ADVERTISEMENT

ആലപ്പുഴ ∙ ഭക്ഷ്യസുരക്ഷയില്ലാത്ത ലോകത്ത് മറ്റൊരു സുരക്ഷയും ഉണ്ടാകില്ലെന്നു പഠിപ്പിച്ച, കുട്ടനാടിന്റെ പുത്രനും ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്.സ്വാമിനാഥൻ വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില മുഹൂർത്തങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു സഹഗവേഷകനും ശിഷ്യനുമായ ഡോ.കെ.ജി.പത്മകുമാർ.

∙ 1970ൽ നൊബേൽ സമ്മാനം നേടിയ ഡോ. നോർമൻ ബോർലോഗ്, ഡോ.‌സ്വാമിനാഥന് ഒരു കത്തെഴുതി; തനിക്കു കിട്ടിയ അംഗീകാരത്തിന്റെ യഥാർഥ അവകാശി സ്വാമിനാഥനാണ് എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. താൻ വികസിപ്പിച്ച മെക്സിക്കൻ കുറിയ ഗോതമ്പിന്റെ സാധ്യത ആദ്യം കണ്ടെത്തിയതു സ്വാമിനാഥനാണ്; അതു സംഭവിച്ചില്ലായിരുന്നെങ്കിൽ ഏഷ്യയിൽ ഹരിതവിപ്ലവം സാധ്യമാകില്ലായിരുന്നുവെന്നു കൂടി ‍ഡോ. നോർമൻ എഴുതി.

∙ പുത്തൻ പദങ്ങൾ പ്രയോഗിക്കുന്നതിൽ വലിയ സിദ്ധിയുണ്ടായിരുന്നു സ്വാമിനാഥന്. അതിൽ മിക്കവയും പിന്നീടു സർവസ്വീകാര്യമായി; ഇക്കോ ടെക്നോളജി, ടെക്നോക്രസി, ടെക്നിറസി (ടെക്നിക്കൽ ലിറ്ററസിയുടെ ചുരുക്കം), ക്ലൈമറ്റ് റെഫ്യൂജീസ്, ക്ലൈമറ്റ് മൈഗ്രന്റ്സ്, ജോബ് ലോസ് അഗ്രികൾചർ, ജോബ് ലെഡ് അഗ്രികൾചർ തുടങ്ങിയവ ഉദാഹരണം.

∙ 1949ൽ യുനെസ്കോ ഫെലോഷിപ് നേടി നെതർലൻഡ്സിലെ വാഗെനിഞ്ജൻ സർവകലാശാലയിൽ സ്വാമിനാഥൻ പഠിക്കാൻ പോയപ്പോഴുള്ളതാണ് ഈ അനുഭവം. മുംബൈയിൽ നിന്നു കപ്പലിലാണു 18 ദിവസത്തെ യാത്ര. ഇംഗ്ലണ്ടിലെത്തി അവിടെ നിന്നു ട്രെയിനിൽ നെതർലൻഡ്സിലേക്ക്. സ്വാമിനാഥൻ മാത്രമാണ് ആ സ്റ്റേഷനിൽ ഇറങ്ങിയത്. വലിയ ലഗേജുണ്ട്. ഒരു പോർട്ടറെയും കാണാനില്ല. അപ്പോൾ, ഒരു വയോധികൻ എത്തി. ഒന്നും പറയാതെ അദ്ദേഹം ലഗേജ് എടുത്തു വാഹനത്തിൽ വച്ചു. കൂലി കൊടുക്കാൻ സ്വാമിനാഥൻ പഴ്സ് എടുത്തപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ ഡോ. ധോർസ്റ്റ്, ജെനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ് വിഭാഗം പ്രഫസർ. സ്വാമിനാഥൻ ഞെട്ടി. ഇദ്ദേഹത്തിനു കീഴിൽ ഗവേഷണത്തിനാണു താൻ എത്തിയിരിക്കുന്നത്.

∙ കേംബ്രിജിൽ നിന്നു ജനിതക ശാസ്ത്രത്തിൽ ഡോക്ടറേറ്റും വിസ്കോസിനിൽ നിന്നു ഫെലോഷിപ്പും നേടിയ സ്വാമിനാഥന്റെ ഗവേഷണ മികവു കണ്ട് അധികൃതർ അവിടെ ജോലി വാഗ്ദാനം ചെയ്തു.     അദ്ദേഹത്തിന്റെ മറുപടി: ഞാൻ അമേരിക്കയിൽ വന്നത് ജോലി തേടിയല്ല. തിരികെപ്പോയി എന്റെ രാജ്യത്തെ സേവിക്കാൻ അവസരമുണ്ടാകുമെന്ന വിശ്വാസത്തിലാണ്.

English Summary:

One Year Since Dr. M. S. Swaminathan, Green Revolution Pioneer, Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com