സഭകളിലെ തലയെടുപ്പിന് 50
![PTI03_09_2021_000103B New Delhi: Congress leader Vayalar Ravi speaks on the phone at Parliament House complex, during the second part of the Budget Session, in New Delhi, Tuesday, March 9, 2021. (PTI Photo/Vijay Verma)(PTI03_09_2021_000103B)](https://img-mm.manoramaonline.com/content/dam/mm/mo/news/kerala/images/2021/3/19/vayalar-ravi.jpg?w=1120&h=583)
Mail This Article
കൊച്ചി ∙ കേരള രാഷ്ട്രീയത്തിലെ ‘ക്ഷോഭിക്കുന്ന യൗവനം’ വയലാർ രവിയുടെ പാർലമെന്ററി ജീവിതത്തിന് ഇന്ന് സുവർണ ജൂബിലിയുടെ തികവ്. 1971 ൽ ചിറയിൻകീഴിൽ നിന്ന് ആദ്യമായി ലോക്സഭയിലെത്തിയ രവി സത്യപ്രതിജ്ഞ ചെയ്തത് മാർച്ച് 19ന്. ഇടവേളകളോടെയാണെങ്കിലും, കഴിഞ്ഞ 50 വർഷവും ഏതെങ്കിലും നിയമനിർമാണ സഭയിൽ അംഗമായിരുന്നു. അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വ കാലാവധി അടുത്ത മാസം 21നു പൂർത്തിയാകും.
കന്നി മത്സരത്തിൽ പ്രമുഖ നേതാവ് ഡി. ദാമോദരൻ പോറ്റിയെ വീഴ്ത്തി ലോക്സഭയിലെത്തുമ്പോൾ, ആലപ്പുഴ വയലാറിലെ മുക്കംപറമ്പിൽ കൃഷ്‌ണൻ രവീന്ദ്രൻ അഥവാ എം.കെ. രവീന്ദ്രൻ എന്ന വയലാർ രവിക്കു 33 വയസ്സു മാത്രം. മന്ത്രിയും സ്പീക്കറുമൊക്കെയായി നിറഞ്ഞുനിന്നിരുന്ന ദാമോദരൻ പോറ്റിയെ 24,127 വോട്ടുകൾക്കാണു രവിയെന്ന തുടക്കക്കാരൻ തോൽപിച്ചത്.
കേരള സ്റ്റുഡന്റ്സ് യൂണിയനു (കെഎസ്‌യു) ജന്മം നൽകിയ സംഘത്തിലെ പ്രധാനിയായ രവിയുടെ രാഷ്ട്രീയ ജീവിതത്തിലെ കുതിപ്പിന്റെ അടുത്ത ഘട്ടമായിരുന്നു ചിറയിൻകീഴിലെ ഈ തകർപ്പൻ ജയം. തൊട്ടടുത്ത വർഷം, 1972 ൽ കൊൽക്കത്തയിൽ നടന്ന എഐസിസി സമ്മേളനത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു; സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം.
കെഎസ്‌യുവിന്റെ ആദ്യ ജനറൽ സെക്രട്ടറിയും പിന്നീടു പ്രസിഡന്റുമായ രവി ‘ഒരണ സമര’ത്തിലൂടെയാണ് യുവാക്കളുടെ ആവേശമായത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, അഖിലേന്ത്യാ സെക്രട്ടറി, കോൺഗ്രസ് പ്രവർത്തക സമിതി അംഗം തുടങ്ങിയ നിലകളിലൂടെ പാർട്ടിയിൽ കുതിച്ചുയർന്നതിനൊപ്പം, പാർലമെന്ററി തലത്തിലും വളർന്നു.
ചിറയിൻകീഴിൽ 77ലും ജയം. 80ൽ പരാജയം. നിയമസഭയായിരുന്നു അടുത്ത തട്ടകം. 82 ലും 87 ലും ചേർത്തലയിൽ നിന്നു നിയമസഭാംഗം. കെ.കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രി. ഇടക്കാലത്തു സംഘടനാ രംഗത്തേക്കു ചുവടുമാറ്റം.
1992 ൽ എ.കെ. ആന്റണിയെ തോൽപിച്ചു കെപിസിസി പ്രസിഡന്റായി. 1994 ലാണ് ആദ്യമായി രാജ്യസഭാംഗമാകുന്നത്. 2003 ലും 2015 ലും വീണ്ടും രാജ്യസഭയിൽ. 2002-04 ൽ എഐസിസി ജനറൽ സെക്രട്ടറി. 2006 – 2014 കാലയളവിൽ മൻമോഹൻ സിങ് മന്ത്രിസഭയിൽ പ്രവാസികാര്യ മന്ത്രിയായി. ഇടക്കാലത്തു പലപ്പോഴായി പാർലമെന്ററി കാര്യം, വ്യോമയാനം, ശാസ്‌ത്ര സാങ്കേതികം, സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് എന്നിവയുടെ ചുമതലയും വഹിച്ചു.
വയലാർ രവി
24 വർഷം രാജ്യസഭാംഗം
9 വർഷം ലോക്സഭാംഗം
9 വർഷം നിയമസഭാംഗം
8 വർഷം കേന്ദ്ര
കാബിനറ്റ് മന്ത്രി
4 വർഷം സംസ്ഥാനമന്ത്രി
Content Highlights: Vayalar Ravi political career