ADVERTISEMENT

ഒൻപതു ദിവസമായി പശ്ചിമഘട്ടത്തിലെ ഷിരൂർ മലനിരകളിലേക്ക് ശ്രദ്ധിച്ച് കേരളം മുഴുവൻ ആശങ്കയോടെ ചോദിച്ച ചോദ്യങ്ങൾക്ക് ഇന്നലെ പാതി ഉത്തരമായി. മലയാളി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഓടിച്ച ലോറി ഗംഗാവലി പുഴയിലെ മണ്ണിനടിയിൽ ഉണ്ടെന്ന് വ്യക്തമായി. ഇനി ചോദ്യം അർജുൻ എവിടെ എന്നതാണ്. അതിനുള്ള ഉത്തരം ഇന്നു ലഭിക്കുമെന്നാണു പ്രതീക്ഷ.

ലോറി പുഴയിൽ നിന്ന് ഇന്നു പുറത്തെടുക്കാനാവുമെന്നാണ് കരുതുന്നത്. ഇതിനായി സൈന്യം വിവിധ ഉപകരണങ്ങൾ രാത്രിയോടെ സ്ഥലത്തെത്തിച്ചു. കരയിൽ നിന്ന് 20 മീറ്റർ അകലെ 5 മീറ്റർ ആഴത്തിൽ ലോറി ഉണ്ടെന്നും അത് അർജുൻ ഓടിച്ചതു തന്നെയാണെന്നും സ്ഥിരീകരിച്ചു. അടുത്തെത്താൻ നാവികസേനാ സംഘവും മുങ്ങൽ വിദഗ്ധരും ശ്രമിച്ചെങ്കിലും കനത്ത മഴയും പുഴയിലെ അടിയൊഴുക്കും തടസ്സമായി.

ദേശീയപാതയിലേക്ക് ഇടിഞ്ഞു വീണ ഷിരൂർ കുന്നിലും ഗംഗാവലി പുഴയിലും റഡാറും മണ്ണുമാന്തിയും അടക്കമുള്ള ഉപകരണങ്ങളുപയോഗിച്ച് ഒരാഴ്ചയിലേറെയായി തിരച്ചിൽ നടത്തുകയായിരുന്നു. അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടർ, ഫെറക്സ് ലൊക്കേറ്റർ അടക്കമുള്ളവ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇന്നലെ ലോറി കണ്ടെത്തിയത്. 

കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ആണ് വൈകിട്ട് 3.25ന് ലോറി കണ്ടെത്തിയത് സ്ഥിരീകരിച്ചത്. ഇന്ന് ലോറിയുടെ അടുത്തെത്താനും അതു പുറത്തെടുക്കാനുമുള്ള ശ്രമമാകും സൈന്യം നടത്തുക. രക്ഷാപ്രവർത്തന സ്ഥലത്തേക്ക് ഇന്നു സൈന്യത്തിനു മാത്രമാണ് പ്രവേശനം. 

അർജുൻ പുറത്തിറങ്ങിയോ...?

മണ്ണിടിച്ചിൽ സമയത്ത് അർജുൻ ലോറിയുടെ കാബിനുള്ളിൽ ഉറങ്ങുകയായിരുന്നു എന്നാണ് ഇപ്പോൾ കരുതുന്നത്. അങ്ങനെയെങ്കിൽ ലോറിക്കൊപ്പം അർജുനും മണ്ണിടിച്ചിലിൽ നദിയിൽ വീണിട്ടുണ്ടാവും. ലോറി എൻജിൻ ഓൺ ചെയ്തു വച്ച് ചായ കുടിക്കാൻ പുറത്തിറങ്ങിയ സമയത്താണ് അപകടമെങ്കിൽ പുഴയിലേക്ക് ഒലിച്ചുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇനിയുള്ള നടപടികൾ

∙ കുത്തൊഴുക്കുള്ള പുഴയിൽ ലോറി ഉറപ്പിച്ചു നിർത്തണം

∙ ലോറി കരയിലേക്കു ബന്ധിപ്പിക്കണം

∙ ഉള്ളിൽ അർജുൻ ഉണ്ടോ എന്നു കണ്ടെത്തണം. 

∙ ലോറി പുറത്തെത്തിക്കണം. 

വെല്ലുവിളി

∙ പ്രദേശത്ത് ശക്തമായ മഴ തുടരുന്നു. നദിയിൽ വലിയ കുത്തൊഴുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com