ADVERTISEMENT

‌കണ്ണൂർ ∙ തലയിൽ ചക്ക വീണതിനെത്തുടർന്നു പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനു പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതുൾപ്പെടെ മറ്റു രോഗങ്ങൾക്കു ചികിത്സ തേടിയെത്തിയ 2 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക കൂട്ടുന്നു. 3 പേർക്കും എങ്ങനെയാണു രോഗം ബാധിച്ചതെന്നു വ്യക്തമല്ല.

ചക്ക വീണു സാരമായ പരുക്കുള്ളതിനാൽ കാസർകോട് സ്വദേശിയായ യുവാവിനു ശസ്ത്രക്രിയ ആവശ്യമായിരുന്നു. കോവിഡിന്റെ ലക്ഷണങ്ങളൊന്നും ഇയാൾക്കുണ്ടായിരുന്നില്ല. എങ്കിലും കാസർകോട്ടു നിന്നുള്ള രോഗിയായതിനാൽ സ്രവം പരിശോധിക്കാൻ പരിയാരത്തെ ഡോക്ടർമാർ തീരുമാനിച്ചു. ഇന്നലെ ഫലം വന്നപ്പോൾ പോസിറ്റീവ് ! 

കണ്ണൂർ വിമാനത്താവള ഉദ്യോഗസ്ഥനായ യുവാവിനു കോവിഡ് സ്ഥീരികരിച്ചതും സമാന സാഹചര്യത്തിലാണ്. കാരപേരാവൂരിനടുത്തു ബൈക്ക് അപകടത്തിൽപ്പെട്ടാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുതുച്ചേരി സ്വദേശിയായതിനാലാണു സ്രവ പരിശോധന നടത്തിയത്. ഫലം വന്നപ്പോൾ പോസിറ്റീവ്. 

നാഡി സംബന്ധമായ ചികിത്സയ്ക്കാണു ധർമടം സ്വദേശിനിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്കും ശസ്ത്രക്രിയ ആവശ്യമായിരുന്നു. കണ്ണൂരിൽ നിന്നുള്ള രോഗിയായതിനാൽ കോവിഡ് ലക്ഷണങ്ങളില്ലെങ്കിലും സ്രവം പരിശോധനയ്ക്ക് അയച്ചു. ഫലം പോസിറ്റീവ്. ഇന്നലെ അവരുടെ ഭർത്താവിന്റെ സ്രവപരിശോധനാ ഫലവും വന്നു. അതും പോസിറ്റീവ്. 

രോഗലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്ന സംഭവങ്ങൾ വർധിച്ചതോടെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആശങ്കയിലാണ്. ആദ്യഘട്ടത്തിൽ ജില്ലയിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 80 ശതമാനം പേർക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. തലശ്ശേരി ജനറൽ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി ഇതിനകം 6 ആരോഗ്യപ്രവർത്തകർക്കു കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 

English summary: Youth tests coronavirus positive in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com