ഒരേ പരീക്ഷാസെന്ററിൽ അച്ഛനും മകനും
Mail This Article
തൊട്ടടുത്തുനിന്ന മകനെ ചൂണ്ടി അച്ഛൻ പറഞ്ഞു, ‘‘ഇവനെ ഞാൻ ചുമതലയേൽപ്പിക്കുകയാണ്. ജോലി ഭംഗിയായി ചെയ്തില്ലെങ്കിൽ ഇവന്റെ വസ്ത്രങ്ങൾ ജനമധ്യത്തിൽ വലിച്ചു കീറണം.’’
ഏതു മകനും വിറച്ചു പോകുന്ന പ്രഖ്യാപനം. പക്ഷേ, തിരഞ്ഞെടുപ്പാണ്. ഇങ്ങനെ പലതും പറയേണ്ടി വരും എന്ന് മകനും അറിയാം അച്ഛനും അറിയാം.
അച്ഛൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. മകൻ നകുൽ നാഥ്. രണ്ടു പേരും മധ്യപ്രദേശിലെ ചിന്ദ്‍വാരയിൽ സ്ഥാനാർഥികളാണ്. കമൽ നിയമസഭയിലേക്ക്, നകുൽ ലോക്സഭയിലേക്ക്.
അച്ഛനും മകനും ഒരേ മണ്ഡലത്തിൽ 2 സഭകളിലേക്കു മത്സരിക്കുന്ന ഏക സ്ഥലമായിരിക്കും കമൽനാഥിന്റെ സാമ്രാജ്യമായ ചിന്ദ്‍വാര. 40 വർഷത്തോളമായി ചിന്ദ്‍വാര എംപിയാണ് കമല്നാഥ്. ഒറ്റത്തവണ മാത്രമാണ് കോൺഗ്രസിന് ഈ മണ്ഡലം നഷ്ടപ്പെട്ടത്. അതും ഉപതിരഞ്ഞെടുപ്പിൽ ഒരു വർഷത്തേക്കു മാത്രം. ലോക്സഭാ സീറ്റ് മകനു നൽകി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കന്നിയങ്കം നടത്തുകയാണ് കമൽനാഥ്. മുഖ്യമന്ത്രിയായ കമൽനാഥിന് നിയമസഭയിലെത്താൻ ചിന്ദ്‍വാരയിൽ നിന്നു ജയിച്ച മുൻ മന്ത്രി ദീപക് സക്സേന രാജിവയ്ക്കുകയായിരുന്നു.
ഇന്ദിരയുടെ മൂന്നാമത്തെ ‘മകൻ’
തന്റെ മൂന്നാമത്തെ മകനായിട്ടാണ് കമൽനാഥിനെ ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചിരുന്നത്. ഡൂൺ സ്കൂളിലെ സഹപാഠികളായിരുന്നു കമലും സഞ്ജയ് ഗാന്ധിയും. ഗാന്ധി കുടുംബവുമായുള്ള പതിറ്റാണ്ടുകളുടെ അടുപ്പം കമൽനാഥിനെ കരുത്തനാക്കി. 3 തവണയായി മധ്യപ്രദേശ് ബിജെപി അടക്കിഭരിച്ചപ്പോൾ പല പരീക്ഷണങ്ങൾക്കൊടുവിലാണ് രാഹുൽ ഗാന്ധി കമൽനാഥിനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കഴിഞ്ഞ വർഷം മടക്കിവിടുന്നത്. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനായി. ഇതു ഫലം കണ്ടു. കോൺഗ്രസ് ഭരണം പിടിച്ചു.
മധ്യപ്രദേശിലെ മറ്റു ജില്ലകളിൽ നിന്ന് ഏറെ മുന്നിലാണ് ചിന്ദ്‍വാര ജില്ല. കേരളത്തിന്റെ മൂന്നിലൊന്നുണ്ട് വിസ്തൃതി. സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല. ചിന്ദ്‍വാര ലോക്സഭാ മണ്ഡലം ജില്ലയാകെ വ്യാപിച്ചുകിടക്കുന്നു. മികച്ച റോഡുകൾ, മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി മണ്ഡലത്തിൽ കമൽനാഥ് കൊണ്ടുവന്നതാണ് വികസനമേറെയും.
ചിന്ദ്‍വാരയിലെ വീട്ടിൽ കാണുമ്പോൾ അദ്ദേഹം ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രമാണ്. തൊഴിൽ നൈപുണ്യ കേന്ദ്രം നേരിട്ടുപോയി കാണണം. കേന്ദ്ര നഗരവികസന മന്ത്രിയായിരിക്കെ കൊണ്ടുവന്ന സിഐഎ തൊഴിൽ നൈപുണ്യകേന്ദ്രം ഉൾപ്പെടെ അനവധി സ്കിൽ ഡവലപ്മെന്റ് സെന്ററുകളാണ് ചിന്ദ്‍വാരയുടെ പലഭാഗങ്ങളിലായി പ്രവർത്തിക്കുന്നത്.
ചിന്ദ്‍വാരയിലെ വികസനം ചൂണ്ടിക്കാട്ടിയാണ് കമൽനാഥ് മറ്റിടങ്ങളിലും പ്രസംഗിക്കുന്നത്, ‘‘40 കൊല്ലം മുമ്പ് ഒരു യുവാവിനെ നിങ്ങൾ പാർലമെന്റിലേക്ക് അയച്ചു. അന്ന് ചിന്ദ്‍വാരയിൽ ആഴ്ചയിൽ 2 ദിവസം പോലും വെള്ളം കിട്ടില്ലായിരുന്നു. ഒരു ട്രെയിൻ പോലും ഇവിടെ നിർത്തില്ലായിരുന്നു. ഒരു ഫാക്ടറിയുടെ ചിമ്മിനിക്കുഴലു പോലും ഇല്ലായിരുന്നു. ഇന്നത്തെ ചിന്ദ്‍വാര നിങ്ങളുടെ മുന്നിലുണ്ട്.’’
ഗോത്ര വിഭാഗങ്ങളും കർഷകരുമാണ് ചിന്ദ്‍വാരയുടെ ഗതി നിർണയിക്കുക. 1.16 ലക്ഷം വോട്ടിനാണ് കമൽനാഥ് കഴിഞ്ഞ തവണ ജയിച്ചത്. മധ്യപ്രദേശിൽ മാറ്റത്തിന്റെ കാറ്റ് കോൺഗ്രസിന് അനുകൂലമായതിനാൽ ഇത്തവണ അച്ഛന്റെ മണ്ഡലത്തിൽ കൂടുതൽ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് നകുൽനാഥിന്റെ പ്രതീക്ഷ.
“അച്ഛൻ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾക്കു തുടർച്ച കൊണ്ടുവരാൻ ശ്രമിക്കും. തൊഴിലില്ലായ്മാണ് മധ്യപ്രദേശും ഇന്ത്യയും നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന്. ഇത് പരിഹരിക്കാൻ ശ്രമം നടത്തും” – മനോരമയോട് ആദ്ദേഹം പറഞ്ഞു.
ആദ്യ തിരഞ്ഞെടുപ്പാണെങ്കിലും കഴിഞ്ഞ 5 ലോക്സഭാ തിരഞ്ഞെടുപ്പിലും പിതാവിനു വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ട് നകുൽനാഥ്. 46 കാരനായ നകുൽ ആണ് നാലാം ഘട്ട വോട്ടെടുപ്പിൽ രാജ്യത്തെ ഏറ്റവും ധനികനായ സ്ഥാനാർഥി. 600 കോടിയുടെ ആസ്തിയാണ് അദ്ദേഹം പരസ്യപ്പെടുത്തിയത്. ഡൂൺ സ്കൂളിൽ പഠിച്ച നകുൽ എംബിഎ എടുത്തത് ബോസ്റ്റൺ സർവകലാശാലയിൽ നിന്നാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് 29 മണ്ഡലങ്ങളിൽ 27 എണ്ണവും ബിജെപി ജയിച്ചപ്പോൾ കോൺഗ്രസിനൊപ്പം നിന്നതാണ് ചിന്ദ്‍വാരയും ജ്യോതിരാദിത്യ സിന്ധ്യ ജയിച്ച ഗുണയും. ബിജെപിയുടെ ഗോത്രനേതാവും മുൻ എംഎൽഎയുമായ നഥാൻ ഷായാണ് നകുലിന്റെ എതിരാളി.
40 കാരനായ ചിന്ദ്‍വാരയിലെ ജ്വല്ലറി ഉടമ വിവേക് സാഹുവാണ് ഉപതിരഞ്ഞെടുപ്പിൽ കമൽനാഥിനെതിരേ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 14,547 വോട്ടിനാണ് കോൺഗ്രസ് ഇവിടെ ജയിച്ചത്.