ADVERTISEMENT

വടക്കാഞ്ചേരി ∙ കുട്ടിക്കഥകളിലൂടെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അംഗീകാരത്തോളം വളർന്ന എഴുത്തുകാരി സുമംഗല (ലീല നമ്പൂതിരിപ്പാട്–87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി വിശ്രമത്തിലായിരുന്നു. കുമരനെല്ലൂരിൽ മകൻ നാരായണന്റെ വീട്ടിൽ വൈകിട്ട് ആറിനായിരുന്നു അന്ത്യം. സംസ്കാരം ഇന്നു 11നു പാറമേക്കാവ് ശാന്തിഘട്ടിൽ.

1934 മേയ് 16നു പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ പണ്ഡിതനും കവിയുമായ ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെയും കുറൂർ മനയിലെ ഉമ അന്തർജനത്തിന്റെയും മകളായാണ് ജനനം. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കായി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ‘ആശ്ചര്യചൂഡാമണി’ കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. ‘നെയ്പായസ’മെന്ന കൃതിക്കു കേരള സർക്കാരിന്റെ സാമൂഹികക്ഷേമ വകുപ്പ് അവാർഡ് ലഭിച്ചു.

കലാമണ്ഡലത്തിൽ ചാർത്തി, ‘സുമംഗല മുദ്ര’

തൃശൂർ ∙ കലാമണ്ഡലത്തിലും കഥകളിയിലും സുമംഗലയുടെ മുദ്രയുണ്ട്. അറുപതുകളിൽ കലാമണ്ഡലത്തിന്റെ മേന്മ വിദേശത്തേക്കു കൂടി എത്തിക്കുന്നതിൽ രാവും പകലും ഉറങ്ങാതിരുന്നാണു സുമംഗല ആ മുദ്ര ചാർത്തിയത്. കഥകളിയുടെയും ക്ലാസിക്കൽ കലയുടെയും വളർച്ചയിൽ തണൽ വിരിച്ച കലാകാരിയല്ലാത്ത അപൂർവം വനിതകളിൽ ഒരാൾ.

അറുപതുകളുടെ തുടക്കത്തിലാണു സുമംഗല കലാമണ്ഡലത്തിലേക്ക് എത്തിയത്. പരമ്പരാഗത രീതിയിൽ മാത്രം നടന്ന കലാമണ്ഡലത്തെ മാധ്യമങ്ങളിലൂടെ വിപുല ലോകങ്ങളിലേക്ക് എത്തിക്കാനുള്ള ആദ്യ ചുവടായിരുന്നു ഇത്. ഒളപ്പമണ്ണ ഒ.എം.സി. നമ്പൂതിരിപ്പാടിന്റെ മകളായ സുമംഗലയെ വിവാഹം ചെയ്തതു ദേശമംഗലത്തേക്കാണ്. രണ്ടു തറവാടുകളും കഥകളിയുടെയും ക്ലാസിക്കൽ കലയുടെയും അരങ്ങുകൾ. ഒളപ്പമണ്ണ മന മറ്റൊരു കലാമണ്ഡലം പോലെയായിരുന്നു. അവിടെ കഥകളി കണ്ടും കേട്ടുമാണു സുമംഗല വളർന്നത്. അതുകൊണ്ടുതന്നെ കലാമണ്ഡലത്തിലുണ്ടായിരുന്ന കഥകളി രംഗത്തെ മഹാരഥന്മാരായ നീലകണ്ഠൻ നമ്പീശൻ, രാമൻകുട്ടി നായർ, പത്മനാഭൻ നായർ, കൃഷ്ണൻ കുട്ടി പൊതുവാൾ, അപ്പുക്കുട്ടി പൊതുവാൾ തുടങ്ങിയവരുമായി നേരത്തെ തന്നെ അടുത്തബന്ധമുണ്ടായിരുന്നു.

കലാമണ്ഡലം തേടിവരുന്ന വിദേശ വിദ്യാർഥികളുടെ ചുമതല സുമംഗലയ്ക്കായിരുന്നു. അവരിലൂടെ സുമംഗല കലാമണ്ഡലത്തിനു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കിളിവാതിലുകൾ തുറന്നു. രാജ്യത്തെ വിവിധ കലാ കേന്ദ്രങ്ങളുമായി കലാമണ്ഡലത്തെ കൂട്ടിയിണക്കി. കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വിനിമയ പരിപാടിയിൽ കലാമണ്ഡലം സ്ഥിരം വേദിയായതും സുമംഗലയുടെ കഠിനാധ്വാനത്തിലൂടെയാണ്.

അതുവരെ കലാമണ്ഡലത്തിനു ലിഖിതമായ ചരിത്രമില്ലായിരുന്നു. ആയിരക്കണക്കിനു രേഖകൾ അന്വേഷിച്ചെടുത്തു സുമംഗല കലാമണ്ഡലത്തിന്റെ ചരിത്രമെഴുതി. എല്ലാംകൊണ്ടും ഇതു കലാമണ്ഡലത്തിന്റെ ആധികാരിക ചരിത്രമായിരുന്നു. വിദേശ മാധ്യമങ്ങൾക്കു കുറിപ്പുകൾ നൽകി സുമംഗല കലാമണ്ഡലത്തിന്റെ ഓരോ വിദേശ യാത്രയും ചരിത്രമാക്കി. അതു കലാമണ്ഡലത്തെ സാമ്പത്തികമായും ഏറെ സഹായിച്ചു. സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലിഷിലുമുണ്ടായിരുന്ന അറിവാണു സുമംഗലയെ സഹായിച്ചത്.

വിദ്യാർഥികളുടെ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന സുമംഗല അതു ചിട്ടപ്പെടുത്തി കൂടുതൽ പ്രതിഭകളെ കലാമണ്ഡലത്തിലെത്തിച്ചു.

Content Highlights: Sumangala passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com