അന്നദാനത്തെ അന്നപ്രസാദമാക്കിയ പ്രയാർ

Mail This Article
കൊല്ലം∙ അന്നദാനത്തെ അന്നപ്രസാദമാക്കിയ ദേവസ്വം ബോർഡ് പ്രസിഡന്റ് ആണ് പ്രയാർ ഗോപാലകൃഷ്ണൻ. ഭക്തരുടെ തൃപ്തി ക്ഷേത്രത്തിന്റെ ശുദ്ധി എന്നതായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം. ശബരിമല ഉൾപ്പെടെ ദേവസ്വം ബോർഡിന്റെ എല്ലാ ക്ഷേത്രങ്ങളിലെയും അന്നദാനം അന്നപ്രസാദം എന്ന് പേരിലാക്കി മാറ്റിയതു പ്രയാർ ആണ്. ശബരിമലയിലെ ഉൽസവത്തോടനുബന്ധിച്ചു പമ്പയിൽ നടക്കുന്ന ആറാട്ടിനു യുവതികളായ സ്‌ത്രീകൾ എത്തുന്നതു ദേവഹിതത്തിന് എതിരായതിനാൽ കർശനമായി തടയുമെന്നും പ്രസിഡന്റ് ആയിരുന്നപ്പോൾ പ്രയാർ നിലപാട് എടുത്തു. സ്‌ത്രീകൾക്ക് സർവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ ദർശിക്കുന്നതിനു പെരിനാട് കക്കാട്ട് കോയിക്കൽ ധർമശാസ്‌താ ക്ഷേത്രത്തിൽ സൗകര്യമൊരുക്കി. ശബരിമല ക്ഷേത്രത്തിന്റെ പേരു 'സ്വാമി അയ്യപ്പൻ ക്ഷേത്രം' എന്നാക്കി മാറ്റാനും പ്രയാർ പ്രസിഡന്റ് ആയിരിക്കെ ബോർഡ് തീരുമാനം എടുത്തിരുന്നു.
ശബരിമല: സുപ്രീം കോടതി വരെ നീണ്ട പോരാട്ടം
കൊല്ലം ∙ ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിക്കെതിരെ പ്രയാറിന്റെ പോരാട്ടം സുപ്രീം കോടതി വരെ നീണ്ടു. കോൺഗ്രസ് നേതാവും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഭിഷേക് സിങ്‌വിയാണ് പ്രയാറിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്. സമരമുഖത്തും സജീവമായിരുന്നു പ്രയാർ.
ധരിക്കുന്ന വസ്ത്രത്തിന്റെ വെൺമ പോലെയായിരുന്നു. ജീവിതവും അഴിമതിയുടെ കറ അൽപം പോലും ആ ജീവിതത്തിൽ പുരണ്ടിട്ടില്ല. അതേ സമയം നിലപാടുകൾ ഉറച്ചു നിൽക്കുകയും ചെയ്യും. പതറാതെ, ആരുടെ മുന്നിലും അഭിപ്രായം പറയുമായിരുന്നു. പ്രയാറിന്റെ കാലത്താണു തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാന്റെ കാലാവധി 2 വർഷമായി വെട്ടിക്കുറച്ചത്. അതുവരെ മൂന്നു വർഷമായിരുന്നു, മണ്ഡലകാല വിലയിരുത്തലിന് പമ്പയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, തിരക്ക് ഒഴിവാക്കാൻ വർഷം മുഴുവൻ ഭക്തർക്ക് ശബരിമല ദർശനത്തിന് അനുമതി നൽകണമെന്ന് നിർദേശിക്കുകയുണ്ടായി. അതു കഴിയില്ലെന്ന് അതേ വേദിയിൽ പ്രയാർ തുറന്നടിച്ചത് അന്നു ചർച്ചയായിരുന്നു. തുടർന്നാണു ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാലാവധി 2 വർഷമായി വെട്ടിച്ചുരുക്കി ഓർഡിനൻസ് ഇറക്കിയത്.
സന്നിധാനത്തേക്കു വെള്ളം എത്തിക്കുന്ന കുന്നാർ തടയണ ദേവസ്വം ബോർഡ് ചീഫ് എൻജിനീയറെയും കൂട്ടി സന്ദർശിച്ചതും വിവാദമായിരുന്നു. ഇതിന് ചീഫ് എൻജിനീയർക്ക് വനം വകുപ്പ് നോട്ടിസ് നൽകി. അഞ്ചു പേരിൽ കൂടുതൽ കുന്നാറിലേക്കു പോയതും ഫോട്ടോയും വിഡിയോയും എടുത്തതും കുറ്റകരമാണെന്നും കാണിച്ചാണ് നോട്ടിസ് നൽകിയത്.
Content Highlight: Prayar Gopalakrishnan