വിചാരണയില്ലാതെ ജയിലിലിട്ട് ശിക്ഷിക്കാമെന്ന് കരുതിയോ?; സിസോദിയ കേസിൽ ഇ.ഡിയോട് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ വിചാരണയില്ലാതെ ജയിലിലിട്ടു ശിക്ഷിക്കാനാകില്ല എന്നാണ് മനീഷ് സിസോദിയയ്ക്കു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത്. കുറ്റക്കാരനെന്നു വിധിക്കും മുൻപ് ദീർഘകാലം ജയിലിലിടുന്നത് അനുവദിക്കാൻ കഴിയില്ലെന്നും അതു വിചാരണ കൂടാതെ ശിക്ഷ വിധിക്കുന്നതിനു തുല്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
വീണ്ടും വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശിക്കണമെന്ന അന്വേഷണ ഏജൻസികളുടെ നിലപാടിനെയും കോടതി വിമർശിച്ചു. സിസോദിയയെ പാമ്പും കോണിയും കളിക്കു വിടുന്ന സാഹചര്യമാകും ഇതെന്ന വാദത്തിനിടയിലെ പരാമർശം കോടതി ഉത്തരവിലും ആവർത്തിച്ചു.
ജയിൽകാലം നീണ്ടുപോകുന്നതിനൊപ്പം കേസിലെ ആരോപണങ്ങളുടെ സ്വഭാവം കൂടി പരിഗണിച്ചുവേണം ജാമ്യം നൽകേണ്ടതെന്ന് സുപ്രീം കോടതിയുടെ മുൻകാല പരാമർശം ഇ.ഡി ഉന്നയിച്ചിരുന്നു. ഇതിനെ പൊതു അർഥത്തിലാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീം കോടതി വിലയിരുത്തി. ശിക്ഷിക്കപ്പെടാത്തയാൾക്ക് അതിവേഗ വിചാരണയ്ക്കുള്ള അവകാശവുമുണ്ട്, വിചാരണ തുടങ്ങാത്തത് പ്രതിയുമായി ബന്ധപ്പെട്ട കാര്യം കൊണ്ടല്ലെന്നതും ജാമ്യകാര്യത്തിൽ പരിഗണിക്കണം.
ജാമ്യം അനുവദിക്കുന്നത് തടയാൻ ഇ.ഡിയും സിബിഐയും ഉയർത്തിയ വാദങ്ങളെല്ലാം നിരാകരിച്ചാണ് 17 മാസത്തിനു ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. രേഖകൾ പരിശോധിക്കാനും മറ്റുമായി സിസോദിയ വിചാരണ കോടതിയിൽ നൽകിയ അപേക്ഷകൾ സമയബന്ധിതമായി വിചാരണ തുടങ്ങുന്നതിനെ ബാധിച്ചെന്ന് അന്വേഷണ ഏജൻസികൾ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതു സമർഥിക്കാൻ തക്ക തെളിവുകൾ നൽകാൻ ഏജൻസികൾക്കു കഴിയില്ലെന്നും സിസോദിയയുടെ അപേക്ഷകൾ വിചാരണക്കോടതി അംഗീകരിച്ചതാണെന്നും ബെഞ്ച് വിലയിരുത്തി.
വിചാരണ അടുത്തെങ്ങും തുടങ്ങുന്ന മട്ടില്ലെന്ന് കോടതി
ജാമ്യാപേക്ഷയെ എതിർത്ത് ഏജൻസികൾ ഉയർത്തിയ വാദങ്ങളിലെ വൈരുധ്യവും കോടതി ചൂണ്ടിക്കാട്ടി. 17 മാസം പിന്നിട്ടിട്ടും വിചാരണ തുടങ്ങുക പോലും ചെയ്യാത്ത സാഹചര്യത്തിൽ വിചാരണ വേഗത്തിൽ തുടങ്ങണമെന്ന അവകാശം നിഷേധിക്കപ്പെട്ടു. 495 സാക്ഷികളുണ്ടെന്നതും ലക്ഷക്കണക്കിനു പേജുള്ള ആയിരക്കണക്കിന് രേഖകൾ പരിശോധിക്കാനുണ്ടെന്നതും ചൂണ്ടിക്കാട്ടിയ കോടതി, വിചാരണ അടുത്ത കാലത്തെങ്ങും തീരാൻ സാധ്യതയില്ലെന്നു വിലയിരുത്തി.
10 ലക്ഷം രൂപ ജാമ്യത്തുകയായും തത്തുല്യ തുകയ്ക്കുള്ള 2 ആൾജാമ്യവും കെട്ടിവയ്ക്കണം, പാസ്പോർട്ട് വിചാരണക്കോടതിയിൽ നൽകണം, തിങ്കളും വ്യാഴവും അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണു ജാമ്യം അനുവദിച്ചത്.
വിചാരണ നടത്തുമെന്ന ഉറപ്പ് പാലിച്ചില്ല
ആദ്യ ജാമ്യാപേക്ഷ തള്ളുന്ന ഘട്ടത്തിൽ സുപ്രീം കോടതി നിർദേശിച്ച ശേഷവും വിചാരണ ഒച്ചിഴയും വേഗത്തിലായിരുന്നുവെന്നും ബെഞ്ച് നിരീക്ഷിച്ചു. ആദ്യ ജാമ്യാപേക്ഷ തള്ളി 7 മാസവും 4 ദിവസവും കഴിഞ്ഞശേഷമാണ് വിഷയം വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. സിസോദിയയുടെ കേസിൽ 6–8 മാസം കൊണ്ട് വിചാരണ പൂർത്തിയാക്കുമെന്ന ഉറപ്പ് പ്രോസിക്യൂഷൻ നൽകിയിരുന്നതും കോടതി ചൂണ്ടിക്കാട്ടി.