്റ്റ് നമ്പറായി എല്ലാ സംഗീത പരിപാടികളിലും ഇതു അവതരിപ്പിക്കുന്നുണ്ട്.
നാക്കമുക്കാ
തമിഴിലെ സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണി ആദ്യമായി അഭിനയിച്ച സിനിമയിലെ പാട്ടാണ് ‘നാക്കമുക്കാ..’. കുത്തു പാട്ടുകളുടെ മറ്റൊരു മുഖമാണ് ഈ പാട്ടിലൂടെ വിജയ് ആന്റണി അവതരിപ്പിച്ചത്. തമിഴിൽനിന്ന് ഇത്തരത്തിലുള്ള മറ്റൊരു ഗാനമാണ് മലമ പിത്താദേ. വിജയ്‌യുടെ ‘ബീസ്റ്റ്’ എന്ന സിനിമയിലെ ഈ പാട്ടിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്. വരികൾ എഴുതിയിരിക്കുന്നത് നടൻ ശിവ കാർത്തികേയനും. ഈ പാട്ട് പിറന്നതിനെപ്പറ്റി അനിരുദ്ധും ശിവകാർത്തികേയനും ഒരു അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. പെട്ടെന്ന് ഒരു കണ്ടന്റ് കിട്ടാൻ വേണ്ടി ഒന്നിച്ചിരുന്നു തയാറാക്കിയതാണെന്നാണ് അവർ പറയുന്നത്. ഈ പാട്ടിന്റെ കമന്റ് ബോക്സിൽ പലരും പ്രതികരിച്ചിരിക്കുന്നത് ഒന്നും മനസ്സിലാകുന്നില്ലെന്നാണ്. അതിനുള്ള ഉത്തരവും ചില പ്രതികരണങ്ങളിൽത്തന്നെയുണ്ട്.
‘പാട്ട് മനസ്സിലാക്കാനുള്ളതല്ല. ആസ്വദിക്കാനും സന്തോഷിക്കാനുമുള്ളതാണ്.’ സമകാലിക സംഗീതത്തിൽ ഈ ചിന്ത പ്രബലമാവുകയാണെന്നാണ് സംഗീതപരിപാടികൾ നൽകുന്ന പാഠവും. നമ്മുടെ ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ ആസ്വാദനത്തിന്റെ തലവും മാറുകയാണ്. ആസ്വദിപ്പിക്കുന്ന സംഗീതമാണ് എല്ലാവരും അന്വേഷിക്കുന്നത്. അതിനനുസരിച്ച് മാറാനും ലോകത്തെവിടെയുമുള്ള സംഗീതത്തെ മനസ്സിലാക്കാനുമാണ് സംഗീതജ്ഞർ ശ്രമിക്കുന്നത്. സംഗീതത്തിനു ഭാഷയോ ദേശമോ ഇല്ല, സംഗീതം സംഗീതം മാത്രമാണ്. സന്തോഷം പകരുകയെന്നതു വളരെ പ്രധാനവുമാണ്. അതാണ് സമകാലിക സംഗീതത്തിന്റെ പ്രസക്തിയും.