വിദ്യാർഥിനികളുടെ ഉൾവസ്ത്രം അഴിപ്പിച്ച് പരിശോധന: 5 സ്ത്രീകൾ അറസ്റ്റിൽ
![college-protest college-protest](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2022/7/19/college-protest.jpg?w=1120&h=583)
Mail This Article
കൊല്ലം ∙ മെഡിക്കൽ പ്രവേശനപരീക്ഷ ‘നീറ്റ്’ എഴുതാനെത്തിയ വിദ്യാർഥിനികളുടെ ഉൾവസ്ത്രം ലോഹക്കൊളുത്ത് ഉണ്ടെന്ന പേരിൽ അഴിപ്പിച്ച കേസിൽ 5 സ്ത്രീകൾ അറസ്റ്റിൽ. കോളജിലെ ശുചീകരണ ജീവനക്കാർ ഉൾപ്പെടെയാണിത്. ഇന്നലെ 4 വിദ്യാർഥിനികൾ കൂടി പരാതി നൽകി.
പരീക്ഷാ കേന്ദ്രമായിരുന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ ശുചീകരണ ജീവനക്കാരായ എസ്.മറിയാമ്മ (46), കെ.മറിയാമ്മ (45), പരിശോധനാ ഡ്യൂട്ടിക്കു സ്വകാര്യ ഏജൻസി വഴിയെത്തിയ ഗീതു (27), ബീന (34), ജ്യോത്സ്ന ജ്യോതി (21) എന്നിവരെയാണു ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനുമാണ് കേസ്.
അറസ്റ്റിലായ ജ്യോത്സ്നയുടെ പിതാവ് ജോബി ജീവൻ ആണു ദേഹപരിശോധന ഉൾപ്പെടെയുള്ളവയുടെ ഉപകരാർ എടുത്തതത്രേ. ആയൂർ കുഴിയത്ത് ബേക്കറി നടത്തുന്ന ജോബി, ദേഹപരിശോധനയ്ക്കും മറ്റുമായി 15 ജീവനക്കാരെയാണു നിയോഗിച്ചത്. അറസ്റ്റിലായവർ വിദ്യാർഥിനികളുടെ വസ്ത്രങ്ങൾ അഴിച്ചു പരിശോധന നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ ഡിഐജി പരിശോധിച്ചു.
English Summary: Kollam NEET Exam Controversy: Police Probe