'ആപത്ത് വരുന്നു, ആളുകളോട് പറയാതെ വയ്യ': സി.രാധാകൃഷ്ണൻ
Mail This Article
Q കേന്ദ്ര സാഹിത്യ അക്കാദമിയിൽ മുൻപ് രാഷ്ടീയവൽക്കരണമുണ്ടായിട്ടില്ലേ?
A സ്വതന്ത്രമായ സ്വയംഭരണമാണു കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രത്യേകത. മന്ത്രിമാരോ രാഷ്ട്രീയനേതാക്കളോ കേന്ദ്ര സാഹിത്യ അക്കാദമി പരിപാടികളിൽ പങ്കെടുക്കാറില്ല. രാഷ്ട്രപതി എസ്.രാധാകൃഷ്ണനും പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവുമെല്ലാം പങ്കെടുത്തിരുന്നത് എഴുത്തുകാരെന്ന നിലയിലാണ്
Q അക്കാദമിയിലെ രാഷ്ട്രീയത്തോട് മുൻപ് എതിർപ്പറിയിച്ചിട്ടുണ്ടോ?
A 2014 മുതൽ 5 വർഷത്തേക്കു ഞാൻ നിർവാഹക സമിതിയിലുണ്ടായിരുന്നു. അപ്പോഴെല്ലാം അവാർഡ് നിർണയത്തിലും മറ്റും രാഷ്ട്രീയ ഇടപെടലിനു ശ്രമമുണ്ടായി. ഞാനടക്കമുള്ള അംഗങ്ങൾ ശക്തമായി എതിർത്തു. കഴിഞ്ഞതവണ അക്കാദമി തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായ ഇടപെടലുണ്ടായി. മത്സരരംഗത്തുണ്ടായിരുന്ന ഞാൻ ഇതുമൂലം പിന്മാറാൻ ശ്രമിച്ചു. ഒടുവിൽ എന്നെ പിന്തുണയ്ക്കുന്നവരുടെ നിർബന്ധത്തിനു വഴങ്ങി. തിരഞ്ഞെടുപ്പിൽ ഒരു വോട്ടിനു തോറ്റു.
Q രാജിയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ലേ?
A അക്കാദമി മാത്രമാണു സ്വതന്ത്ര സ്വഭാവമുള്ള സ്ഥാപനമായി ശേഷിച്ചിരുന്നത്. അതുകൂടി പോകുമെന്നാണു തോന്നുന്നത്. രാജിയിലൂടെ മാത്രമേ എനിക്കു പ്രതിഷേധിക്കാനാകൂ. അതല്ലാതെ തെരുവിൽ പ്രസംഗിക്കാനോ മുദ്രാവാക്യം വിളിക്കാനോ ഒന്നും പറ്റില്ലല്ലോ? അതെന്റെ രീതിയുമല്ല. പക്ഷേ, ഇത്തരമൊരു ആപത്തുവരുന്ന കാര്യം നാട്ടുകാരെ അറിയിക്കുകയും വേണം. അതിനു രാജി മാത്രമാണു മാർഗം.